ആഷ്‌ഫോര്‍ഡ്: ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 13-ാമത് ഓണാഘോഷം ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച് ബുള്‍ (NORTON KNATCHBULL) സ്‌കൂളില്‍ (മാവേലി നഗര്‍) രാവിലെ 9.45ന് സ്‌കൂള്‍ മൈതാനത്തില്‍ നിന്നാരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയോടെ തുടക്കമായി. ഘോഷയാത്രക്ക് സോനു സിറിയക്ക് (പ്രസിഡന്റ്), ജോജി കോട്ടയ്ക്കല്‍ (വൈസ് പ്രസിഡന്റ്), രാജീവ് തോമസ് (സെക്രട്ടറി) ലിന്‍സി അജിത്ത് (ജോ. സെക്രട്ടറി), മനോജ് ജോണ്‍സണ്‍ (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കി. ഘോഷയാത്രയില്‍ മാവേലി, പുലികളി, നാടന്‍ കലാരൂപങ്ങള്‍, കറ്റ ചുമക്കുന്ന കര്‍ഷകസ്ത്രീ, തൂമ്പ ഏന്തിയ കര്‍ഷകന്‍, വിവിധ മതപുരോഹിതരുടെ പ്രച്ഛന്ന വേഷങ്ങളും, മധുമാരാരും, ജോളി ആന്റെണിയും ചേര്‍ന്നവതരിപ്പിച്ച ചെണ്ടമേളവും അകമ്പടി സേവിച്ചു.

തുടര്‍ന്ന് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ കൗമാരക്കാരും മുതിര്‍ന്നവരും കൂടി അവതരിപ്പിച്ച മെഗാതിരുവാതിരയും, 9 ഗാനങ്ങള്‍ക്ക് അനുസൃതമായി അവതരിപിച്ച ഫ്‌ളാഷ്് മോബില്‍ ആഷ്‌ഫോര്‍ഡിലെ ആബാലവൃദ്ധജനങ്ങളും പങ്കെടുത്തു. ഈ പരിപാടികള്‍ ആഷ്‌ഫോര്‍ഡുകാര്‍ക്ക് പുതിയൊരനുഭവമായി. ശേഷം സംഘടനയിലെ കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിവരുടെ വാശിയേറിയ വടംവലി മത്സരം നടന്നു. അതേപോലെ അത്തപ്പൂക്കള മത്സരത്തില്‍ മൂന്ന് ടീമുകള്‍ പങ്കെടുത്തു. നാടന്‍ പഴവും, മൂന്ന് തരം പായസവും ഉള്‍പ്പെടെ 27 ഇനങ്ങള്‍ തൂശനിലയില്‍ വിളമ്പി കൊണ്ടുള്ള തിരുവോണസദ്യ അതീവ ഹൃദ്യമായിരുന്നു.

സദ്യക്ക് ശേഷം നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് അധ്യക്ഷന്‍ ആയിരുന്നു. സുപ്രസിദ്ധ സാഹിത്യകാരിയും ന്യൂഹാം മുന്‍ സിവിക് മേയറുമായിരുന്ന ഡോ. ഓമന ഗംഗാധരന്‍ മുഖ്യാതിഥി ആയിരുന്നു. സമ്മേളനത്തില്‍ സെക്രട്ടറി രാജീവ് തോമസ് സ്വാഗതം ആശംസിച്ചു. മുന്‍ പ്രസിഡന്റ് മിനി, അലന്‍ സുനില്‍ (യുവജന പ്രതിനിധി) എന്നിവര്‍ ആശംസ പ്രസംഗം നടത്തി. മനോജ് ജോണ്‍സണ്‍, മാവേലിയായ ജോജി കോട്ടക്കല്‍, ആഗ്ന ബിനോയി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ചലച്ചിത്ര സാംസ്‌കാരിക, രാഷ്ട്രീയ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ ഡോ. ഓമന ഗംഗാധരനെ പ്രസിഡന്റ് പൊന്നാട ചാര്‍ത്തിയും അസോസിയേഷന്റെ ഉപഹാരം നല്‍കിയും ആദരിച്ചു. കഴിഞ്ഞ 11 വര്‍ഷം മാവേലിയെ അവതരിപ്പിക്കുന്ന ജോജി കോട്ടക്കലിനെ ഡോ.ഓമന ഗംഗാധരന്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു. സമ്മേളനത്തില്‍ ജോ. സെക്രട്ടറി ലിന്‍സി അജിത്ത് നന്ദി രേഖപ്പെടുത്തി.

ഇംഗ്ലണ്ടിന്റെ ഉദ്യാനമായ കെന്റിലേയും കേരളനാടിന്റെ ചാരുതയാര്‍ന്ന സുന്ദരദൃശ്യങ്ങളും കോര്‍ത്തിണക്കിയുള്ള എ.എം.എയുടെ അവതരണ ഗാനത്തോടെയും മുപ്പതോളം കലാകാരന്മാരും കലാകാരികളും ചേര്‍ന്നവതരിപ്പിച്ച രംഗപൂജയുടെയും കലാപരിപാടികള്‍ക്ക് (ആവണി 2017) തുടക്കമായി. പൂതപ്പാട്ട്, സ്‌കിറ്റുകള്‍, പദ്യപാരായണം, നാടോടിനൃത്തം, ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് എന്നിവ ആവണി 2017 ന്റെ സവിശേഷതളായിരുന്നു. ആവണി 2017 ല്‍ അവതരിപ്പിച്ച പരിപാടികള്‍ കരളിലും മനസിലും കുളിരലകള്‍ ഉണര്‍ത്തിയെന്ന് കാണികള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

രാത്രി 10.00 മണിയോടു കൂടി പരിപാടികള്‍ അവസാനിച്ചു. ആവണി 2017 മഹാവിജയമാക്കി തീര്‍ത്ത എല്ലാവര്‍ക്കും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യൂസ് നന്ദി പ്രകാശിപ്പിക്കുകയും വരാനിരിക്കുന്ന എല്ലാ പരിപാടികള്‍ക്കും നിര്‍ലോഭമായ സഹായ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.