ജോണ്‍സണ്‍ ആഷ്‌ഫോര്‍ഡ്

ആഷ്ഫോര്‍ഡ്: ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 13-ാമത് ”കായികമേള” ആഷ്ഫോര്‍ഡ് വില്ലെസ്ബൊറോ (Willesborough) ഗ്രൗണ്ടില്‍ പ്രൗഢഗംഭീരമായി രണ്ട് ദിവസങ്ങളിലായി നടന്നു. ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോനു സിറിയക്ക് കായികമേള ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ രാജീവ്, ലിന്‍സി അജിത്ത്, ജോജി കോട്ടക്കല്‍, മനോജ് ജോണ്‍സന്‍ എന്നിവരും, കമ്മിറ്റി അംഗങ്ങളും സ്പോര്‍ട്സ് കമ്മിറ്റി അംഗങ്ങളും നൂറ് കണക്കിന് അസോസിയേഷന്‍ അംഗങ്ങളും ചേര്‍ന്ന് കായികമേള മഹാസംഭവമാക്കി മാറ്റി.

ആദ്യ ദിവസം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രായക്രമമനുസരിച്ച് വിവിധ കായിക മത്സരങ്ങള്‍, പല വേദികളിലായി സംഘാടകര്‍ ഒരുക്കിയിരുന്നു. ഗൃഹാതുരത്വമുണര്‍ത്തുന്ന വോളിബോള്‍ മത്സരം കാണികളെ ഹരം കൊള്ളിച്ചു.

ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയുടെ ലോഗോ (ആവണി 2017) പ്രസിഡന്റ് സോനു സിറിയക്ക് പ്രകാശനം ചെയ്ത്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യൂസിന് കൈമാറി.

രണ്ടാം ദിവസം ആവേശകരമായ ഫുട്ബോള്‍ മത്സരവും അവസാന പന്ത് വരെ ഉദ്യേഗമുണര്‍ത്തിയ ക്രിക്കറ്റ് മത്സരവും ദര്‍ശിക്കാന്‍ സ്വദേശികളും വിദേശികളുമടക്കം അനവധി ആളുകള്‍ പവലിയനില്‍ സന്നിഹിതരായിരുന്നു. സ്ത്രീകളുടെ കബഡി കളി കാണികളില്‍ കൗതുകമുണര്‍ത്തി. സ്നേഹവിരുന്നും, സജി കുമാര്‍ തയ്യാറാക്കിയ നാടന്‍ സംഭാരവും മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും വേറിട്ട അനുഭവമായിരുന്നു. സമാപന ദിവസം ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സെക്രട്ടറി രാജീവ് തോമസ് കായികമേള മഹാമേളയാക്കിയ ഏവരോടും നന്ദി പ്രകാശിപ്പിച്ചു.

ആവണി 2017

ഗൃഹാതുര സ്മരണകള്‍ നിറയുന്ന തിരുവോണത്തെ വരവേല്‍ക്കാന്‍ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. നിറപറയും നിലവിളക്കും സാക്ഷിയാക്കി കെന്റെ കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സെപ്തംബര്‍ 16-ാം തീയതി ശനിയാഴ്ചയാണ് ഓണം ആഘോഷിക്കുന്നത്.

സമൃദ്ധമായ ഓണസദ്യക്ക് ശേഷം ‘ആവണി 2017’ നു തിരിതെളിയും. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനവും ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.