ശബരിമല കയറാൻ ആന്ധ്രയിൽ നിന്നെത്തിയ രണ്ട് യുവതികളെയും മടക്കിയയച്ചു. ആചാരങ്ങളും ഇവിടുത്തെ പ്രശ്നങ്ങളും അറിയാതെ എത്തിയവരാണ് ഇവരെന്ന് ഐജി ശ്രീജിത്ത് അറിയിച്ചു.

മല കയറണമെന്നുണ്ടെങ്കില്‍ സംരക്ഷണം നല്‍കാമെന്ന് ഇവരെ പൊലീസ് അറിയിച്ചെങ്കിലും ആചാരങ്ങൾ ലംഘിച്ച് മലചവിട്ടാൻ താൽപര്യമില്ലെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. യുവതികളെ നിലയ്ക്കലിലേക്ക് മാറ്റി. മടങ്ങിപ്പോകാൻ തയാറാണെന്ന് പൊലീസിനെ ഇവർ അറിയിച്ചു. കുടുംബത്തോടൊപ്പം പല തീർഥാടന കേന്ദ്രങ്ങളും സന്ദർശിച്ച ശേഷമാണ് 40 അംഗ സംഘത്തില്‍പ്പെട്ട ഇവർ ശബരിമലയിൽ എത്തുന്നത്. വാസന്തി(41) ആദിശേഷി(42) എന്നിവരാണ് മലകയറിയത്. ഇരുവരും ഗുണ്ടൂര്‍ സ്വദേശികളാണ്.

നീലിമലയില്‍ വച്ച് ഭക്തര്‍ ശരണംവിളികളോടെ ഇവരെ തടയുകയായിരുന്നു. പമ്പയില്‍ നിന്ന് ഇവര്‍ മലകയറുന്നത് ആദ്യം പൊലീസിന്‍റെ ശ്രദ്ധയില്‍ പെട്ടില്ല. അതിനാല്‍ ഇവര്‍ക്ക് സുരക്ഷയുമില്ലായിരുന്നു. പ്രതിഷേധം കണ്ടതോടെയാണ് പൊലീസ് ഇടപെട്ട് തിരിച്ചെത്തിച്ചത്. ഇനിയും സ്ത്രീകൾ ദർശനത്തിന് എത്തിയാൽ സുരക്ഷയൊരുക്കൽ പൊലീസിന് വെല്ലുവിളിയാണ്. എന്നിരുന്നാലും കഴിയുന്ന രീതിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കുമെന്ന് ഐ.ജി ശ്രീജിത്ത് അറിയിച്ചു. എന്നാൽ അത് വിശ്വാസികളെ അവഗണിച്ചുകൊണ്ടായിരിക്കില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

തുലാമാസ പൂജയ്്ക്കു ശേഷം നാളെ നട അടയ്ക്കാനിരിക്കെ സന്നിധാനത്ത് സുരക്ഷ ശക്തമാക്കി. കൂടുതൽ യുവതികൾ എത്തിയേക്കാമെന്ന പ്രചാരണം ശക്തമായി നിലനിൽക്കുന്നുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. . യുവതികളെത്തിയാൽ അവരുടെ പശ്ചാത്തലം കൂടി പരിശോധിച്ച ശേഷം സുരക്ഷ ഒരുക്കിയാൽ മതിയെന്നാണ് പൊലീസിന്റെ തീരുമാനം.

അതേസമയം പ്രവേശനം തടയുകയെന്ന ലക്ഷ്യത്തോടെ സന്നിധാനത്തും ശരണപാതകളിലും പ്രതിഷേധക്കാരും കൂടുതലായി തമ്പടിച്ചിട്ടുണ്ട്. വനത്തിലും ഇവർ തമ്പടിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി. ഇതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് വനത്തിൽ പരിശോധന നടത്തും.

ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങളും നടപടികളും സംബന്ധിച്ച് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് നടയടച്ചശേഷം പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബഹ്‌റ. പൊലീസിനെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ സമയമാണ്. ഏറ്റവും മികച്ച ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സുരക്ഷാ സംവിധാനങ്ങൾ പൂർണ സജ്ജമാണെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു.