ഇസ്ലാമാബാദ്: ക്രിസ്മസിന് ഒരാഴ്ച ശേഷിക്കെ, പാക്കിസ്ഥാനിലെ പള്ളിയില്‍ ഭീകരാക്രമണം. തെക്കുപടിഞ്ഞാറന്‍ പാക്ക് നഗരമായ ക്വറ്റയിലെ പള്ളിയില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 44 വിശ്വാസികള്‍ക്കു പരുക്കേറ്റു. ഇവരില്‍ ഒന്‍പതു പേരുടെ നില ഗുരുതരമാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്!ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തതായി അമാഖ് വാര്‍ത്താ ഏജന്‍സി പ്രസ്താവനയില്‍ അറിയിച്ചു. സര്‍ഘൂണ്‍ റോഡിലെ ബെഥല്‍ മെമ്മോറിയല്‍ ചര്‍ച്ചിലേക്കു ഐഎസ് ഭീകരര്‍ വന്‍തോതില്‍ ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. രണ്ട് ചാവേറുകളാണ് ആക്രമണം നടത്തിയതെന്നു ബലൂചിസ്ഥാന്‍ ആഭ്യന്തരമന്ത്രി മിര്‍ സര്‍ഫറാസ് പറഞ്ഞു. ഒരു അക്രമിയെ ഗേറ്റില്‍വച്ചുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് വധിച്ചു. രണ്ടാമനാണ് പള്ളിക്കകത്തു കയറി പൊട്ടിത്തെറിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണം നടക്കുന്ന സമയത്ത് പള്ളിയില്‍ 400 വിശ്വാസികളുണ്ടായിരുന്നെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മൗസാം അന്‍സാരി പറഞ്ഞു. കൃത്യസമയത്ത് പൊലീസ് ഉണ!ര്‍ന്നു പ്രവര്‍ത്തിച്ചതിനാലാണ് ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാനായതെന്നും അദ്ദേഹം വ്യക്തമാക്കി.