കണ്ണൂര്‍: കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്ന കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ 7 ബൂത്തുകളില്‍ റീപോളിംഗ് ആരംഭിച്ചു.
കണ്ണൂരിലെ നാലും കാസര്‍കോട്ടെ മൂന്നും മണ്ഡലങ്ങളിലാണ് റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. മിക്ക ബൂത്തുകളിലും രാവിലെ ആറരയോടെ തന്നെ വോട്ടര്‍മാരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു.

കര്‍ശന സുരക്ഷാസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. റീപോളിങ് നടക്കുന്ന ബൂത്തുകളില്‍ കര്‍ശനമായ നിരീക്ഷണസംവിധാനങ്ങള്‍ ഒരുക്കിയതായി കണ്ണൂര്‍ കളക്ടര്‍ മീര്‍ മുഹമ്മദലിയും കാസര്‍കോട് കളക്ടര്‍ ഡോ. ഡി. സജിത്ബാബുവും അറിയിച്ചു. ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങിനുപുറമേ വീഡിയോ കവറേജും ഉണ്ടാകും.

തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാകും പ്രിസൈഡിങ് ഓഫീസര്‍മാര്‍. വില്ലേജ് ഓഫീസര്‍ റാങ്കിലുള്ളവരെ സെക്ടര്‍ ഓഫീസര്‍മാരായും ചുമതലപ്പെടുത്തി. ഏപ്രില്‍ 23-ന് നടന്ന തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഒരുദ്യോഗസ്ഥന്‍വീതം എല്ലാ ബൂത്തിലും അധികമായുണ്ടാകും.

റീപോളിങ് നടക്കുന്ന ബൂത്തുകള്‍

പാമ്പുരുത്തി മാപ്പിള എ.യു.പി. സ്‌കൂള്‍, ബൂത്ത് നമ്പര്‍ 166, കുന്നിരിക്ക യു.പി. സ്‌കൂള്‍ ബൂത്ത് നമ്പര്‍ 52, 53, പിലാത്തറ യു.പി. സ്‌കൂള്‍ ബൂത്ത് നമ്പര്‍ 19, പുതിയങ്ങാടി ജുമാഅത്ത് ഹൈസ്‌കൂള്‍ -69, 70 ബൂത്തുകള്‍, കൂളിയാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ -ബൂത്ത് നമ്പര്‍ 48