തിരുവനന്തപുരം: ഫോണ്‍ വിളിക്കാന്‍ മറന്ന എസ്‌ഐക്ക് പാറാവ് പണികൊടുത്ത എഎസ്പിയുടെ നടപടി വിവാദത്തില്‍. നെടുമങ്ങാട് എഎസ്പി സുജിത് ദാസാണ് എസ്‌ഐയെ ഒരു പകല്‍ മുഴുവന്‍ പാറാവ് നിര്‍ത്തി വിവാദത്തില്‍ പെട്ടിരിക്കുന്നത്.

രാവിലെ 10 മുതല്‍ രാത്രി വൈകിയും ശിക്ഷ നടത്തുകയായിരുന്നു. രാവിലെ മണിക്കൂറുകളില്‍ നിര്‍ത്തിയും തുടര്‍ന്ന് കസേര നല്‍കി ഇരുത്തിയമാണ് ശിക്ഷ നടത്തിയത്.

തന്റെ അധികാരപരിധിയിലുള്ള എസ്‌ഐയോട് രാവിലെ തന്നെ വിളിക്കുവാന്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട് അതില്‍ നിന്നും വീഴ്ച വരുത്തിയതിനാണ് എഎസ്പി ശിക്ഷിക്കാന്‍ കാരണമായത്. തുടര്‍ന്നാണ് എസ്‌ഐയെ വിളിച്ചുവരുത്തി ശിക്ഷിച്ചത്.

എസ്‌ഐക്ക് പാറാവ് നില്‍ക്കുന്നതിന് വേണ്ടി നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആളെ മാറ്റിയെന്നും റിപ്പോര്‍ട്ടുണ്ട്. സന്ദര്‍ശകര്‍ എത്തുമ്പോള്‍ വാതില്‍ തുറന്നുകൊടുക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, യോഗത്തിനു വിളിപ്പിച്ചതാണെന്നും മറ്റുള്ളതെല്ലാം ആരോപണങ്ങളുമാണെന്നും എഎസ്പി പറഞ്ഞു.