ആഷ്‌ഫോർഡ് :- തപ്പിന്റെയും, കിന്നരത്തിന്റെയും, കൈത്താളത്തിന്റെയും അകമ്പടിയോടെ നവീന ഗാനങ്ങളുമായി കഴിഞ്ഞ മൂന്നാഴ്ച്ചക്കാലം ആഷ്‌ഫോർഡ് മലയാളി അസോസിയേഷന്റെ പ്രവർത്തകർ ദിവ്യരക്ഷകന്റെ തിരുപ്പിറവിയുടെ ദൂത് നൽകിയും, പുതുവത്സര ആശംസകൾ നേർന്നും, അസോസിയേഷൻ അംഗങ്ങളായ മുഴുവൻ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് ആഷ്‌ഫോർഡിലെ എല്ലാ മലയാളി ഭവനങ്ങളും സന്ദർശിച്ചു. കുട്ടികൾ, സ്ത്രീകൾ, മുതിർന്നവർ എന്നിവരുടെ ശക്തമായ സഹകരണം കരോൾ സർവീസിന് ഉണ്ടായിരുന്നുവെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

കരോളിന്റെ അവസാനദിവസം ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷത്തിന്റെ ലോഗോ “വെള്ളിത്താരം” അസോസിയേഷൻ പ്രസിഡന്റ് സജികുമാർ ഗോപാലൻ പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാത്യുസിനു നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ശേഷം ക്രിസ്തുമസ് കരോൾ സർവീസ് വൻ വിജയമാക്കി തീർത്ത ഏവർക്കും സെക്രട്ടറി ജോജി കോട്ടക്കൽ നന്ദി പ്രകാശിപ്പിച്ചു.

“വെള്ളിത്താരം” – 2019ജനുവരി 11- )o തീയതി ശനിയാഴ്ച വൈകിട്ട് 3 മണി മുതൽആഷ്ഫോർഡ് നോർട്ടൻ നാച്ച്ബുൾ സ്കൂളിൽ (Norton Knatchbull ) വച്ച് ആഷ്‌ഫോർഡ് മലയാളി അസോസിയേഷന്റെ 15 -)o മത് ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ (“വെള്ളിത്താരം”) നടത്തപ്പെടുന്നു.

ആഷ്‌ഫോർഡ് മലയാളി അസോസിയേഷന്റെ മുൻ ആഘോഷങ്ങളിൽ 100 ൽ പരം ആളുകളെ പങ്കെടുപ്പിച്ച് വൻ വിജയം വരിച്ച ഫ്ലാഷ് മോബിൽ നിന്നും, മെഗാ തിരുവാതിരയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 50 ൽ പരം യുവതികളെ അണിനിരത്തി ക്രിസ്ത്യൻ നൃത്തരൂപമായ മെഗാ മാർഗ്ഗം കളിയോടുകൂടി പരിപാടികൾക്ക് തുടക്കംകുറിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പ്രസിഡന്റ് സജികുമാർ ഗോപാലൻ ഉദ്ഘാടനം ചെയ്യും. ലീഗൽ അഡ് വൈസറും, സാമൂഹ്യപ്രവർത്തകനും, പ്രശസ്ത വാഗ്മിയുമായ ജേക്കബ് എബ്രഹാം ക്രിസ്തുമസ് ദൂത് നൽകും.

5 മണിക്ക് “വെള്ളിത്താരം” ആഘോഷങ്ങൾക്ക് തിരശീല ഉയരും. പെൺകുട്ടികളുടെ 10 മിനിറ്റ് നീണ്ടുനിൽക്കുന്ന അവതരണ നൃത്തത്തോടെ പരിപാടികൾ ആരംഭിക്കും. 70 ൽ പരം കലാകാരൻമാരും, കലാകാരികളും ചേർന്ന് അവതരിപ്പിക്കുന്ന “വെള്ളിത്താരം” നൃത്ത സംഗീത ശിൽപവും, ക്ലാസിക്കൽ ഡാൻസ്, സ്കിറ്റ്, സിനിമാറ്റിക് ഡാൻസുകൾ എന്നിവയാൽ “വെള്ളിത്താരം”സമ്പന്നമായ ഒരു കലാവിരുന്നും, വ്യത്യസ്ത അനുഭവവും ആയിരിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാത്യുസ് അറിയിച്ചു. വെള്ളിത്താരത്തിന്റെ വിജയത്തിനായി എല്ലാ അംഗങ്ങളുടെയും സാന്നിധ്യ സഹകരണമുണ്ടാകണമെന്ന് മലയാളി അസോസിയേഷന്റെ ഭാരവാഹികളും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അഭ്യർത്ഥിച്ചു.