സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിൽ ലോക്ക്ഡൗൺ ലഘൂകരിച്ചുകൊണ്ട് വരികയാണ്. എങ്കിലും രാജ്യം കൊറോണ വൈറസിൽ നിന്നും പൂർണമായും മുകതമായിട്ടില്ല. അതിനാൽ തന്നെ രോഗവ്യാപന സാധ്യതയും ഉയർന്നുനിൽക്കുകയാണ്. ലോക്ക്ഡൗൺ നടപടികൾ ലഘൂകരിക്കുന്നത് രാഷ്ട്രീയ തീരുമാനമാണെന്ന് പ്രൊഫസർ ജോൺ എഡ്മണ്ട്സ് അഭിപ്രായപ്പെട്ടു. എൻ‌എച്ച്‌എസ് ടെസ്റ്റും ട്രേസ് സിസ്റ്റവും പൂർണ്ണമായും പ്രവർത്തിക്കണമെന്ന് സർ ജെറമി ഫറാർ ആവശ്യപ്പെട്ടു. ഇംഗ്ലണ്ടിൽ തിങ്കളാഴ്ച മുതൽ സ്കൂളുകൾ വീണ്ടും തുറക്കും. ഒപ്പം ആറ് പേർക്ക് വരെ പുറത്ത് കൂടിക്കാഴ്ച നടത്താവുന്നതാണ്. ഇന്ത്യ പോലുള്ള മറ്റ് രാജ്യങ്ങളും ജൂൺ ആദ്യം മുതൽ ലോക്ക്ഡൗൺ നടപടികൾ ലഘൂകരിക്കുകയാണ്. എൻ‌എച്ച്‌എസ് ഇംഗ്ലണ്ട് ഇന്ന് 146 കൊറോണ വൈറസ് മരണങ്ങൾ രേഖപ്പെടുത്തി. സ്‌കോട്ട്‌ലൻഡിൽ 22 മരണങ്ങളും വെയിൽസിൽ 14 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തു. സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) അതിന്റെ രഹസ്യ മീറ്റിംഗുകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു. കൊറോണ വൈറസിന്റെ വ്യാപനതോത് ഇപ്പോഴും വളരെ ഉയർന്നതാണെന്നും നടപടികളിൽ ഇളവ് വരുത്തുന്നതിന് മുമ്പ് കേസുകളുടെ എണ്ണം കുറയുമെന്നും പല ശാസ്ത്രജ്ഞരും ആഗ്രഹിക്കുന്നു. ആർ റേറ്റ് ഇപ്പോഴും ഒന്നിൽ തന്നെ ആണെന്നും അതിനാൽ രോഗവ്യാപനത്തിന് സാധ്യത ഉണ്ടെന്നും പ്രൊഫസർ പീറ്റർ ഹോർബി അറിയിച്ചു. നിയന്ത്രണങ്ങൾ കൈവിട്ടുപോയാൽ അവസ്ഥ കൂടുതൽ മോശമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

എല്ലാം സാധാരണമായെന്ന രീതിയിൽ സ്കൂളുകൾ വീണ്ടും തുറക്കുമ്പോഴും അപകടസാധ്യത തള്ളികളയാൻ കഴിയില്ലെന്ന് സേജ് അംഗം പ്രൊഫ. കാലം സെമ്പിൾ പറഞ്ഞു. ലോക്ക്ഡൗണിന്റെ ഇളവ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യാഴാഴ്ച സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതൽ ജാഗ്രത ആവശ്യമാണെന്ന് മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ് മുന്നറിയിപ്പ് നൽകി. അണുബാധയുടെ തോത് വീണ്ടും ഉയരാൻ തുടങ്ങിയാൽ കർശനമായ ലോക്ക്ഡൗൺ നടപടികൾ വീണ്ടും നടപ്പാക്കാൻ കുറച്ച് സമയം മാത്രമേ ഉള്ളുവെന്ന് സേജ് രേഖകൾ വെളിപ്പെടുത്തുന്നു. ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീനിൻ ആന്റ് ട്രോപ്പിക്കൽ മെഡിസിൻ പ്രൊഫസർ സാലി ബ്ലൂംഫീൽഡ്, രോഗസാധ്യത നിലനിൽക്കുന്നതിനാൽ അതിഥികളുമായി ചേർന്നു ബാർബിക്യൂ നടത്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകി.


“എല്ലാ സമയത്തും വിവരങ്ങളും തെളിവുകളും സർക്കാരിനെ അറിയിച്ചിരുന്നു. കൂടാതെ നടപടികൾ ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്തിട്ടുണ്ട്. അതിനാൽ ലോക്ക്ഡൗൺ ലഘൂകരിക്കാനും ആർ‌ റേറ്റ് ഒന്നിനെക്കാൾ താഴെയായി നിലനിർത്താമെന്നും പ്രതീക്ഷിക്കുന്നു.” 10-ാം നമ്പർ വക്താവ് പറഞ്ഞു. തിരക്കേറിയ സ്ഥലങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഇംഗ്ലണ്ടിലെ പോലീസ് സേന ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ലോക്ക്ഡൗൺ നടപടികൾ പിൻവലിക്കാൻ സർക്കാർ അതിവേഗം തിരക്കുകൂട്ടുന്നതിൽ അതീവ ആശങ്കയുണ്ടെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു. അലർട്ട് ലെവൽ നിശ്ചയിക്കുന്ന ജോയിന്റ് ബയോസെക്യൂരിറ്റി സെന്റർ, രാജ്യം മൂന്നാം ലെവലിലേക്ക് നീങ്ങാൻ തയ്യാറാണെന്ന് പറഞ്ഞിട്ടില്ല. ജാഗ്രതയോടെ പ്രവർത്തിക്കാൻ ലണ്ടൻ നിവാസികളോട് അഭ്യർത്ഥിക്കുന്നുവെന്ന് സാദിഖ് ഖാൻ ട്വീറ്റ് ചെയ്തു.