ലണ്ടന്‍: മദ്യലഹരിയില്‍ വിമാനം പറത്താനെത്തിയ പൈലറ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. മൗറീഷ്യസിലേക്ക് പുറപ്പെടാന്‍ തയ്യാറായ ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ നിന്നാണ് ഫസ്റ്റ് ഓഫീസറായ 49കാരനെ പോലീസ് നീക്കം ചെയ്തത്. മറ്റൊരു പൈലറ്റ് എത്തുന്നത് വരെ വിമാനത്തിന്റെ യാത്ര വൈകുകയും ചെയ്തു. അനുവദനീയമായതിലും ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ ലെവലുമായി വിമാനം പറത്താന്‍ ശ്രമിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവം ഗൗരവമായാണ് കാണുന്നതെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചു. ഗാറ്റ്വിക്കിലെ സൗത്ത് ടെര്‍മിനലില്‍ നിന്ന് പുറപ്പെടാന്‍ തയ്യാറായ ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ബോയിംഗ് 777 വിമാനത്തിനുള്ളിലായിരുന്നു സംഭവം.

മുന്നൂറോളം യാത്രക്കാരും ജീവനക്കാരും വിമാനത്തിനുള്ളിലുണ്ടായിരുന്നു. യാത്രക്കൊരുങ്ങിയ വിമാനത്തിലേക്ക് ആംഡ് പോലീസ് കടന്നു വന്നത് യാത്രക്കാരെ ഭീതിയിലാക്കി. എന്നാല്‍ കോക്പിറ്റിലേക്ക് പോയ പോലീസ് പൈലറ്റുമാരില്‍ ഒരാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് അതിശയത്തോടെയാണ് യാത്രക്കാര്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിലെത്തിയ പൈലറ്റിന് മദ്യത്തിന്റെ രൂക്ഷ ഗന്ധമുണ്ടായിരു. സഹപ്രവര്‍ത്തകരില്‍ ആരോ 999ല്‍ വിളിച്ച് ഇക്കാര്യം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയുമായിരുന്നു. മൂന്ന് പൈലറ്റുമാരില്‍ ഒരാളെയാണ് പോലീസ് വിമാനത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത് നീക്കിയത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.20നായിരുന്നു വിമാനം പുറപ്പെടാനിരുന്നത്. 8.25ന് തങ്ങള്‍ക്ക് വിവരം ലഭിച്ചെന്നും ഉടന്‍ തന്നെ പോലീസ് വിമാനത്തിലെത്തി പൈലറ്റിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് പകരം പൈലറ്റിനെ കണ്ടെത്തി 10.56നാണ് വിമാനം പുറപ്പെട്ടത്.