തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ്മാസത്തിലേക്ക് നീട്ടരുതെന്ന് സിപിഐഎം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് തിയതി നിശ്ചയിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി കേരളത്തിലെത്തിയ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിലാണ് സിപിഎം ഈ ആവശ്യം അറിയിച്ചത്. തോമസ് ഐസക്കാണ് സിപിഐഎം നിലപാടറിയിച്ചത്. ഏപ്രില്‍ ആദ്യ വാരമോ അവസാനവാരമോ തെരഞ്ഞെടുപ്പ് നടത്തണം. വിഷു ആഘോഷങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് നടത്തരുതെന്നും കമ്മീഷനില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തോമസ് ഐസക് മാധ്യമങ്ങളെ അറിയിച്ചു.
എന്നാല്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ അവസാനമോ മെയ് ആദ്യ വാരമോ നടത്തണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഏപ്രില്‍ അവസാനം തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. ഇത് ഒറ്റഘട്ടമായി വേണമെന്നും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കേരളത്തിലെത്തിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍ നിലപാടറിയിച്ചത്.

മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഡോ.നസീം സെയ്ദി, അംഗങ്ങളായ എ.കെ.ജോതി, ഓം പ്രകാശ് റാവത്ത് എന്നിവരും കമ്മിഷനിലെ ഡെപ്യൂട്ടി കമ്മിഷണര്‍മാരുമാണ് എത്തിയത്. ബുധനാഴ്ച രാത്രിയില്‍ സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഇ.കെ.മാജിയുമായി സംഘം ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട 10 രാഷ്ട്രീയപാര്‍ട്ടികളുമായാണ് ചര്‍ച്ചനടത്തുന്നത്. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥന്‍മാരുമായും ജില്ലാ കളക്ടര്‍മാരുമായും കമ്മീഷന്‍ ചര്‍ച്ച നടത്തും.