സാമ്പത്തിക പ്രയാസത്തിൽനിന്നു കരകയറാൻ ആസ്ഥാനം വിൽക്കാനൊരുങ്ങി പ്രമുഖ വ്യവസായി അനിൽ അംബാനി. മുംബൈ സാന്താക്രൂസിലെ ഏഴു ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള റിലയൻസ് സെന്റർ വിൽക്കാനോ വാടകയ്ക്കു നൽകാനോ അനിൽ ശ്രമമാരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയുടെ സമീപത്തെ നാല് ഏക്കറിലാണു ഭീമൻ ആസ്ഥാനം നിർമിച്ചത്. വിൽക്കാൻ‌ സാധിക്കുമെങ്കിൽ 3000 കോടി രൂപയെങ്കിലും ലഭിക്കണമെന്നാണ് അനിൽ ഇടനില സ്ഥാപനങ്ങളെ അറിയിച്ചിരിക്കുന്നത്. സാന്താക്രൂസിലെ ഓഫിസ് ഉപേക്ഷിച്ച് സൗത്ത് മുംബൈയിലെ ബല്ലാഡ് എസ്റ്റേറ്റിലെ റിലയൻസ് സെന്ററിലേക്കു മടങ്ങാനാണ് അംബാനിയുടെ തീരുമാനം.

റിലയൻസ് സാമ്രാജ്യം വിഭജിച്ച 2005 മധ്യത്തിലാണു ബല്ലാഡ് എസ്റ്റേറ്റ് അനിലിന്റെ കൈവശമായത്. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിനെ സജീവമാക്കാനാണ് ആസ്ഥാന ഓഫിസ് കയ്യൊഴിയുന്നതെന്നാണു സൂചന. ഇതിന് 5000 കോടിയിൽ താഴെ മാത്രമാണു കടം. ഇതിലൂടെ ആ കടം വീട്ടാമെന്നാണു കമ്പനി കരുതുന്നത്. അനിൽ അംബാനി ഗ്രൂപ്പിന് ആകെ 75,000 കോടി കടമുണ്ടെന്നാണു പുറത്തുവരുന്ന വിവരം.

സാന്താക്രൂസിലെ ആസ്ഥാനത്തെ ആറു ലക്ഷം ചതുരശ്ര അടിയാണ് വാടകയ്ക്കു നൽകാൻ ഉദ്ദേശിക്കുന്നത്. ആസ്ഥാനത്തിനാകെ 1500–2000 കോടി രൂപയാണു മതിപ്പുവില. 3000 കോടി വരെ കിട്ടുമെന്നാണു പ്രതീക്ഷ. ഇടപാടുകൾക്കായി രാജ്യാന്തര പ്രോപ്പർട്ടി കൺസൾട്ടന്റ് ജെഎൽഎൽ–നെ ആണു റിലയൻസ് നിയമിച്ചിട്ടുള്ളത്.