മാതാപിതാക്കള്‍ കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ സൈക്കോളജിസ്റ്റുകളുടെ ക്യാംപെയിന്‍. കുട്ടികളെ തല്ലുന്നത് നിയമപരമായി നിരോധിക്കണമെന്ന് ടിയുസി കോണ്‍ഗ്രസില്‍ അസോസിയേഷന്‍ ഓഫ് എഡ്യുക്കേഷണല്‍ സൈക്കോളജിസ്റ്റ് എന്ന സംഘടനയാണ് നിര്‍ദേശിച്ചത്. കാരണമുണ്ടെങ്കില്‍ കുട്ടികളെ തല്ലാനും ശിക്ഷിക്കാനും അനുമതി നല്‍കുന്ന നിയമ വ്യവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. എന്നാല്‍ കുട്ടികളെ തല്ലുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ക്യാംപെയിനര്‍മാര്‍ ആവശ്യപ്പെടുന്നു. സ്‌കോട്ടിഷ് പാര്‍ലമെന്റ് ശാരീരികമായി കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിക്കാനുള്ള നടപടികളിലാണ്. ഇംഗ്ലണ്ടും ഇതിനെ പിന്തുടര്‍ന്ന് നിയമനിര്‍മാണം നടത്തിയേക്കുമെന്നാണ് കരുതുന്നത്.

സ്‌കോട്ട്‌ലന്‍ഡ് പാസാക്കുന്ന നിയമമനുസരിച്ച് കുട്ടികളുടെ പിന്നില്‍ ചെറുതായി തല്ലിയാല്‍ പോലും അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാം. ഗാര്‍ഹിക പീഡനത്തിന് സമാനമാണ് കുട്ടികളെ തല്ലുന്നതെന്നും ബില്ലില്‍ പറയുന്നു. എന്നാല്‍ സ്‌നേഹപൂര്‍വം കുട്ടികളുടെ ശരീരത്തില്‍ തട്ടുന്നതു പോലും ക്രിമിനല്‍ കുറ്റമാകാവുന്ന വിധത്തിലല്ല ഇത് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ബില്ല് മുന്നോട്ടുവെച്ച ജോണ്‍ ഫിന്നി പറയുന്നു. മാതാപിതാക്കള്‍ ശിക്ഷിക്കുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നാണ് ചില ‘വിദഗ്ദ്ധര്‍’ പറയുന്നത്. എന്നാല്‍ ഇത് അസംബന്ധമാണെന്ന് ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഫാമിലി പ്ലാനിംഗ് പ്രൊഫസറായ റോബര്‍ട്ട് ലാര്‍സെലേര്‍ പറയുന്നു.

കുട്ടികളെ ശിക്ഷിക്കുന്നതിനെതിരെ നടക്കുന്ന ക്യാംപെയിന്‍ ശരിയായ പഠനങ്ങളുടെ പിന്തുണയോടെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫഷണല്‍, പൊളിറ്റിക്കല്‍ ക്ലാസ് സ്വീകരിച്ചിരിക്കുന്ന ഊതി വീര്‍പ്പിക്കപ്പെട്ട വിശ്വാസ സംഹിതയുടെ പ്രതിഫലനമാണ് ഈ പ്രചാരണത്തിനു പിന്നില്‍. കുട്ടികള്‍ അങ്ങേയറ്റം ദുര്‍ബലചിത്തരാണെന്നും അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അവര്‍ക്ക് ദോഷകരമാകുമെന്നുമാണ് ഇത്തരക്കാര്‍ ചിന്തിക്കുന്നത്. അതുകൊണ്ടാണ് കുട്ടികളുടെ നേരെ ശബ്ദമുയര്‍ത്തുന്നതു പോലും പീഡനമായി എന്‍എസ്പിസി കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.