തൻെറ രണ്ടാമത്തെ വയസ്സിൽ കുടുംബത്തോടൊപ്പം ബ്രിട്ടനിലേക്ക് കുടിയേറിയ അന്ന അമാറ്റോ എന്ന സ്ത്രീക്ക് ബ്രക്സിറ്റിൻെറ അനന്തരഫലമായി ഗവൺമെൻെറ സെറ്റിൽഡ് സ്റ്റാറ്റസ് പദവി വിലക്കി. ഇറ്റലിയിൽ നിന്നും തന്റെ മാതാപിതാക്കളായ മാരിയോയോടും, ചിയരായോടുമൊപ്പം രണ്ടാമത്തെ വയസ്സിൽ ബ്രിട്ടനിലേക്ക് കുടിയേറിയ അന്ന, 55 വർഷമായി ബ്രിസ്റ്റോളിൽ താമസിക്കുകയാണ്. 57 വയസ്സുള്ള അന്നയുടെ സ്കൂൾ വിദ്യാഭ്യാസവും, യൂണിവേഴ്സിറ്റി വിദ്യാഭ്യാസവുമെല്ലാം ബ്രിട്ടനിൽ ആയിരുന്നു. തന്റെ നാലു ദശാബ്ദം നീണ്ട ജോലിയിൽ ഏകദേശം അഞ്ചു ലക്ഷം പൗണ്ടോളം ടാക്സ് ഗവൺമെന്റിന് നൽകിയിട്ടുണ്ട്.

ബ്രിട്ടീഷുകാരനായ കൊന്നെല്ലിനെ വിവാഹം കഴിച്ച അന്നക്ക് രണ്ട് കുട്ടികളുമുണ്ട്. എന്നാൽ ബ്രെക്സിറ്റ്‌ മൂലം അന്നയ്ക്ക് പൗരത്വം നിഷേധിക്കപ്പെടുകയാണ്.തൻെറ വാദം തെളിയിക്കുവാൻ അന്നയ്ക്ക് മതിയായ രേഖകൾ ഇല്ലെന്നാണ് ഗവൺമെന്റ് ഉന്നയിക്കുന്ന ആരോപണം. എന്നാൽ 35 പൗണ്ട് കൊടുത്ത് പോസ്റ്റ് ചെയ്യാൻ മാത്രമുള്ള രേഖകൾ തന്റെ പക്കലുണ്ടെന്ന് അന്ന അവകാശപ്പെട്ടു. താൻ എവിടെ പോകും എന്ന ആശങ്കയിലാണ് അന്ന. അന്നയെപോലെ ഇതേ അവസ്ഥയിൽ ഉള്ള ആളുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്.

ഏകദേശം 3.5 മില്യൺ ആളുകളുടെ ഭാവി ബ്രെക്സിറ്റിനു ശേഷം ആശങ്കയിലാണ്. അതിൽ ഭൂരിഭാഗവും വാർദ്ധക്യത്തിലെത്തിയ വ്യക്തികളാണ്. തങ്ങളുടെ ആയുസ്സിന്റെ മുക്കാൽ പങ്കും ബ്രിട്ടനിൽ ജീവിച്ച അവർ ബ്രക്സിറ്റോടു കൂടി പുറത്താക്കപ്പെടുമോ എന്ന ആശങ്കയിലാണ്. ബ്രിട്ടനിൽ താമസിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലെ വ്യക്തികൾക്ക് 2020 വരെ തങ്ങളുടെ അവകാശങ്ങൾ സ്ഥാപിക്കാൻ ബ്രിട്ടൻ ഗവൺമെന്റ് സമയം അനുവദിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ വാഗ്ദാനത്തിന്റെ കാര്യത്തിലും ആളുകളിൽ സംശയം ഉളവായിരിക്കുകയാണ്.

ബ്രെക്സിറ്റിനെ എങ്ങിനെയും നടപ്പിലാക്കാനാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റ് സെപ്റ്റംബർ പകുതിവരെ പിരിച്ചു വിട്ടിരിക്കുന്നത്. ബ്രെക്സിറ്റിനെ എതിർക്കുന്ന എംപിമാരെ നേരിടാനാണ് ഈ നടപടി . അന്നയെ പോലെ അനേകമാളുകളുടെ ഭാവി പ്രതിസന്ധിയിലാണ്. പൗരത്വത്തിന് ആയി അന്നയ്ക്ക് ഭർത്താവിലൂടെ അപേക്ഷിക്കാം പക്ഷെ , ഇത് വളരെ ചിലവേറിയതാണ്. യൂറോപ്യൻ യൂണിയനിൽ നിന്ന് വന്ന ആൾക്കാർക്ക് ബ്രിട്ടനിൽ വളരെ പ്രതിസന്ധി ഉണ്ടാകുമെന്ന അഭിപ്രായം പരക്കെ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രതിസന്ധി ഒന്നുമില്ലെന്നും എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കാൻ ഗവൺമെന്റ് സന്നദ്ധമാണെന്നും ആഭ്യന്തര വകുപ്പ് ഓഫീസ് അറിയിച്ചു..