ലണ്ടനില്‍ വീണ്ടും യാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി ഭീകരാക്രമണം.  വടക്കന്‍ ലണ്ടനിലെ ഫിന്‍സ്ബറിപാര്‍ക്ക് പള്ളിക്ക് സമീപമാണ് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയത്. സംഭവത്തില്‍ ഒരാള്‍ മരിച്ചുവെന്നാണ് പ്രാഥമിക വിവരം.

ലണ്ടന്‍ സമയം രാത്രി 12.20നായിരുന്നു സംഭവം. ഇത് ഒരു അപകടമാണോ അതോ ഭീകരാക്രമണമാണോ എന്ന കാര്യത്തില്‍ ഏറെ നേരം അവ്യക്തതയുണ്ടായിരുന്നു.  പിന്നിടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇത് ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചത്.

നടന്നത് അപകടമല്ലെന്നും ആളുകളെ മനപൂര്‍വ്വം കൊല്ലാനുറച്ചാണ് അക്രമികള്‍ വാന്‍ ഓടിച്ച് കയറ്റിയതെന്നും മുസ്ലീം കൗണ്‍സില്‍ ഫോര്‍ ബ്രിട്ടന്‍ പിന്നീട് വ്യക്തമാക്കി. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. നടന്നത് ഒരു സുപ്രധാന സംഭവമാണെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് വ്യക്തമാക്കി.  റംസാന്റെ ഭാഗമായുള്ള പ്രാര്‍ത്ഥനകള്‍ക്കായി പള്ളിയിലെത്തിയവരാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.