മല കയറാന്‍ മറ്റൊരു സ്ത്രീകൂടി, സുരക്ഷ നല്‍കാനാകില്ലെന്ന് പൊലീസ്; ‘മേരിയെന്നാണ് പേര് മനസ്സിൽ ഭക്തിയുണ്ട്’ ആക്രമിക്കാതിരുന്നാൽ മതി, ഞാൻ പോയി കണ്ടോളാം….

മല കയറാന്‍ മറ്റൊരു സ്ത്രീകൂടി, സുരക്ഷ നല്‍കാനാകില്ലെന്ന് പൊലീസ്; ‘മേരിയെന്നാണ് പേര് മനസ്സിൽ ഭക്തിയുണ്ട്’ ആക്രമിക്കാതിരുന്നാൽ മതി, ഞാൻ പോയി കണ്ടോളാം….
October 19 10:09 2018 Print This Article

വിദ്യാരംഭദിനമായതിനാൽ ഇന്നുതന്നെ അയ്യപ്പനെ കാണണമെന്ന് ആഗ്രഹമുണ്ടെന്ന് മല കയറാനെത്തിയ കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി. മുൻപ് മലയാറ്റൂർ മലയുൾപ്പെടെ കയറിയ അനുഭവസമ്പത്തിലാണ് ഒറ്റയ്ക്ക് മല കയറാനെത്തിയത് എന്ന് മേരി പറയുന്നു.

മേരിയുടെ വാക്കുകൾ ഇങ്ങനെ: ”മേരിയെന്നാണ് പേര്. 46 വയസ്സുണ്ട്. മനസ്സിൽ ഭക്തിയുണ്ട്. വിശ്വാസമുള്ളതുകൊണ്ടാണ് അയ്യപ്പനെ കാണാനെത്തിയത്. നാലഞ്ച് വർഷമായി മലയാറ്റൂരും തെക്കൻകുരിശുമലയും കയറുന്നുണ്ട്. നിങ്ങളാരും ആക്രമിക്കാതിരുന്നാൽ മതി, ഞാൻ പോയി കണ്ടോളും.
ആറുമാസം മുൻപ് വന്നിരുന്നു. അന്ന് പമ്പയിലെത്തി ഗണപതി കോവിലിലെത്തി തൊഴുതുമടങ്ങി. അന്നെനിക്ക് അനുവാദമില്ലായിരുന്നു.

ഒരു പ്രതിഷേധത്തിന്റെയും ഭാഗമല്ല. ഒരു ബാഹ്യശക്തിയെന്നെ നിയന്ത്രിക്കുന്നുണ്ട്. ആ ശക്തിയാണ് എന്റെ ശരീരത്തെ നിയന്ത്രിക്കുന്നത്. ടെലിപ്പതിയിലും ആ ശക്തിയിലും അയ്യപ്പന്റെ അനുഗ്രഹത്തിലും വിശ്വാസമുണ്ട്. 46 വയസ്സിൽ തന്നെ മുട്ടുവേദന തുടങ്ങി. ഇനിയെപ്പോ കയറാനാണ്?
തിരിച്ചുവന്നാലും ഇല്ലെങ്കിലും ഒരു മരണമല്ലേ ഉള്ളൂ? അന്തസ്സായി മരിക്കാം. പിന്നെ അയ്യപ്പനെ ഇന്ന് കാണണമെന്ന് എനിക്കുണ്ട്. വിദ്യാരംഭമാണ്. ഒരു പുതിയ കാര്യം. ”
ഇതിനിടെ സുരക്ഷ നല്‍കാന്‍ തയാറവല്ലെന്ന് പൊലീസ് അറിയിച്ചു. മേരി സ്വീറ്റിയെ സുരക്ഷാപ്രശ്നം ധരിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നു. സുരക്ഷ നല്‍കാനാവില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു. യാത്ര ഒഴിവാക്കണമെന്ന് അഭ്യര്‍ഥന. തനിച്ചുവേണമെങ്കില്‍ പോകാമെന്നും പൊലീസ് പറഞ്ഞു.

