ആഷ്‌ഫോര്‍ഡുകാരുടെ കര്‍മ്മപരിപാടികള്‍ക്ക് തിരിതെളിഞ്ഞു; ആഹ്ലാദം തിരതല്ലിയ ബാര്‍ബിക്യൂ പാര്‍ട്ടിയും കുടുംബസംഗമവും എല്ലാവരും മതിമറന്ന് ആഘോഷിച്ചു

ആഷ്‌ഫോര്‍ഡുകാരുടെ കര്‍മ്മപരിപാടികള്‍ക്ക് തിരിതെളിഞ്ഞു; ആഹ്ലാദം തിരതല്ലിയ ബാര്‍ബിക്യൂ പാര്‍ട്ടിയും കുടുംബസംഗമവും എല്ലാവരും മതിമറന്ന് ആഘോഷിച്ചു
June 18 06:35 2018 Print This Article

ആഷ്‌ഫോര്‍ഡ്: 2018-19ലെ കര്‍മ്മപരിപാടികള്‍ വില്ലിസ്‌ബോറോ റീജിയണല്‍ ഗ്രൗണ്ടില്‍ നടന്ന ബാര്‍ബിക്യൂവും കുടുംബസംഗമവും ടീനേജേഴ്‌സ് ഫുട്‌ബോള്‍ മത്സരത്തോടും കൂടി ആരംഭം കുറിച്ചു. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായി നടത്തിയ ബാര്‍ബിക്യൂ പാര്‍ട്ടിയും കുടുംബസംഗമവും ആസോസിയേഷന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് കെന്റ് ഫുട്‌ബോള്‍ ലീഗിലെ വിവിധ ക്ലബ്ബുകളില്‍ കളിക്കുന്ന ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ കൗമാരക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫുട്‌ബോള്‍ മത്സരം അരങ്ങേറി. തുടര്‍ന്ന് നടന്ന കുടുംബ സംഗമത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി നഴ്‌സിന് ബ്രിട്ടീഷ് രാജ്ഞിയുടെ ഗാര്‍ഡന്‍ പാര്‍ട്ടിയിലേക്ക് പ്രവേശനം ലഭിച്ച ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സജീവ പ്രവര്‍ത്തകയായ അജിമോള്‍ പ്രദീപിനെ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫും സെക്രട്ടറി ട്രീസ സുബിനും ഉപഹാരം നല്‍കിയ ആദരിച്ചു.

ഭാരതത്തിലെ പത്മ അവാര്‍ഡുകള്‍ക്ക് തുല്യമായ ബഹുമതി അജിമോള്‍ക്ക് ലഭിച്ചതില്‍ യുകെയിലെ പ്രവാസികളായ എല്ലാ മലയാളികള്‍ക്കും വിശിഷ്യ അജിമോള്‍ പ്രദീപ്, ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ അംഗവും ആയതില്‍ അസോസിയേഷനിലെ ഓരോ അംഗങ്ങള്‍ക്കും അഭിമാനമുണ്ടെന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് അവാര്‍ഡിന് അര്‍ഹയായതില്‍ സന്തോഷവും തന്റെ കുടുംബമായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷനില്‍ നിന്ന് ലഭിച്ച സ്വീകരണത്തിനും അഭിനന്ദനങ്ങള്‍ക്കും നന്ദിയും അറിയിച്ചു.

കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു കുടുംബസംഗമം സംഘടിപ്പിച്ചത്. കുട്ടികളും മുതിര്‍ന്നവരുമായി ഒരു ജനസഞ്ചയം തന്നെ വില്ലിസ്‌ബോറോ ഗ്രൗണ്ടില്‍ എത്തിയിരുന്നു.

ഇത്തരം ഒരു കുടുംബ സംഗമം സംഘടിപ്പിച്ചത് വളര്‍ന്നു വരുന്ന തലമുറയ്ക്ക് സ്‌പോര്‍ട്‌സില്‍ ആഭിമുഖ്യം ജനിപ്പിക്കുന്നതിനു വേണ്ടിയാണെന്ന് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും മോളി ജോജി, ട്രീസാ സുബിന്‍, സിജോ, ജെറി ജോസ് എന്നിവര്‍ അഭിപ്രായപ്പെട്ടു. പരിപാടികള്‍ കഴിഞ്ഞ് അംഗങ്ങള്‍ ഭവനത്തിലേക്ക് പിരിയുമ്പോള്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു, ”നല്ല തുടക്കം”.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles