പുറം മേനി അകം പൊള്ള- കുരുടന്മാര്‍ കണ്ണു തുറക്കട്ടെ

പുറം മേനി അകം പൊള്ള- കുരുടന്മാര്‍ കണ്ണു തുറക്കട്ടെ
September 24 06:44 2018 Print This Article

കാരൂര്‍ സോമന്‍

കേരളത്തില്‍ നിശ്ശബ്ദവും അസ്വസ്ഥജനകവുമായ അനീതികള്‍ നടുക്കുമ്പോള്‍ എഴുത്തുകാര്‍ മൗനം, നിസ്സഹായര്‍ ആകുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്. ചോദ്യങ്ങള്‍ ചോദിക്കാന്‍, വിമര്‍ശനങ്ങള്‍ നടത്താന്‍ നൂറു നൂറു നാവുകളാണ്. ഒരു ഭാഗത്തു കുരിശിന്റെ കിരീടം മറുഭാഗത്ത് അധികാരണത്തിന്റെ ചെങ്കോല്‍. അധികാരികള്‍ക്ക് ഇന്ത്യയില്‍ ചികിത്സ കിട്ടില്ലേ പിന്നെ എന്തിനവര്‍ വിദേശത്തേക്ക് പറക്കുന്നു? വീടും കുടുംബവും വീട്ടു സേവനത്തിനെത്തുന്ന പാവം കന്യാസ്ത്രീകളെ പിഡിക്കുന്നവര്‍ക്ക് കുട പിടിക്കുന്നത് ആരാണ്? സഭ മര്‍ദ്ദിതരുടേയും നൊമ്പരപ്പെടുന്നവരുടേയും ഒപ്പമാണ് എന്ന് പറയുമ്പോള്‍ കന്യാത്രീകള്‍ വിലപിക്കുന്നത് എന്തുകൊണ്ട്? ഇത് കുരിശായി മുന്നില്‍ വരുമെന്നു ആരും കരുതിയില്ല. അത് കണ്ടവര്‍ കുരിശ് കണ്ട പിശാചിനെപ്പോലെ കുരുടന്മാരാകുമ്പോള്‍ അതിന്റെ പൊരുള്‍ പെട്ടെന്ന് ആര്‍ക്കും മനസ്സിലാകും.

സമുഹത്തില്‍ അനീതി നടക്കുമ്പോള്‍ ആദ്യം മുന്നോട്ടു വരേണ്ടത് സാഹിത്യ -സാംസ്‌കാരിക രംഗത്തുള്ളവര്‍ തന്നെയാണ്. ചിലര്‍ വരാറുണ്ട്. ഭൂരിഭാഗവും മാളത്തില്‍ ഒളിക്കയാണ് പതിവ്. കാരണം അവര്‍ പൂവിന് ചുറ്റും നടക്കുന്ന വണ്ടുകളെപ്പോലെ അവാര്‍ഡ്, പദവികള്‍ മണത്തു നടക്കുന്നവരാണ്. ഇതുപോലുള്ള മത -രാഷ്ട്രീയ- സാഹിത്യ രംഗത്തുള്ളവരെ പൊക്കിക്കൊണ്ട് നടക്കാന്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും മതത്തിലെ അന്ധവിശ്വാസികളെപ്പോലെ കുറച്ചുപേര്‍ ചെണ്ടകൊട്ടുകാരായി പൂച്ചെണ്ടുമായി ജീവിച്ചിരിപ്പുണ്ട്. മണ്മറഞ്ഞ എഴുത്തുകാരെപ്പോലെ അനീതികളെ ഉഴുതുമറിക്കാനുള്ള ദൃഢമായ കാഴ്ചപ്പാടുള്ളവര്‍ ഇന്ന് ഇല്ലെന്ന് തന്നെ പറയാം. അതിന്റ പ്രധാന കാരണം ഇവരൊക്കെ ഭരണ വര്‍ഗ്ഗത്തെ തൃപ്തിപ്പെടുത്താനായി എഴുതുന്നവരാണ്. മറ്റുള്ളവര്‍ അവരുടെ ഇരകളാണ്. അടിച്ചമര്‍ത്തപ്പെട്ടവര്‍. മുതിര്‍ന്ന ചിലര്‍ രോഗം, പ്രായത്തില്‍ വിശ്രമജീവിതം നയിക്കുന്നു.

