രാജേഷ്‌ ജോസഫ്‌, ലെസ്റ്റെര്‍

“അസതോമ സദ്ഗമയ … തമസോമാ ജ്യോതിർഗമയ … മൃത്യോർമ അമൃതംഗമായ ഓം ശാന്തി ശാന്തി ശാന്തി ..”

പ്രകാശത്തിൻ പ്രഭ ഏവരിലും പരത്തുന്ന പുഞ്ചിരി വ്യക്തികളെയും ജീവിതങ്ങളെയും ഏറെ സ്വാധീനിച്ചതാണ്.പല സന്ദർഭങ്ങൾക്കും നിറച്ചാർത്തു നൽകി നമ്മുടെയൊക്കെ ജീവിതങ്ങളിൽ ഏറെ സ്വാധിനം ചെലുത്തുന്നു. ലോക ചരിത്ര താളുകളിൽ പുഞ്ചിരിക്കുന്ന ദൈവം അല്ലെങ്കിൽ ദൈവ സങ്കല്പത്തെപറ്റി അധികം ആരും വിവർത്തനങ്ങൾക്കു പാത്രമാക്കിയിട്ടില്ല. ശാസിക്കുന്ന ശിക്ഷിക്കുന്ന വിദൂരസ്ഥമായ ദൈവ സങ്കല്പങ്ങളും കരുണയുള്ള നീതിമാനായ സമീപസ്ഥങ്ങളായ കാഴ്ചപ്പാടുകളുമാണ് ഉടനീളം ദർശിക്കുന്നത്.

പുഞ്ചിരിക്കുന്ന ദൈവ സങ്കല്പത്തെ മനസ്സിലാക്കണമെങ്കിൽ വിവിധങ്ങളായ സ്ഥലങ്ങളിൽ അന്വേഷിക്കണമെന്നില്ല. അവനവൻറെ ഉള്ളിലേക്കുള്ള യാത്രയാണ് പുഞ്ചിരി പ്രഭ തൂകുന്ന ദൈവത്വം. അവബോധത്തിൽ നിന്നും സ്വയാവബോധത്തിലേക്കുള്ള യാത്ര. A JOURNEY FROM AWARENESS TO SELF AWARENESS . അസത്യത്തിൽ നിന്നും സത്യത്തിലേക്കും അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്കുള്ള യാത്രയായിരിക്കണം ജീവിതം എന്ന തീർത്ഥാടനം.

അറിവ് അഹങ്കാരമായി കരുതുന്ന മലയാളി സമൂഹങ്ങൾ സാക്ഷരതയിൽ 100 ശതമാനം പുലർത്തുന്നവർ നവോദ്ധാന പരിഷ്കാരത്തിനു കൊടിപിടിച്ചവർ ഈ വിശേഷണങ്ങളെല്ലാം സാദാരണ മലയാളിയുടെ മെറ്റഫോറുകളാണ് .ജീവിതം ധ്യനമായാൽ മനസിലാകും അറിവുകൾ എന്ന് നാം അവകാശപ്പെടുന്നവ പലതും നമ്മളെ രക്ഷിക്കുന്നില്ല എന്ന യാഥാർഥ്യം. അറിവില്ലായ്മയാണ് അറിവ് എന്ന വായന ശകലം ഓർമ വരുന്നു.

കേരളത്തിൽ ഉണ്ടായ ആനുകാലിക സംഭവങ്ങൾ നമ്മുടെ അറിവുകളുടെ പരിമിതി എത്ര അഗാതമാണ് എന്ന തിരിച്ചറിവ് നൽകുന്നു. ജ്ഞാനമില്ലാത്ത അറിവ് കൂപമണ്ഡൂകമാണ്. കിണറ്റിലെ തവളയുടെ വിചാരം അവന്റെ ലോകമാണ് ഏറ്റവും വലുത്. ഒരുവൻ അവനാൽ ബന്ധിതനായ അവസ്ഥ. തന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും തനിക്കു തുല്യരായി കാണാൻ സാധിക്കാത്തവർക്കു നീതി നിഷേധിയ്ക്കുന്നവർക്കു എങ്ങനെ ദൈവ സങ്കല്പത്തിലേക്കു യാത്ര സാധ്യമാകും. ലോക രാജ്യങ്ങൾ ഏറെ ആദരവോട് കാണുന്ന പുരാണങ്ങളും ഇതിഹാസങ്ങൾക്കും ജന്മം നൽകിയ നാട് മൗലിക സ്വാതന്ത്ര്യത്തിന് വില നൽകാത്തത് വിരോധാഭാസമാണ്.

മതത്തിന്റെ, ജാതിയുടെ, ഉപജാതിയുടെ വേലിക്കെട്ടുകൾ ഭേദിച്ച് അവനവന്റെ ഉള്ളിലേക്ക് നോക്കുന്ന ദൈവ സങ്കല്പത്തിലേക്കു യാത്ര ആരംഭിക്കാം. ഏതു വിഭാഗത്തിലുള്ളവർ എന്നതല്ല പ്രസക്തമായതു മറിച്ച് അഹം ബ്രഹ്മസിയാകുക എന്നുള്ളതാണ് . ഞാൻ തന്നെയാണ് ദൈവം എന്ന അഹങ്കാര മുക്തമായ തിരിച്ചറിവ് വരുമ്പോൾ ജീവിതം ആത്മീയ സന്തോഷത്തിൻ ബോധി പ്രകാശത്തിൽ അലിയുന്നു. നാസാരന്ത്രങ്ങളിലേക്കു അഭിനവിപ്പിച്ച ജീവൻ തുടിപ്പുകൾ പ്രോജ്വലിക്കുന്നു.

വയലിൽ നനയ്ക്കാൻ സഹായിച്ച ചിന്നിയ കുടവും നല്ല കുടവും യജമാനൻ അടുക്കൽ എത്തി ചിന്നിയ കുടം ഇങ്ങനെ പറഞ്ഞു. അല്ലയോ യജമാനൻ നിന്റെ വളർച്ചയിൽ എൻ പങ്കു ചെറുതാണ്, എന്നെ ഉടച്ചു നല്ല കുടം വാങ്ങികൊള്ളൂ. യജമാനൻ ചിന്നിയ കുടത്തോട് പറഞ്ഞു നിന്റെ വഴിത്താരകൾ നോക്കുക അവ പുഷ്പ സംപൃതമാണ്

ജീവിത യാത്രയിൽ ചിന്നിയ കുടങ്ങളെ , പാർശ്വവരിക്കപ്പെട്ടവരെ നാം അനുദിനം കാണുന്നു, സമൂഹത്തിൽ , സഹൃദങ്ങളിൽ, കുടുംബങ്ങളിൽ വ്യക്തി ബന്ധങ്ങളിൽ അങ്ങനെ സമസ്ത മേഖലകളിലും. നമുക്ക് അവരെ നമ്മോടൊപ്പം ചേർത്ത് പിടിക്കാം തുല്യ നീതി നൽകാം. നമ്മുടെ അറിവുകൾക്കും അനുഭവങ്ങൾക്കും അവർ താദാത്മ്യർ അല്ലായിരിക്കാം പക്ഷെ നമ്മുടെ ജീവിതത്തിൽ നിശബ്ദമായി പ്രഭ പരത്തുന്നവരാണവർ. സത്യം നമ്മെ സ്വതന്ത്രമാക്കട്ടെ.