ഡമാസ്‌കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന സിറിയയില്‍ ബോംബ് സ്‌ഫോടനത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആര്‍ച്ച് ബിഷപ്പ്. മാറോണൈറ്റ് സഭയുടെ ഡമാസ്‌കസിലെ ആര്‍ച്ച് ബിഷപ് സമീര്‍ നസറാണ് രക്ഷപ്പെട്ടത്. ദൈവം തന്റെ സേവകനെ കാത്തുരക്ഷിച്ചുവെന്ന് രക്ഷപ്പെട്ട ശേഷം ആര്‍ച്ച് ബിഷപ്പ് സമീര്‍ നസര്‍ പ്രതികരിച്ചു.

താമസിച്ചിരുന്ന കെട്ടിടത്തില്‍ ബോംബ് പതിക്കുന്നതിന് തൊട്ടു മുന്‍പ് ബാത്‌റൂമിലേക്ക് പോയതാണ് ബിഷപ്പിന് രക്ഷയായത്. ബോംബ് സ്‌ഫോടനത്തില്‍ ബിഷപ്പ് താമസിച്ചിരുന്ന കെട്ടിടം ഭാഗികമായി തകര്‍ന്നു. ആര്‍ച്ച് ബിഷപ്പിന്റെ കത്തീഡ്രലിനും സമീപത്തുള്ള കോണ്‍വന്റിനും ബോംബിംഗില്‍ നാശമുണ്ടായി. എന്നാല്‍ ബിഷപ്പ് ഉണ്ടായിരുന്ന ബാത്‌റൂമിന്റെ ഭാഗത്തേക്ക് സ്‌ഫോടനത്തില്‍ തകരാറൊന്നും സംഭവിച്ചില്ല.

2011ല്‍ ആരംഭിച്ച സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ നാല് ലക്ഷം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇതിലേറെയും സ്ത്രീകളും കുട്ടികളുമാണ്. 50 ലക്ഷത്തിലേറെ പേര്‍ ഇതിനാലകം അഭയാര്‍ഥികളാക്കപ്പെട്ടിട്ടുണ്ട്. സിറിയന്‍ ഔദ്യോഗിക സൈന്യവും അവരെ സഹായിക്കുന്ന റഷ്യ അമേരിക്ക എന്നിവരും വിമതര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഇവിടെ ബോംബിംഗ് നടത്തുന്നുണ്ട്.