കാലാകാലങ്ങളിലായി അധികാരത്തിന്റെ ചെങ്കോല്‍ കാട്ടി അധികാരി വര്‍ഗ്ഗം പൊതുജനത്തെ, വിശ്വാസികളെ പീഡിപ്പിക്കുന്നു. അനീതി, കൊലപാതകം, ബലാത്സംഗം ഇവരുടെ അറിവോടെ നടക്കുന്നു. ചില ഭരണകര്‍ത്താക്കള്‍ മനസ്സിലാക്കുന്നത് ഈ ജനം തന്റെ വീട്ടില്‍ വളര്‍ത്തുന്ന നായ്കളെപ്പോലെയാണ്. യജമാനെ അനുസരിക്കുക. നോക്കുമ്പോഴും നടക്കുമ്പോഴും വാലാട്ടി സ്‌നേഹം, വിനയം കാണിക്കുക,വണങ്ങുക. രാജഭരണ കാലത്തും ഇതുതന്നെയായിരുിന്നു. ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അഴിമതി, അധികാര ധൂര്‍ത്ത്, അതിക്രമം ഇതിനൊക്കെ വഴിവിളക്ക് ഒരുക്കിയത് ഈ ജനം തന്നെയാണ്. എല്ലാപ്രാവശ്യവും വോട്ട് കൊടുത്തു ജയിപ്പിക്കും. ഇങ്ങനെ അധികാരത്തില്‍ വരുന്നവരില്‍ പലരും ഏതോ മനോരോഗികളെപ്പോലെയാണ് സമൂഹത്തോട് പെരുമാറുന്നത്.

ഇന്ത്യയില്‍ ഈ വിദേശ സുഖ ചികിത്സ ഇന്ന് തുടങ്ങിയതല്ല. ഇന്ത്യയില്‍ നല്ല ചികില്‍സ കിട്ടാത്തതുകൊണ്ടാണോ അധികാരിവര്‍ഗ്ഗം വിദേശങ്ങളില്‍ ചികിത്സ നടത്തുന്നത്? അതിന്റെ പിന്നിലും ഗൂഢലക്ഷ്യങ്ങളുണ്ട്. എന്തുകൊണ്ട് ഇന്ത്യയിലെ നല്ല ചികിത്സ കേന്ദ്രങ്ങളില്‍ ഇവര്‍ ചികിത്സ നേടുന്നില്ല? ഇന്ത്യയിലെ ഏതെങ്കിലും പ്രമുഖ ഡോക്ടേര്‍സ് ഈ രോഗത്തിന് ചികിത്സ ഇവിടെ ബുദ്ധിമുട്ടെന്നു തീരുമാനമെടുത്തോ? മാരക രോഗമുള്ളവര്‍ വേണ്ടിവന്നാല്‍ ചികില്‍സ തേടണം. എന്നാല്‍ അത് പാവപ്പെട്ടവന്റെ നികുതിപ്പണത്തില്‍ നിന്നെടുക്കുമ്പോള്‍ നാക്കുള്ളവര്‍ ചോദിക്കും. പാവങ്ങള്‍ ചികില്‍സ നടത്താന്‍ കിടപ്പാടം വില്‍ക്കുമ്പോഴാണ് അധികാരികളുടെ ഈ സുഖചികിത്സ. പാവപ്പെട്ടവന്റെ ധനം ധൂര്‍ത്തടിക്കാന്‍ നിയമം എന്തുകൊണ്ട് അനുവദിക്കുന്നു? സ്വന്തം കാശുമുടക്കി ആര്‍ക്കും പോകാമല്ലോ. അത് സംഭവിക്കുന്നില്ല. അവര്‍ പാവപ്പെട്ടവന്റെ നികുതിപ്പണത്തെ നിശ്ശബ്ദമായി താലോലിക്കുന്നു. ഇതിലൂടെ ഇവരുടെ യഥാര്‍ത്ഥ ജനസേവനത്തെ വിവരമുള്ളവര്‍ തിരിച്ചറിയുന്നു. വക്തിത്വം ഉണ്ടായിരുന്നവര്‍പോലും അധികാരം കിട്ടിയപ്പോള്‍ ആനപ്പുറത്തു ഇരിക്കുന്നവരെപ്പോലെയായി. അവരിലെ വക്തിത്വം അവരുടെ ആവശ്യങ്ങളായി മാറിയിരിക്കുന്നു. ഇതിനായാണ് അധികാര ദുര്‍വിനിയോഗം എന്ന് പറയുന്നത്. ഇതിനൊക്കെ കുട പിടിക്കാന്‍ കുറെ നിയമങ്ങളുള്ളപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം നാഥനില്ലാ കളരിയായിട്ടു എത്രയോ കാലങ്ങളായി. ധൂര്‍ത്തും, അനീതിയും, അഴിമതിയും, വര്‍ഗ്ഗീയതയും തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. ഇന്ത്യന്‍ നിയമ വ്യവസ്ഥിതിക്ക് ഒരു പൊളിച്ചെഴുത്ത് ആവശ്യമാണ്. ഞാന്‍ പ്രത്യകം ഒരു പാര്‍ട്ടിയെപ്പറ്റി പറയുന്ന കാര്യമല്ല. ഏതു പാര്‍ട്ടിക്കാരനായാലും മനുഷ്യന് നന്മ ചെയ്യുന്നവര്‍ക്ക് എതിരെ ആരും നാവുപൊക്കില്ല. നന്മ കാണാത്തതുകൊണ്ട് നാവുയരുന്നു.

