ലണ്ടന്‍: സ്‌നേഹം, ധര്‍മ്മം, അനുകമ്പ, ദയ ഇവക്ക് ജാതി മതങ്ങളില്ല. ഒരല്‍പം കരുണയും കാരുണ്യവും ചൊരിയാന്‍ മതങ്ങളുടെ കാര്‍മേഘങ്ങള്‍ ആവശ്യമുണ്ടോ? ഇല്ല എന്നതാണ് ഉത്തരം. മറ്റ് മത വിശ്വാസങ്ങളെ വെറുക്കാനും ഉപദ്രവിക്കാനും തന്ത്രപ്പെടുന്ന മതങ്ങള്‍ എത്ര ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്താലും അതിന്റ പിന്നാമ്പുറ രഹസ്യങ്ങള്‍ ജനങ്ങളില്‍ സംശയങ്ങള്‍ ജനിപ്പിക്കാറുണ്ട്. ഇത് സാമൂഹികമായ അരാജകത്തുമാണ് നല്‍കുന്നത്. ഇവിടെയാണ് സ്വതന്ത്ര-മതേതര-വികസിത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി. കേരളത്തിന്റ വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മതങ്ങളുടെ വേലികെട്ടില്‍ നിന്നും പുറത്തുകൊണ്ടുവന്നു എന്നതാണ് പത്തനാപുരം ഗാന്ധി ഭവന്റെ പേരും പെരുമയും. അത് ചില തല്‍പരകക്ഷികള്‍ അടിച്ചേല്‍പിക്കപ്പെടുന്ന അപവാദ-തടസ്സങ്ങളില്‍ ഉരുകിയൊലിച്ചു പോകുന്നതല്ല.

മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെയുടെ കട്ടന്‍ കാപ്പിയും കവിതയും ഒരുക്കിയ സദസ്സില്‍ ഗാന്ധിഭവന്‍ സ്ഥാപകനും ശില്‍പിയുമായ ഡോ.പുനലൂര്‍ സോമരാജന്‍ തന്റെ അനുഭങ്ങള്‍ പങ്കുവെച്ചു. തുറന്ന ചര്‍ച്ചാ വേദിയിലെ രണ്ട് മണിക്കൂര്‍ സമയം ഗാന്ധിഭവന്റെ ആരംഭവും പ്രവര്‍ത്തനങ്ങളും, പ്രതിസന്ധികളും, പരിഹാരങ്ങളും പൊതു ജനത്തില്‍ നിന്നും ലഭിക്കുന്ന അകമഴിഞ്ഞ സഹകരണവും, കുടുംബന്തരീക്ഷങ്ങളില്‍ വറ്റിപോകുന്ന കാരുണ്യത്തിന്റ അനേകം അനുഭവകഥകളും കൊണ്ട് സമ്പുഷ്ടമായിരുന്നു.

സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ സോമരാജനെ സദസ്സിനു പരിചയപ്പെടുത്തി. മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ഗാന്ധി ഭവനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാനുള്ള സാധ്യതകള്‍ ഡയറക്ടര്‍ ആയ ശ്രീജിത്ത് ആരാഞ്ഞു. മീഡിയഹൗസ് പ്രസിദ്ധികരിച്ച കാരൂര്‍ സോമെന്റ് ‘കാലയവനിക’ എന്ന നോവല്‍ എഴുത്തുകാരിയായ സിസിലി ജോര്‍ജിന് നല്‍കിഡോ. പുനലൂര്‍ സോമരാജന്‍ പ്രകാശനം ചെയ്തു. മുരളി മുകുന്ദന്‍ നന്ദി പറഞ്ഞു.