തലയോട്ടിയുടെ രൂപത്തിലുള്ള ആസ്റ്ററോയ്ഡ് (കുഞ്ഞൻ‍ ഗ്രഹം) ഭൂമിക്കു നേരെ വരുന്നു. ഹാലോവീൻ ദിനത്തോടനുബന്ധിച്ച് ഗ്രഹം ഭൂമിക്ക് ഏറ്റവും സമീപത്തു കൂടി കടന്നു പോകുമെന്നാണ് ശാസ്ത്രലോകം റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ ഈ ഗ്രഹം ഭൂമിയിൽ ഇടിച്ചാലും കുഴപ്പമില്ല. അന്തരീക്ഷത്തിലേക്കു കടക്കുന്നതോടെ കത്തിത്തീർന്ന് ഇല്ലാതാകും.

‘ഹാലോവീൻ ഡെത്ത് ആസ്റ്ററോയ്ഡ്’ എന്നാണ് ഈ ചെറുഗ്രഹത്തിന് നൽകിയിരിക്കുന്ന വിളിപ്പേര്. 2015 ടിബി 145 എന്നു പേരിട്ടിരിക്കുന്ന കുട്ടിഗ്രഹത്തെ മൂന്നു വർഷം മുൻപാണ് ആദ്യമായി കണ്ടെത്തുന്നത്. ഒക്ടോബർ അവസാനം ഹാലോവീൻ ദിനത്തോടനുബന്ധിച്ചായിരുന്നു ഇതിന്റെ വരവ്. രണ്ടു കണ്ണുകളും വായുമായി ഒറ്റനോട്ടത്തിൽ ഒരു തലയോട്ടിക്കു സമാനമായിരുന്നു രൂപം. അതിനാലാണ് ഹാലോവീനുമായി ചേർന്ന പേരിട്ടതും.

തലയോട്ടി ഗ്രഹത്തെ അടുത്തുകാണാൻ പ്രത്യേക ടെലസ്കോപ്പുകളും മറ്റും ശാസ്ത്രലോകം കണ്ടെത്തിക്കഴിഞ്ഞു. 2017ലും ഈ ഗ്രഹം ഭൂമിക്കു സമീപത്തു കൂടെ പോയിരുന്നു. ഇത്തവണ അത്രയും അടുത്ത് എത്തില്ലെന്നാണ് റിപ്പോർട്ടുകൾ.