ഈ കുട്ടത്തില്‍ ബിഷപ്പ് ഫ്രാങ്ക് എന്ന ഫ്രാങ്കോ മുളക്കലിനെയും കൂട്ടിവായിക്കണം. സഭ എന്ന മണ്ഡപത്തില്‍ മരിച്ചു കിടക്കുന്ന ശവ ശരീരത്തിനുപോലും കണക്കു പറഞ്ഞു കുഴിമാടം നല്‍കുമ്പോള്‍, അവരെ എത്തിക്കുന്നവരെ തെമ്മാടിക്കുഴിയില്‍ അടക്കം ചെയുമ്പോള്‍, അടക്കം നിഷേധിക്കുമ്പോള്‍, സമ്പന്നന്റെ വീട്ടിലെ മംഗള കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ പാവപ്പെട്ടവനോടുള്ള അവരുടെ നിലപാട് ആര്‍ക്കും മനസ്സിലാകും. അധികാരിവര്‍ഗ്ഗവും പാവപ്പെട്ടവനൊപ്പമല്ല. ഫ്രാങ്ക് വന്നപ്പോള്‍ ജനത്തിന് ഒരു കാരം ബോധ്യപ്പെട്ടു. ദേവാലങ്ങളില്‍ നന്മകള്‍ നഷപ്പെടുന്നു. വിശുദ്ധ കന്യാമറിയത്തെ ആരാധിക്കുന്നവര്‍ കന്യാത്രീകളെ പിഡിപ്പിക്കുന്നത് എന്താണ്? ഈ കത്തോലിക്കാ പട്ടക്കാര്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം ഇപ്പോള്‍ ജനമറിയുന്നു. ഇവിടെയും ഇണങ്ങിയാല്‍ മധുരം, അതിമധുരം പിണങ്ങിയാല്‍ കയ്പ്പ് എന്നത് അവര്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍ മനസ്സിലായി. എല്ലാ സന്യാസിമാരും ഇത്തരക്കാരാണ് എന്ന് ആരും വിശ്വസിക്കില്ല. എന്ന് കരുതി ഒറ്റപ്പെട്ട സംഭവം എന്ന മറുമരുന്നു പറഞ്ഞിട്ടു കാര്യമില്ല. സാമൂഹിക ജീവ കാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എത്രയോ പാവപ്പെട്ട കന്യാസ്ത്രീകള്‍ നിത്യവും പീഡിപ്പിക്കപ്പെടുന്നു. മതത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ നടക്കുന്ന പീഡനങ്ങള്‍ പുറംലോകം അറിയാറില്ല. ഇവര്‍ നടത്തുന്ന അനാഥാലയങ്ങളിലെ പിഞ്ചുകുഞ്ഞുങ്ങള്‍ എവിടുന്നു വരുന്നു എന്നതും പരിശോധിക്കേണ്ടതാണ്. മേലാളന്മാരുടെ കാമപീഡനങ്ങള്‍ക്കു അവര്‍ നിര്‍ബന്ധിതരാകുന്നു. അവരുടെ ജീവിത ചുറ്റുപാടുകള്‍, ഭയം, അജ്ഞത അവരെ കണ്ണീരിലാഴ്ത്തുന്നു. എത്രയോ നാളുകളായി മൂടിപ്പുതച്ചു വെച്ചതല്ലേ ഇന്ന് പുറത്തു വന്നത്. കുരങ്ങു കയറാത്ത മരമുണ്ടോ എന്നതുപോലെ ഈ പുരോഹിതര്‍ കയറാത്ത മഠങ്ങളുണ്ടോ? സഭ ഒരു പൊളിച്ചെഴുത്തു നടത്തുമോ? ഇവരല്ലേ സത്യത്തില്‍ കുമ്പസാരിക്കേണ്ടത്? അല്ലാതെ പാവങ്ങളാണോ?

