ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധാരണക്കാര്‍ ഉപയോഗിച്ചു തുടങ്ങിയിട്ട് അധികകാലമായിട്ടില്ലെങ്കിലും ഇവയ്ക്ക് വലിയ ജനപ്രീതി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സിരി, അലെക്‌സ തുടങ്ങിയ സ്മാര്‍ട്ട് ആപ്പുകള്‍ ഇപ്പോള്‍ നിരവധി പേര്‍ ഉപയോഗിക്കുന്നുണ്ട്. ഈ ആപ്പുകള്‍ക്ക് നമ്മുടെ മനസിലുള്ള കാര്യങ്ങള്‍ വായിക്കാനാകുമോ എന്നതാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ അടുത്ത ഘട്ടമായി നടന്നുവരുന്ന ഗവേഷണം. ഇക്കാര്യത്തില്‍ ശാസ്ത്രജ്ഞന്‍മാര്‍ കാര്യമായ പുരോഗതി നേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പുതുതായി കണ്ടെത്തിയ സാങ്കേതികത ഉപയോഗിച്ച് സ്മാര്‍ട്ട് ഹോം ഡിവൈസുകളെ ചിന്തയിലൂടെ പ്രവര്‍ത്തിപ്പിക്കാനാകും. വിവങ്ങള്‍ ശേഖരിക്കാനും മെസേജുകള്‍ അയക്കാനും ഇതിലൂടെ സാധ്യമാകും. ഒരു ഇന്റലിജന്‍സ് ഡിവൈസാണ് കണ്ടെത്തിയിരിക്കുന്നത്. ഫോണ്‍ ഹെഡ്‌സെറ്റ് പോലെ തോന്നിക്കുന്ന ഈ ഉപകരണം മുഖത്ത് ധരിക്കാവുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിലെ ഇലക്ട്രോഡുകള്‍ മുഖത്തെ ന്യൂറോമസ്‌കുലര്‍ സിഗ്നലുകളെ വിശകലനം ചെയ്ത് വാക്കുകളാക്കി മാറ്റും. നാം മസ്തിഷ്‌കത്തില്‍ സംസാരിക്കുന്നത് ഈ ഉപകരണം വാക്കുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്.

ആമസോണ്‍ അലക്‌സ, ആപ്പിള്‍ സീരി എന്നിവ വോയ്‌സ് കമാന്‍ഡുകളെ മനസിലാക്കി പ്രവര്‍ത്തിക്കുന്നവയാണ്. അതില്‍ നിന്നും ഒരു പടി കൂടി കടന്നാണ് ഈ ഉപരകരണത്തിന്റെ പ്രവര്‍ത്തനം. ഈ സാങ്കേതികത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഉപയോഗിച്ചാല്‍ നാം മനസില്‍ വിചാരിക്കുന്ന കാര്യങ്ങളോട് പ്രതികരിക്കാന്‍ അവയ്ക്കാകും. മസാച്ച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകനും ഇന്ത്യന്‍ വംശജനുമായ അര്‍ണവ് കപൂറാണ് ഈ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിനു പിന്നില്‍.