റഷ്യയില്‍ യാത്രാ വിമാനത്തിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. ഞായറാഴ്ച്ച മോസ്‌കോയിലെ ഷെറെമെറ്റ്യോവോയില്‍ നിന്നും മുര്‍മാന്‍സ്‌കിലേക്ക് പോവുകയായിരുന്ന വിമാനം അഗ്നിബാധയെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കുകയായിരുന്നു. മോസ്കോ വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കിയെങ്കിലും വിമാനത്തിന്റെ പിന്‍ഭാഗം പൂര്‍ണമായും അഗ്നി വിഴുങ്ങിയിരുന്നു.

വിമാനത്തില്‍ 78 പേരുണ്ടായിരുന്നതായും റഷ്യല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടിമിന്നലേറ്റതിനെ തുടര്‍ന്നാണ് വിമാനത്തിന് തീപിടിച്ചതെന്നാണ് ക്രൂവിലുണ്ടായിരുന്നവര്‍ പറഞ്ഞതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടിഎഎസ്എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം ഇറക്കുന്നതിന്റേയും രക്ഷാപ്രവര്‍ത്തനത്തിന്റേയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സുഖോയ് സൂപ്പര്‍ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ശേഷം 45 മിനുറ്റകള്‍ പിന്നിട്ടപ്പോഴേക്കും വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. 78 യാത്രക്കാരില്‍ 37 പേരെ മാത്രമാണ് രക്ഷിക്കാനയതെന്ന് റഷ്യയുടെ അന്വേഷണ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയിലും വിമാനം പറന്നുയര്‍ന്നതായി ചില യാത്രക്കാര്‍ പരാതിപ്പെട്ടിട്ടുണ്ട്.