പള്ളികളില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്നവര്‍ ആത്മാവിനെ അന്വേഷിക്കുമ്പോള്‍ ആത്മബോധം ഒപ്പമുണ്ടോ എന്നുകൂടി അന്വേഷിക്കുന്നത് നല്ലതാണു. മതം ജനകീയമായപ്പോള്‍, പണമുള്ളവര്‍ ബന്ധുക്കളായപ്പോള്‍ അവര്‍ രാഷ്ട്രീയക്കാരുമായി കുട്ടുകച്ചവടം നടത്തി വിളവെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്നു. ഇവരൊന്നും ജനസേവകരോ, ശുശ്രൂഷകരോ അല്ല എന്ന തിരിച്ചറിവാണ് ആ ബോധമുള്ളവര്‍ മനസ്സിലാക്കേണ്ടത്. ഇത് ഇവിടെ മാത്രമല്ല ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവരില്‍ നല്ലൊരു കൂട്ടര്‍ സ്ത്രീകളെ പിഡിപ്പിക്കുന്നുണ്ട്. അതും പുറം ലോകമറിയുന്നില്ല. സ്വന്തം മാനം നഷ്ടപ്പെട്ടു എന്ന് സാധാരണ ഒരു സ്ത്രീയും പറയില്ല. പറഞ്ഞാല്‍ ജോലിയുള്ള സ്ത്രീകളുടെ ജോലി നഷ്ടപ്പെടും അല്ലെങ്കില്‍ സ്ഥാനക്കയറ്റം നഷ്ടമാകും. ഭര്‍ത്താവ് അറിഞ്ഞാല്‍ കുടുംബ ജീവിതം തകരും എന്ന ഭയം. ഇതു തന്നെയാണ് കന്യാസ്ത്രീ മഠങ്ങളിലും നടക്കുന്നത്. എത്രയോ നൂറ്റാണ്ടുകളായി ഈ പാവം സ്ത്രീകള്‍ അടിമവേല ചെയ്തു ജീവിക്കുന്നു. അവര്‍ക്ക് ഇനിയെങ്കിലും ഒരു മോചനം ആവശ്യമാണ്. അതിനു സര്‍ക്കാരോ സഭകളോ തയാറാകുമോ? ഈ പണിക്ക് ഇവരെ പറഞ്ഞു വിടുന്ന മാതാപിതാക്കളും കുറ്റക്കാരാണ്. അന്തിക്രിസ്തുവിന്റ അടയാളങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ഈ അടിമപ്പണിയില്‍ നിന്നും മാറി നില്‍ക്കുന്ന കന്യാസ്ത്രീകള്‍ വളരെ കുറച്ചുപേര്‍ മാത്രമാണ്. അവര്‍ക്കൊപ്പം നന്മയുള്ള നല്ല മനസ്സുള്ള കുറെ മനുഷ്യര്‍, മാധ്യമങ്ങള്‍ എന്നുമുണ്ടാകുന്നു.

