അശാന്തിയും അരാജകത്വവും അധികാര ഭ്രമവും അന്ധവിശ്വാസങ്ങളും വിദ്വേഷങ്ങളും അതിന്റെ പാരമ്യതയില്‍ നിറഞ്ഞാടുന്ന ഈ നൂറ്റാണ്ടിലും ശാന്തിയുടെയും സമാധാനത്തിന്റെയും വിനയത്തിന്റെയും സര്‍വ്വോപരി പരസ്പര സ്‌നേഹത്തിന്റെയും മറ്റൊരോര്‍മ്മപ്പെടുത്തലുമായി ഒരിക്കല്‍ കൂടി നാമെല്ലാം ക്രിസ്തുമസ് ആഘോഷിച്ചു. പതിവു തെറ്റാതെ പുതുപുത്തന്‍ പ്രതീക്ഷകളും തീരുമാനങ്ങളുമായി പുത്തനുണര്‍വോടെ നാമെല്ലാം പുതുവര്‍ഷത്തെ പുല്‍കി.

കാലിത്തൊഴുത്തില്‍ പിറന്നവനെ ഡിജിറ്റല്‍ പുല്‍ക്കൂട്ടില്‍ വീണ്ടും പുനര്‍ജനിപ്പിക്കുന്നവരും ദരിദ്രനായി പിറന്നവന്റെ ജന്മദിനം സമ്പന്നതയുടെ ധാരാളിപ്പായി മാറിയതുമെല്ലാം വിധി വൈരുധ്യം എന്നല്ലാതെന്തു വിളിക്കും. കലാകേരളം ഗ്ലാസ്‌ഗോയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മുന്‍വര്‍ഷങ്ങളേക്കാള്‍ ഇരട്ടിതിളക്കമുണ്ട് കാരണം ഗ്ലാസ് ഗോയിലെ 40 കുടുംബങ്ങള്‍ ചേര്‍ന്നുള്ള ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ 20 ലക്ഷത്തിലധികം രൂപയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് ഈ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നടത്തിയത്.

പ്രളയത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന എറണാകുളം ജില്ലയിലെ കാലടിയില്‍ പുതിയ രണ്ടു വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. പ്രളയകാലത്ത് ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ മുപ്പതിലധികം ദുരിതാശ്വസ ക്യാമ്പുകളില്‍ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും എത്തിക്കുവാനും ഭാഗികമായി തകര്‍ന്ന രണ്ടു വീടുകള്‍ പുനരധിവാസ യോഗ്യമാക്കി നല്‍കുവാനും കലാകേരളം സംഘടനയ്ക്ക് സാധിച്ചു. ഇതു കൂടാതെ എറണാകുളം ജില്ലയിലെ വെട്ടിക്കുഴിയിലുള്ള സ്മയില്‍ വില്ലേജിലെ 60ല്‍പ്പരം അന്തേവാസികള്‍ക്കായി ക്രിസ്മസ് ആഘോഷവും സ്‌നേഹവിരുന്നും ഒരുക്കി.

കലാകേരളം ഗ്ലാസ് ഗോയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ് സഹകരിച്ച എല്ലാ സുമനസ്സുകള്‍ക്കും അകമഴിഞ്ഞ നന്ദിയും, പുല്‍ക്കൂട്ടില്‍ പിറന്നവന്റെ കൃപാകടാക്ഷവും നേരുന്നതോടൊപ്പം ഏവര്‍ക്കും ക്രിസ്തുമസ്സ് – നവവത്സരാഘോഷരാവിലേയ്ക്ക് ഹൃദ്യമായ സ്വാഗതം. ഇന്ന് (04/01/2019) വൈകുന്നേരം 5 മണിക്ക് കോട്ട് ബ്രിഡ്ജിലുള്ള സെന്റ് മേരീസ് പള്ളി ഹാളില്‍ വെച്ച് നടത്തപ്പെടുന്ന ആഘോഷ വേളയില്‍ മാജിക് ഷോ, ഡിസ്‌ക് ജോക്കി (DJ), കരോള്‍ സിംഗിങ്ങ്, മറ്റു കലാപരിപാടികളും സ്‌നേഹവിരുന്നും നടത്തപ്പെടുന്നു.

വിലാസം

St Mary’s chapel
10 Hozier St
Coatbridge
ML5 4DB.