തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്ന് പരാതി പറഞ്ഞ സൈനികന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് ബന്ധുക്കള്‍. മരിച്ച് റോയ് മാത്യു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സൈന്യം പറയുന്നത്. എന്നാല്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതിന് അനുമതിയില്ലെന്ന് സൈനിക അധികൃതര്‍ പറഞ്ഞു. മൃതദേഹം കൊണ്ടുപോകുന്നതും സൈന്യം തടഞ്ഞു.
ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഒരു മറാത്തി ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉദ്യോഗസ്ഥ പീഡനത്തേക്കുറിച്ച് റോയ് മാത്യു പരാതി പറഞ്ഞത്. തന്നേക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കില്ലെന്ന ഉറപ്പിലാണ് വിവരങ്ങള്‍ പുറത്തു പറഞ്ഞതെന്ന് റോയ് വീട്ടുകാരോട് പറഞ്ഞിരുന്നു. രഹസ്യ ക്യമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ചാനല്‍ സംപ്രേഷണം ചെയ്യുകയായിരുന്നു. തന്റെ ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇതേത്തുടര്‍ന്ന് റോയ് വീട്ടുകാരോട് പറഞ്ഞിരുന്നു.

ഇതിനു ശേഷം മഹാരാഷ്ട്രയിലെ നാസിക്കിലെ ദേവലാലിയിലെ ക്യാമ്പിലാണ് റോയ് മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 25നാണ് റോയ് മാത്യൂ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. പിന്നീട് വിവരമൊന്നും ഇല്ലായിരുന്നു. നിരവധി തവണ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. ജവാനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് റോയ്മാത്യുവിന്റെ മൃതദേഹം ലഭിച്ചുവെന്ന് കരസേന അറിയിച്ചതെന്ന് ഇവര്‍ പറയുന്നു.