അരമന രഹസ്യങ്ങള്‍ പുറത്തു വന്നപ്പോള്‍, അവകാശ സമരങ്ങളായി മാറിയപ്പോള്‍ അവിടെയും ഇരക്കൊപ്പം നില്‍ക്കാന്‍ അവര്‍ തയാറാകുന്നില്ല. ഈ വിധം പീഡനങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ ആരിലാണ് അഭയം തേടേണ്ടത്? നിയമ വാഴ്ചകള്‍ക്ക് മനസ്സോ മനഃസാക്ഷിയോ ഉണ്ടെങ്കില്‍ നൂറ്റാണ്ടുകളായി ഈ പാവം സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് അവസാനമുണ്ടാകണം. അവര്‍ ഒറ്റപ്പെട്ട സ്ത്രീകളാണ്. ഇത്തരത്തിലുള്ള ചൂഷക പീഡകര്‍ക് അവരെ വിട്ടുകൊടുക്കരുത്. ഇവിടെ സഭയുടെ ഊന്നുവടികളല്ല ആവശ്യം സര്‍ക്കാരിന്റെ കരുത്തുറ്റ വടികളാണ് വേണ്ടത്. സഭകള്‍ ബോധപൂര്‍വം സൃഷ്ടിച്ചിരിക്കുന്ന മതില്‍ക്കെട്ടിനുള്ളില്‍ നിന്നും അവര്‍ക്ക് മോചനം നല്‍കാന്‍ നിയമവാഴ്ചയുള്ള ഒരു സര്‍ക്കാരിന് സാധിക്കണം. കേരളത്തിലെ പ്രബുദ്ധരായ ജനം ഒരിക്കലും വോട്ടുബാങ്ക് കച്ചവടത്തിന് പോകുന്നവരല്ല. പള്ളിക്കുള്ളിലെ അനീതികള്‍ക്ക് എല്ലാവരും ആമേന്‍ പറയുന്നവരോ അവരുടെ താളത്തിനു തുള്ളുന്നവരോ അല്ല. അതൊരു കച്ചവട കേന്ദ്രമെന്ന് എല്ലാവര്‍ക്കുമറിയാം. മാമോദീസ, വിവാഹം, മരണം എല്ലാം അവരുടെ അധീനതയിലാണ്. അതിനാലാണ് പലരും നിശ്ശബ്ദരാകുന്നത്. മതമില്ലാത്ത ഒരു ജനത വളര്‍ന്നു വരാന്‍ കാലമായിരിക്കുന്നു. മരണപ്പെടുന്നവരെ അവനവന്റെ മണ്ണിലടക്കം ചെയ്യാന്‍ തയ്യാറാകണം. വാലാട്ടികള്‍ എല്ലായിടത്തുമുണ്ട്. അടിച്ചുവാരാനും പൂമാല ചാര്‍ത്താനും അവര്‍ എന്നുമുണ്ട്. അവര്‍ക്കാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ കിട്ടുന്നത്. അവരും അധികാരികളുടെ വീട്ടിലെ അടിമകളാണ്. സ്ത്രീ പുരുഷ സമത്വം എഴുതിവെച്ചാല്‍ മാത്രം പോരാ അത് നടപ്പാക്കാനുള്ള ആര്‍ജ്ജവമുണ്ടാകണം. കാമക്കണ്ണുകളുമായി ഈ കഴുകന്മാര്‍ പറക്കാതിരിക്കണമെങ്കില്‍ കത്തോലിക്കാ സഭ മാംസവും രക്തവുമുള്ള ഈ പുരോഹിതര്‍ക് വിവാഹം അനുവദിക്കണം. ഇല്ലെങ്കില്‍ ഇവരെ ഹിന്ദു-ബുദ്ധ സന്യാസിമാര്‍ക്കൊപ്പം ഹിമാലസാനുക്കളില്‍ കുറെ വര്‍ഷങ്ങള്‍ തപസ്സനുഷ്ഠിക്കാന്‍ അനുവദിക്കണം. ഇന്ന് സഭകളില്‍ കൂടുതലും ഈ തൊഴില്‍ ഏറ്റെടുക്കുന്നത് ഒരു തൊഴിലിനു ലക്ഷങ്ങള്‍ കൈക്കൂലി കൊടുക്കാന്‍ ഇല്ലാത്തവരാണ്.

