ഫാ. ബിജു കുന്നയ്ക്കാട്ട്

കെന്റ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍ക്കായി ഇന്നു മുതല്‍ വ്യാഴാഴ്ച വരെ (13 തിങ്കള്‍ മുതല്‍ 16 വ്യാഴം വരെ) വാര്‍ഷികധ്യാനം നടക്കും. കെന്റിനടുത്തുള്ള റാംസ്‌ഗേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ റിട്രീറ്റ് സെന്ററിലാണ് (സെന്റ് അഗസ്റ്റിന്‍സ് ആബി) ധ്യാനം നടക്കുന്നത്. തലശ്ശേരി അതിരൂപതാംഗമായ റവ. ഡോ. ജോസഫ് പാംപ്ലാനിയാണ് വാര്‍ഷിക ധ്യാനം നയിക്കുന്നത്.

ഇന്നുവൈകിട്ട് 6 മണിക്ക് വി. കുര്‍ബാനയോടു കൂടി ആരംഭിക്കുന്ന ധ്യാനത്തില്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്റ്, വെയില്‍സ് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരാണ് പങ്കുചേരുന്നത്.

വ്യാഴാഴ്ച ഉച്ചയോടു കൂടി തീരുന്ന ധ്യാനത്തെ തുടര്‍ന്ന് 3 മണി മുതല്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും വികാരി ജനറല്‍മാരും വൈദികരും ഒത്തുചേരുന്ന ‘അജപാലനാലോചനായോഗം’ (Patosral consultation with the priests) നടക്കും. രൂപതയുടെ വിവിധങ്ങളായ കര്‍മ്മ പദ്ധതികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യുകയും ആശയങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യും.

വൈദികരുടെ വാര്‍ഷിക ധ്യാന വിജയത്തിനായും ദൈവാനുഗ്രഹം സമൃദ്ധമായി രൂപതയുടെമേല്‍ ചൊരിയുന്നതിനും വിശ്വാസികള്‍ എല്ലാവരും തീക്ഷ്ണമായി പ്രാര്‍ത്ഥിക്കണമെന്നും മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു.