അറ്റ്‌ലസ് രാമചന്ദ്രന്‍, ആ പേര് മലയാളികള്‍ അത്ര വേഗം മറക്കില്ല . ഒരുകാലത്ത് നമ്മുടെ ടിവി സ്ക്രീനുകളില്‍ നിറഞ്ഞു നിന്ന അത്ലസ് രാമചന്ദ്രന്‍ എന്ന മനുഷ്യന്റെയും കുടുംബത്തിന്റെയും കഥ കേട്ട് മറന്നു പല സിനിമാക്കഥകളെ വെല്ലുന്നതാണ്. അപ്രതീക്ഷിതമായി ബിസിനസ് രംഗത്ത് നേരിട്ട തിരിച്ചടികള്‍ അദ്ദേഹത്തെ ഗള്‍ഫിലെ ജയിലറയില്‍ കൊണ്ടെത്തിച്ചു. മകളും മരുമകനും കൂടി കേസില്‍ ഉള്‍പെട്ടു ജയിലിലായത്തോടെ ഭര്‍ത്താവിനെ ജയിലില്‍ നിന്ന് രക്ഷിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ ഇന്ദിര രാമചന്ദ്രന്‍ ഏകാംഗ യുദ്ധം നയിക്കുകയാണ്.

ഭർത്താവിന്റെ ശതകോടികളുടെ ബിസിനസ് സ്ഥാപനങ്ങളിലേക്ക് ഒരിക്കൽ പോലും കടന്നു ചെല്ലാത്ത, വീട്ടമ്മയായി ഒതുങ്ങിക്കഴിയുകയായിരുന്ന ഇന്ദിര ഇപ്പോൾ, ഈ  68 ാം വയസിൽ രാപ്പകലില്ലാതെ ഓടിനടക്കുകയാണ്. ഭർത്താവ് പടുത്തുയർത്തിയ ബിസിനസ് സ്ഥാപനങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടു വരാനും ജയിലിൽ കഴിയുന്ന ഭർത്താവിനെ വീണ്ടും പുറത്തെത്തിക്കാനും .

2015 ഓഗസ്റ്റ് 23ന് അറ്റ്‌ലസ് രാമചന്ദ്രന്‍ അറസ്റ്റു ചെയ്യപ്പെട്ടതിനു ശേഷം ഇന്ദിര രാമചന്ദ്രന്‍ ആദ്യമായി ഒരു പ്രമുഖ വിദേശമാധ്യമത്തിലൂടെയാണ്  മനസു തുറന്നത്. ’21 മാസമായി എന്റെ ഭര്‍ത്താവ് ജയിലില്‍ കിടക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില അനുദിനം വഷളാവുന്നു. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ വീല്‍ ചെയറിലാണ് ആശുപത്രിയില്‍ കൊണ്ടു പോയത്. ഇപ്പോള്‍ ഞാന്‍ തനിച്ചാണ്. കടുത്ത നിരാശയിലും വിഷാദത്തിലുമാണ്.’-ഇന്ദിര രാമചന്ദ്രന്‍ പറയുന്നു.

‘മിക്കവാറും ഞാനും ജയിലിലാകും. ആ ഭയത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. ചില ബാങ്കുകള്‍ എനിക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വീട്ടുവാടക കൊടുക്കാന്‍ പോലും ഇപ്പോള്‍ എന്റെ കൈയില്‍ പണമില്ല. എന്തു വന്നാലും എന്റെ ഭര്‍ത്താവിനെ ജയില്‍ മോചിതനാക്കാന്‍ ഞാന്‍ പരിശ്രമിക്കും.’-ഇന്ദിര രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഭര്‍ത്താവിന്റെ ബിസിനസിനെ കുറിച്ച് യാതൊന്നും അറിയാത്ത ഭാര്യയാണ് ഇന്ദിര. ഒന്നും ചോദിച്ചുമില്ല പറഞ്ഞുമില്ല. പൊലീസ് പിടിച്ചു കൊണ്ടു പോകുമ്പോള്‍ ഇത്രയും വലിയ ദുരന്തം പ്രതീക്ഷിച്ചില്ല എന്ന്  ഇന്ദിര പറയുന്നു.

‘എല്ലാവരും ഇപ്പോള്‍ എന്നെ അന്വേഷിക്കുന്നത് പണത്തിനു വേണ്ടിയാണ്. ജീവനക്കാരില്‍ ഒരു വിഭാഗം കൂട്ടത്തോടെ വീട്ടില്‍ കയറി വന്നു. 50 ലക്ഷം ദിര്‍ഹം വിലയുളള രത്‌നങ്ങള്‍ 15 ലക്ഷം ദിര്‍ഹത്തിന് വിറ്റാണ് അവരെ പറഞ്ഞു വിട്ടത്.’- ഇന്ദിര പറഞ്ഞു.

ഇങ്ങിനെയൊക്കെയാണെങ്കിലും അറ്റ്‌ലസ് രാമചന്ദ്രനെ ജയില്‍ മോചിതനാക്കാനുളള ശ്രമങ്ങള്‍ ഇന്ദിര തുടരുകയാണ്. മസ്‌ക്കറ്റിലെ രണ്ട് ആശുപത്രികള്‍ വിറ്റ് താത്കാലിക കടങ്ങള്‍ വീട്ടും. കടമെടുത്ത 22 ബാങ്കുകളില്‍ 19 എണ്ണം താത്കാലികമായി നിയമനടപടികള്‍ നിര്‍ത്തി വച്ച് തിരിച്ചടവ് സംബന്ധിച്ച് ചര്‍ച്ചയാകാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത ശേഷം നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്ന് 2015 ഓഗസ്റ്റ് 23നാണ് ദുബായി പൊലീസ് 75കാരനായ അറ്റ്‌ലസ് രാമചന്ദ്രനെ അറസ്റ്റു ചെയ്തത്. അന്നുമുതല്‍ അദ്ദേഹം ജയിലിലാണ്. 340 ലക്ഷം ദിര്‍ഹത്തിന്റെ ചെക്കുകളാണ് മടങ്ങിയത്.

സത്യസന്ധനായ മനുഷ്യനായിരുന്ന അദ്ദേഹം വിപണിയില്‍ കഴിഞ്ഞ മൂന്ന് ദശകത്തിനിടെ സത്പേര് മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. ജയിലില്‍ കഴിയുന്നതിനാല്‍ കടംവീട്ടുന്നതിന് സ്വത്തുക്കള്‍ വില്‍ക്കുന്നത് സംസരിക്കാനോ മറ്റോ കഴിയുന്നില്ല – ഇന്ദിര പറഞ്ഞു. അദ്ദേഹത്തിന് മനുഷിക പരിഗണനയെങ്കിലും നല്‍കണമെന്നാണ് തന്റെ ദൃഡമായ ആവശ്യമെന്നും അവര്‍ പറഞ്ഞു.