രാജ്യസഭാ സീറ്റിനെ ചൊല്ലി കെപിസിസി രാഷ്ട്രീയകാര്യ യോഗത്തില്‍ ചേരി തിരിഞ്ഞ് വാക്പോര്

രാജ്യസഭാ സീറ്റിനെ ചൊല്ലി കെപിസിസി രാഷ്ട്രീയകാര്യ യോഗത്തില്‍ ചേരി തിരിഞ്ഞ് വാക്പോര്
June 11 19:46 2018 Print This Article

തിരുവനന്തപുരം: യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെ തുടര്‍ന്ന് കേണ്‍ഗ്രസില്‍ ഉണ്ടായ കലാപം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിലും പ്രതിഫലിച്ചു. നേതാക്കള്‍ ഗ്രുപ്പ് തിരിഞ്ഞ് ഏറ്റുമുട്ടുന്ന കാഴ്ചയാണ് രാഷ്ട്രീയകാര്യ സമിതി യോഗത്തിലും നടക്കുന്നതെന്ന വിവരമാണ് പുറത്ത് വരുന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൊമ്പുണ്ടോയെന്ന് രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ട പി.ജെ കുര്യന്‍ ചോദിച്ചു. രാജ്യസഭാ സീറ്റ് ചര്‍ച്ചയ്ക്ക് എന്തിനാണ് ഉമ്മന്‍ ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിച്ചത്. എ.ഐ.സി.സി ജനറല്‍ സ്വെകട്ടറി എന്ന നിലയ്ക്കാണെങ്കില്‍ കെ.സി വേണുഗോപാലിനെയല്ലേ വിളിക്കേണ്ടതെന്നും പി.ജെ കുര്യന്‍ ചോദിച്ചു.

അതേസമയം ആക്രമണം കടുത്തതോടെ പ്രതിരോധവുമായി എ ഗ്രൂപ്പ് രംഗത്ത് വന്നു. ഉമ്മന്‍ ചാണ്ടിക്ക് കൊമ്പുണ്ടെന്ന് എ ഗ്രൂപ്പ് മറുപടി നല്‍കി. ഉമ്മന്‍ ചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് പി.സി വിഷ്ണുനാഥ് കുര്യന് മറുപടി നല്‍കി. വഴിയില്‍ കൊട്ടാനുള്ള ചെണ്ടയല്ല ഉമ്മന്‍ ചാണ്ടിയെന്നായിരുന്നു ബെന്നി ബെഹനാന്റെ മറുപടി.

അതേസമയം രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീഴ്ച സമ്മതിച്ചു. ഇനി നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്ന് ചെന്നിത്തല പറഞ്ഞു. മുന്നണിയുടെ കെട്ടുറപ്പ് മാത്രമാണ് പരിഗണിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എം.എം ഹസനും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ രാഷ്ട്രീയകാര്യ സമിതി വിലക്കി. പാര്‍ട്ടിയെ അപമാനിക്കുന്ന രീതിയില്‍ വിമര്‍ശിച്ചാല്‍ നടപടി എടുക്കും. പറയാനുള്ളത് പാര്‍ട്ടി ഫോറത്തില്‍ പറയണമെന്നും രാഷ്ട്രീയകാര്യ സമിതി നിര്‍ദ്ദേശം നല്‍കി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിതനായ ഉമ്മന്‍ ചാണ്ടി ആന്ധ്രയിലേക്ക് പോയതിനാല്‍ അദ്ദേഹത്തിന്റെ അഭാവത്തിലാണ് രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്നത്.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles