കൊല്ലം: ശ്രീജിത്തിന്റെ സമരം മുതലെടുക്കാന്‍ ശ്രമിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡിന്റെ വീടിന് നേരെ കല്ലേറ്. ഇക്കാര്യം ആന്‍ഡേഴ്‌സണ്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. തന്റെ വീട്ടുകാരെ ഉപദ്രവിക്കരുതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ആന്‍ഡേഴ്‌സണ്‍ പറയുന്നു.

നേരത്തെ രമേശ് ചെന്നിത്തല സമരപ്പന്തലിലെത്തി ശ്രീജിത്തിനെ കാണുകയും നിയമ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സമരത്തിന് മുന്‍പ് ചെന്നിത്തലയെ ശ്രീജിത്തിനൊപ്പം പോയി കണ്ടെതായി ആന്‍ഡേഴ്‌സണ്‍ പറയുന്നു. അന്ന് തങ്ങളെ പരിഹസിക്കുകയാണ് ചെന്നിത്തല ചെയ്തതെന്നും ആന്‍ഡേഴ്‌സണ്‍ ആരോപിച്ചു. ശ്രീജിത്തിന്റെ കാര്യം സംസാരിക്കാന്‍ നിങ്ങളാരാണെന്ന് ചോദിച്ച ചെന്നിത്തലയോട് ഞാന്‍ പൊതുജനമാണെന്ന് മറുപടി പറഞ്ഞ ആന്‍ഡേഴ്‌സണിന്റെ വാക്കുകള്‍ക്ക് നവ മാധ്യമങ്ങളില്‍ വന്‍ അംഗീകാരമാണ് ലഭിച്ചത്.

കല്ലുകള്‍ എറിയുന്നവരുടെ ശ്രദ്ധയ്ക്ക് നിങ്ങള്‍ എന്നെ എറിയുക, ഇരുട്ടിന്റെ മറവില്‍ വീടിനും വീട്ടുകാര്‍ക്കും എതിരേ എറിയുന്നത് ഭീരുത്വമാണെന്ന് ആന്‍ഡേഴ്‌സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. കെഎസ്യു പ്രവര്‍ത്തകന്‍ ശ്രീദേവ് സോമന്‍ ഫേസ്ബുക്കില്‍ ‘കുന്നത്തൂരിലെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ആന്‍ഡേഴ്‌സണെ രാഷ്ട്രീയമായി നേരിടും’ എന്ന് ആഹ്വാനം ചെയ്തതിന് ശേഷമാണ് ആന്‍ഡേഴ്‌സന്റെ വീടിനുനേരെ കല്ലേറുണ്ടായിരിക്കുന്നത്. തന്റെ അനുജന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയേറ്റ് പടിക്കല്‍ ആരംഭിച്ച സമരം 767 ദിവസങ്ങള്‍ പിന്നിട്ടു.