ആൻഡമാനിലെ സെന്റിനൽ എന്നു കൊച്ചു ദീപിലേക്കാണ് ഇപ്പോൾ ലോകത്തിന്റെ കണ്ണ്. 27 കാരനായ യുഎസ് പൗരൻ ജോൺ അലൻ ചൗ എന്ന യുവാവിന്റെ മൃതദേഹം ആ ദ്വീപിലെ മണ്ണിൽ ജീർണിച്ചു കിടക്കുകയാണ്. ദ്വീപിലെ ഗോത്രവർഗക്കാരുടെ അമ്പേറ്റാണ് അലൻ കൊല്ലപ്പെടുന്നത്. എന്തു വില കൊടുത്തും മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. എന്നാൽ അതത്ര എളുപ്പമുള്ള ജോലിയല്ല.

ആൻഡമാൻ നിക്കോബാർ ഐലൻഡ് പൊലീസ് കഴിഞ്ഞ ദിവസം ദ്വീപ് തീരത്തിന്റെ 400 മീറ്റർ അടുത്ത് വരെയെത്തി. എന്നാൽ മുന്നോട്ടു അധികം പോകാനായില്ല. അമ്പും വില്ലുമേന്തി ഗോത്രവർഗക്കാരെ ബൈനോക്കുലറിലൂടെ വളരെ ദൂരെ നിന്നേ കാണാനായെന്ന് പൊലീസ് ചീഫ് ദിപേന്ദ്ര പഥക് വാർത്താ ഏജൻസികളോടു പറഞ്ഞു. അവർ തങ്ങളെ തുറിച്ചു നോക്കി നിന്നു. ഇനിയും അവിടെ തുടർന്നാൽ ഒരു പക്ഷെ അവർ ആക്രമിച്ചേക്കാം. അതോടെ പിൻവാങ്ങാൻ തീരുമാനിച്ചു– ദിപേന്ദ്ര പറഞ്ഞു.

മതപ്രചാരണത്തിനായാണ് അലൻ ദ്വീപിലെത്തിയത്. കൊലപ്പെട്ട ജോണ്‍ അലന്‍ ചോയുടെ മൃതദേഹം അടക്കം ചെയ്ത് സ്ഥലത്തെ കുറിച്ച് സൂചന ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇയാളെ ദ്വീപിലേക്ക് കടക്കാന്‍ സഹായിച്ച മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് സ്ഥലത്തെക്കുറിച്ച് ഏകദേശസൂചന ലഭിച്ചത്

ജോണിന്‍റെ മൃതദേഹം ആദിവാസികള്‍ വലിച്ചു കൊണ്ടു വരുന്നത് നേരിട്ടു കണ്ട മത്സ്യത്തൊഴിലാളികള്‍ ആ സ്ഥലം തിരിച്ചറിഞ്ഞിട്ടുണ്ട്. മരണം കൈകാര്യം ചെയ്യുന്നതിന് ഏതൊരു സാമൂഹിക വിഭാഗത്തിനും സ്വന്തമായ രീതികളും ആചാരങ്ങളുമുണ്ടാവും. നോര്‍ത്ത് സെന്‍റിനല്‍ ദ്വീപ് നിവാസികള്‍ ഒരു മൃതദേഹം അതും പുറത്ത് നിന്നും വരുന്ന ഒരാളുടെ മൃതദേഹം എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെക്കുറിച്ച് പഠിക്കാനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറയുന്നു.

കൊലപ്പെടുത്തിയവരുടെ മൃതദേഹം ആദ്യം കുഴിച്ചിടുന്ന നോര്‍ത്ത് സെന്‍റിനല്‍ ദ്വീപുകാര്‍ അല്‍പ ദിവസങ്ങള്‍ക്ക് ശേഷം അതു പുറത്തെടുക്കും എന്നാണ് ചില നരവംശവിദഗ്ദ്ധരുടെ അഭിപ്രായം. ഇങ്ങനെ പുറത്തെടുക്കുന്ന മൃതദേഹം മുളയില്‍ കുത്തി തീരത്ത് പ്രദര്‍ശിപ്പിക്കും. ദ്വീപിലേക്ക് അതിക്രമിച്ചു കയറുന്നവര്‍ക്കുള്ള മുന്നറിയിപ്പ് എന്ന തരത്തിലാണ് ഇങ്ങനെ ചെയ്യുന്നത്.

2006-ല്‍ ബോട്ട് തകര്‍ന്ന് ദ്വീപിലെത്തിയ രണ്ട് മത്സ്യത്തൊഴിലാളികളെ നോര്‍ത്ത് സെന്‍റിനല്‍ ദ്വീപുകാര്‍ വധിച്ചിരുന്നു. ഇവരുടെ മൃതദേഹം വീണ്ടെടുക്കാന്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ ശ്രമങ്ങള്‍ ഇവര്‍ തടയുകയും തിരച്ചിലിന് പോയ ഹെലികോപ്ടറിനും കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും നേരെ അമ്പെയ്യുകയും ചെയ്തിരുന്നു. അന്ന് അതിസാഹസികമായി ദ്വീപിലിറങ്ങിയ കമാന്‍ഡന്‍റെ പ്രവീണ്‍ ഗൗറിന്‍റെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാര്‍ഡ് സംഘം തീരത്ത് മത്സ്യത്തൊഴിലാളികളുടെ കുഴിമാടം കണ്ടെത്തുകയും അതിലൊന്ന് കുഴിച്ച് ഒരാളുടെ മൃതദേഹം വീണ്ടെടുക്കുകയും ചെയ്തിരുന്നു