ഒരു വര്‍ഷം മുമ്പ് കാണാതായ അര്‍ജന്റീനയുടെ മുങ്ങിക്കപ്പല്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ വര്‍ഷം നവംബര്‍ 15നാണ് അര്‍ജന്റീനയുടെ നാവികസേനാ മുങ്ങിക്കപ്പല്‍ സാന്‍ ജുവാന്‍ കാണാതായത്. പാറ്റഗോണിയ തീരത്ത് വെച്ച് കാണാതായ കപ്പലില്‍ 44 നാവികസേനാ ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. ചുബു പ്രവിശ്യയിലെ സാന്‍ ജോര്‍ജ് ഉള്‍ക്കടലില്‍ വെച്ചാണ് മുങ്ങിക്കപ്പലില്‍ നിന്നും അവസാന സന്ദേശം ലഭിച്ചത്. കപ്പലില്‍ നിന്ന് ലഭിച്ച സിഗ്നലും അവസാനമായി കേട്ട സ്ഫോടനത്തിന് സമാനമായ ശബ്ദവും കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ഒരു വര്‍ഷമായി വിവരമൊന്നും ഉണ്ടായിരുന്നില്ല.

വാല്‍ഡസ് പെനിന്‍സൂലയില്‍ 2,625 അടി താഴ്ച്ചയില്‍ നിന്നാണ് കപ്പല്‍ കണ്ടെടുത്തത്. അമേരിക്കയുടെ ഷിപ്പ് ഓഷ്യന്‍ ഇന്‍ഫിനിറ്റിയെ തിരച്ചിലിനായി അര്‍ജന്റീന വാടകയ്ക്ക് എടുത്തിരുന്നു. 34 വര്‍ഷം പഴക്കമുള്ള മുങ്ങിക്കപ്പലിന്റെ മോശം അവസ്ഥയാണ് അപകടകാരണമെന്ന് കാണാതായ ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ തെറ്റാണെന്നും മുങ്ങിക്കപ്പലിന് കേടുപാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും നാവികസേന അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കപ്പല്‍ കാണാതായതിന്റെ ആദ്യ വാര്‍ഷികത്തില്‍ നാവികരുടെ ബന്ധുക്കള്‍ ഒത്തു ചേര്‍ന്ന് ആദരമര്‍പ്പിച്ചത്.

പത്ത് ദിവസത്തെ പരശീലനത്തിന് പോകുന്നതിന് മുമ്പ് സുരക്ഷാ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയിരുന്നെന്നും നേവി വ്യക്തമാക്കി. അമേരിക്ക, റഷ്യ, ബ്രസീല്‍, ചിലി, കൊളംബിയ, ഫ്രാന്‍സ്, ജര്‍മനി, സൌത്ത് ആഫ്രിക്ക, ഉറുഗ്വേ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ നാവിക-വ്യോമ സേനകളും കപ്പലിനായുള്ള തെരച്ചിലിന് രംഗത്തുണ്ടായിരുന്നു.