നേരത്തെ സംഭവിച്ചത്
ശബരിമല സന്നിധാനത്തെത്തിയ രണ്ട് യുവതികള്‍ മടങ്ങിയത് അല്‍പം മുന്‍പാണ്. കനത്ത പൊലീസ് സുരക്ഷയിൽ ആന്ധ്രയിൽ നിന്നെത്തിയ കവിതയും രഹ്ന ഫാത്തിമയും മലയിറങ്ങി. സുപ്രീംകോടതി വിധിക്കുശേഷം മൂന്നാംതവണയാണ് സന്നിധാനത്തേക്ക് പോകാന്‍ യുവതികള്‍ ശ്രമിച്ചത്. കൊച്ചി സ്വദേശി രഹന ഫാത്തിമ ഇരുമുടിക്കെട്ടുമായെത്തിയപ്പോള്‍ ഹൈദരാബാദിലെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക കവിത റിപ്പോര്‍ട്ടിങ്ങിനാണ് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചത്. രാത്രി പമ്പ പൊലീസിന്റെ പിന്തുണ തേടിയ ഇവരോട് പുലര്‍ച്ചെ എത്താന്‍ ഐജി ശ്രീജിത്ത് നിര്‍ദേശിച്ചു. രാവിലെ ആറരയ്ക്ക് സര്‍വസജ്ജരായ പൊലീസ് സംഘത്തിന്റെ അകമ്പടിയില്‍ മലകയറ്റം.

അപ്പാച്ചിമേടുപിന്നിട്ട്ശബരീപീഠത്തിനരികിലെത്തിയപ്പോള്‍ ഒരാള്‍ യുവതികള്‍ക്കുനേരെ കല്ലെറിഞ്ഞു. ഇയാളെ പൊലീസ് ഉടന്‍ നീക്കി. സന്നിധാനത്തെ നടപ്പന്തല്‍ വരെ വീണ്ടും സുഗമമായ യാത്ര. എന്നാല്‍ നടപ്പന്തലിലേക്ക് കടന്നതോടെ അറുപതോളം പേര്‍ പ്രതിഷേധവുമായെത്തി.

ഐജിയുടെ അഭ്യര്‍ഥന തള്ളിയ പ്രതിഷേധക്കാര്‍ നടപ്പന്തലില്‍ കുത്തിയിരുന്ന് ശരണംവിളിച്ചു. ഇതോടെ ഐജി ഡിജിപിയുമായും ദേവസ്വംമന്ത്രിയുമായും ഫോണില്‍ ബന്ധപ്പെട്ടു. തൊട്ടുപിന്നാലെ ദേവസ്വമന്ത്രി തിരുവനന്തപുരത്ത് നിലപാട് വ്യക്തമാക്കി. തുടര്‍ന്ന് ഐജിയുടെ നേതൃത്വത്തില്‍ രഹന ഫാത്തിമയേയും കവിതയേയും വനംവകുപ്പ് ഐബിയിലേക്ക് മാറ്റി. തിരിച്ചിറങ്ങാന്‍ പൊലീസ് അഭ്യര്‍ഥിച്ചെങ്കിലും ഇരുവരും വിസമ്മതിച്ചു. ഈസമയം ശബരിമല ക്ഷേത്രത്തിലെ പരികര്‍മികള്‍ പതിനെട്ടാംപടിക്കുമുന്നില്‍ നാമജപപ്രതിഷേധം തുടങ്ങി.
സ്ഫോടനാത്മകമായ സ്ഥിതിയാണെന്ന് ബോധ്യപ്പെടുത്തിയതോടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കിയാല്‍ മടങ്ങിപ്പോകാമെന്ന് യുവതികള്‍ അറിയിച്ചു. അഞ്ചുമണിക്കൂര്‍ നീണ്ട സംഘര്‍ഷാന്തരീക്ഷത്തിനൊടുവില്‍ തിരിച്ചിറക്കം. കൂടുതല്‍ ശക്തമായ സുരക്ഷയില്‍. സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമലയിലെത്തിയ യുവതികളെ തടയുന്നതില്‍ മൂന്നാംദിവസവും പ്രതിഷേധക്കാര്‍ വിജയിച്ചു. എന്നാല്‍ ഓരോദിവസവും കൂടുതല്‍ യുവതികള്‍ എത്തുന്നത് കൂടുതല്‍ വെല്ലുവിളിയാകുന്നത് പൊലീസിനാണ്

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles