അന്ധരായ രണ്ടു ഇന്ത്യൻ യുവ സംഗീതജ്ഞർക്ക് യുകെയിലേക്ക് പ്രവേശനം നിഷേധിച്ച് ആഭ്യന്തര ഭരണ കാര്യാലയം. സ്കോട്ടിഷ് ചാരിറ്റിയായ പാരഗൺ മ്യൂസിക് നടത്താനിരുന്ന രണ്ടു ആഴ്ചത്തെ കൾച്ചറൽ എക്സ്ചേഞ്ചിൽ ആണ് ഇന്ത്യക്കാരായ 19 വയസ്സുള്ള ജ്യോതി കലൈസെൽവിയും (വയലിനിസ്റ്റ് ) 25 വയസ്സുള്ള പ്രേം ഭഗവാൻ നാഗരാജുവും (കീബോർഡിസ്റ്റ് ) പങ്കെടുക്കേണ്ടിയിരുന്നത്. ശനിയാഴ്ച ചെന്നൈയിൽ നിന്നും വിസിറ്റിംഗ് വിസ വഴി പോകാനിരിക്കെയാണ് ഇവർക്കെതിരെയുള്ള ആഭ്യന്തര ഭരണ കാര്യാലയത്തിന്റെ ഈ നടപടി. ഇവർക്ക് രണ്ടു പേർക്കും ഇന്ത്യയുമായി മതിയായ ബന്ധമില്ലെന്നും അതിനാൽ അവർ യു കെ വിടില്ലെന്നുമാണ് അഭ്യന്തര കാര്യാലയം നൽകുന്ന വിശദീകരണം. എന്നാൽ ഇവരുടെ കൂടെ പോകുവാൻ ഇരുന്ന ചെന്നൈ ദേവസിതം ചാരിറ്റബിൾ ഫൗണ്ടേഷൻ അംഗങ്ങൾക്ക് വിസ നൽകി. യുകെയിൽ പ്രവേശിക്കുന്നതിൽ ഈ രണ്ട് യുവ സംഗീതജ്ഞർക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ ഗവണ്മെന്റിന് എതിരെ പല വിമർശനങ്ങളും ആണ് ഉയർന്നു വരുന്നത്.

2017 ലാണ് യുകെ ഗവൺമെന്റ് ഇങ്ങനെയൊരു കൾച്ചറൽ എക്സ്ചേഞ്ചിന് തുടക്കം കുറിക്കുന്നത്. അംഗവൈകല്യം നേരിടുന്ന കുട്ടികളെ മുന്നോട്ട് കൊണ്ടു വരികയും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ഈയൊരു പരിപാടിയിലെ പ്രധാന ഇനം . പാരഗൺ മ്യൂസിക് ഡയറക്ടർ നിനിയൻ പെറി ഇതൊരു ഞെട്ടിപ്പിക്കുന്ന തീരുമാനമാണെന്ന് പറഞ്ഞു. ഇത് വെളിപ്പെടുത്തുന്നത് ആഭ്യന്തര ഭരണ കാര്യാലയത്തിന്റെ വിവേചന പെരുമാറ്റ രീതിയാണെന്ന് അവർ പറഞ്ഞു. ഇതിനു പിന്നിലെ യുക്തി എന്താണെന്നും പെറി ചോദിക്കുകയുണ്ടായി. “ഞങ്ങൾ ചെന്നൈയ്ക്ക് പോവുകയും അവരെ കണ്ട് പരിശീലനം നൽകുകയും ചെയ്തു. ഈ നല്ല സൗഹൃദം നിലനിർത്തുവാൻ അവരെ ക്ഷണിച്ചു. എന്നാൽ ഗവൺമെന്റിന് ആരെയും വിശ്വാസമില്ല” പെറി കൂട്ടിച്ചേർത്തു.

ദേവസിതം ചാരിറ്റബിൾ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ആൽഫ്രഡ്‌ ബെഞ്ചമിൻ ഇപ്രകാരം പറഞ്ഞു “ഞങ്ങൾ ഏവരും വളരെ ആകാംക്ഷയിലായിരുന്നു. പ്രത്യേകിച്ച് പ്രേമും ജ്യോതിയും. അവർക്ക് ഈ അവസരം ഒരു സ്വപ്നസാക്ഷാത്കാരം പോലെയായിരുന്നു. പക്ഷേ ഈ നടപടി ഞങ്ങൾക്ക് വളരെ വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. പ്രേമിനെയും ജ്യോതിയെയും പറഞ്ഞു മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. സ്കോട്ടിഷ് എംപി ഡെയ്‌ഡ്റി ബ്രോക്കും ഈ നടപടിയെ വിമർശിച്ച് രംഗത്തെത്തി. ഗവൺമെന്റിന്റെ ഈ ഒരു നടപടി മൂലം കൾച്ചറൽ എക്സ്ചേഞ്ച് വേണ്ടെന്ന് വെച്ചിരിക്കുകയാണ്. ഇതുമൂലം ചാരിറ്റിക്ക് ഉള്ള 8000 പൗണ്ടാണ് നഷ്ടമാവുന്നത്. “ആഭ്യന്തര ഭരണ കാര്യാലയത്തിന്റെ ഈ നടപടിയെ മാറ്റാൻ ഞങ്ങളെല്ലാം ചെയ്യുന്നുണ്ട്. പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റാൻ സാധിക്കുമോ എന്നും പാരഗൺ മ്യൂസിക് അന്വേഷിക്കുന്നുണ്ട്.” നിനിയൻ പെറി അറിയിച്ചു. ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ് എത്രയും വേഗം ഇത് അന്വേഷിക്കണമെന്നും ആഭ്യന്തര ഭരണ കാര്യാലയത്തിന്റെ ഈ തീരുമാനം മാറ്റുവാൻ ശ്രമിക്കണമെന്നും എസ് എൻ പി എംപി അലിസൺ തെവ്ലിസ് അഭിപ്രായപ്പെട്ടു. ഇത്തരം ഒരു ചാരിറ്റി പരിപാടി ഗവണ്മെന്റ് നടത്തുകയും അതിൽ തന്നെ ഇങ്ങനെ വിവേചനം കാണിക്കുകയും ചെയ്യുന്ന രീതി ഒട്ടും ശരിയെല്ലെന്ന് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വിമർശനം ഉയർന്നു .