നാടുവാഴി-രാജഭരണം പുറമെ മാറിയെങ്കിലും അധികാരത്തിന്റെ അന്തഃപുരങ്ങളില്‍ അത് ഇന്നും ജീവിക്കുന്നു. ഇന്നത്തെ മത-രാഷ്രീയ കൂട്ടുകെട്ടുകള്‍ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ബ്രിട്ടനിലെ ഓരോ രാജ്യങ്ങളും നിലകൊള്ളുന്നത് ഓരൊ വിശുദ്ധന്മാരുടെ പേരിലാണ്. പത്തു് പതിനഞ്ചു നുറ്റാണ്ടുകള്‍ ആ വിശുദ്ധി, ആത്മീയ ജീവിതം ഈ രാജ്യങ്ങളില്‍ കണ്ടിരുന്നു. ഇവര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വളരെ മുന്നിലെങ്കിലും ഇവരിലെ ആത്മീയജീവിതം തല്ലിത്തകര്‍ത്തത് ഇവിടുത്തെ പൗരോഹിത്യത്തിന്റെ ചെയ്തികളാണ്. ഇവിടെയുള്ളവര്‍ ഇന്ത്യയില്‍ കാണുന്ന വിധമുള്ള അന്ധവിശ്വാസികളല്ല. വിശ്വാസികള്‍ ദേവാലങ്ങളില്‍ നിന്നും അകന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലും ആത്മീയ ജീവിതത്തിനു മങ്ങല്‍ സംഭവിച്ചതുകൊണ്ടാണ് മത -വര്‍ഗ്ഗീയത വളരുന്നത്. അത് രഷ്ട്രീയക്കാരന് തുറുപ്പു ചീട്ടാണ്. ആ തുറുപ്പു ചീട്ടാണ് അല്‍പം വര്‍ഗ്ഗീയത, മദ്യം, പണവും കൊടുത്താല്‍ മതി വോട്ടുപെട്ടിയില്‍ വീഴും. വെറുതെയല്ല അവര്‍ കഴുതകള്‍ എന്ന് വിളിക്കുന്നത്.

ഏഷ്യനാഫ്രിക്കയിലെ കുറെ പാവങ്ങള്‍ ഇവിടെ കുമ്പസരിക്കാന്‍, പ്രാര്‍ത്ഥിക്കാന്‍ പോകുന്നതൊഴിച്ചാല്‍ സായിപ്പും മദാമ്മയും അവിടെ പോകാറില്ല. യേശുവിന്റെ നാമത്തില്‍ കച്ചവടം നടത്തിക്കൊണ്ടിരുന്ന ദേവാലങ്ങള്‍ പലതും മത-മൗലിക വാദികളും മറ്റ് കച്ചവടക്കാരും ഇന്ന് അവരുടെ താവളങ്ങളായി മാറ്റുന്നു. ഇന്ത്യയില്‍ മത-അധികാരത്തിന്റ തണലില്‍ ജനങ്ങളെ ഇന്നും അടിമകളായി വളര്‍ത്തുമ്പോള്‍ വികസിത രാജ്യങ്ങളില്‍ ഈ ധനമോഹികളെ, ആഡംബരപ്രിയരെ അവര്‍ വലിച്ചെറിയുന്ന കാഴ്ചയാണ് കാണുന്നത്. അന്തിക്രിസ്തുവിന്റ വരവുപോലെ ഇന്ത്യയില്‍ ഒരു രക്തരഹിത വിപ്ലവത്തിന് കാലമായിരിക്കുന്നു. ഈ കുരുടന്മാര്‍ കണ്ണു തുറക്കുമെന്നു ആരും കരുതേണ്ട. അതിനായി വിപ്ലവകാരികളായ എഴുത്തുകാര്‍ മുന്നോട്ടു വരുമെന്നും പ്രതീക്ഷ വേണ്ട. ഇന്ത്യയിലെ യൂവജനങ്ങള്‍ ഉണരണം. ഇന്ത്യ ഉയര്‍ത്തെഴുനേല്‍ക്കാന്‍ അത് മാത്രമേ മാര്‍ഗ്ഗമുള്ളു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles