രണ്ട് തവണ വിവാഹം കഴിച്ചു, രണ്ട് ഭാര്യമാരും ഉപേക്ഷിച്ചു. സ്വകാര്യ സ്ഥാപനത്തിലുണ്ടായിരുന്ന ജോലിയും ഉപേക്ഷിക്കേണ്ടിവന്നു. ജീവിക്കാൻ വരുമാനവും ഭക്ഷണവും തലചായ്ക്കാൻ ഒരിടവും ഇല്ലാതായതോടെ സന്തോഷ്കുമാർ എന്ന ഈറോഡ് സ്വദേശി ജയിലഴിക്കുള്ളിലാകാൻ കണ്ടെത്തിയ സിനിമയെവെല്ലുന്ന പ്ലാൻ.

ഞായറാഴ്ച ഏകദേശം അഞ്ച് മണിയോടെയാണ് ചെന്നൈ റയിൽവേസ്റ്റേഷൻ കൺട്രോൾ റൂമിലേക്ക് ഈറോഡ് റയിൽവെസ്റ്റേഷനിൽ ബോംബ്‌വച്ചിട്ടുണ്ടെന്ന് ഫോൺകോൾ ലഭിക്കുന്നത്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചിട്ട് ബസ്‌സ്റ്റാൻഡിൽ ബോംബ്‌വച്ചിട്ടുണ്ടെന്ന് സന്ദേശം നൽകി. സന്ദേശം ലഭിച്ചയുടൻ തന്നെ ബോംബ് സ്ക്വാഡ് രണ്ടിടത്തും പരിശോധനയ്ക്കായി പുറപ്പെട്ടു. പൊലീസ് ഈ സമയത്തിനുള്ളിൽ വിളിച്ച നമ്പർ ആരുടേതാണെന്ന് കണ്ടെത്തി.

കറുങ്കൻപാളയം സ്വദേശി ശിവകുമാറിന്റേതാണ് നമ്പരെന്ന് പൊലീസ് കണ്ടെത്തി. കോളിനെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നും ഏതാനും ദിവസം മുൻപ് ഭാര്യയുടെ സഹോദരൻ ലിംഗരാജിന് ഫോൺ നൽകിയെന്നും ശിവകുമാർ പറഞ്ഞു. തുടർന്ന് ലിംഗരാജിനോട് കാര്യം തിരക്കിയപ്പോഴാണ് രണ്ട് ദിവസം മുൻപ് ഫോൺ മോഷണം പോയതായി അറിയിച്ചു. അന്വേഷണം പുലർച്ചെ 2 മണിയായിട്ടും അവസാനിച്ചില്ല. ഒടുവിൽ ഈറോഡ് റയിൽവേസ്റ്റേഷനിൽ സംശയാസ്പദമായ രീതിയിൽ ഒരു യുവാവ് കിടക്കുന്നതായി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. സന്തോഷ് കുമാറായിരുന്നു അത്. സന്തോഷിന്റെ ഫോൺ പരിശോധിച്ചപ്പോൾ പൊലീസ് കൺട്രോൾ റൂമിലേക്കും റയിൽവേസ്റ്റേഷൻ കൺട്രോൾ റൂമിലേക്കും വിളിച്ചത് ഇയാൾ തന്നെയെന്ന് തിരിച്ചറിഞ്ഞു. രണ്ട് ദിവസം മുൻപ് ലിംഗരാജിന്റെ ഫോൺ സന്തോഷ് മോഷ്ടിക്കുകയായിരുന്നു.

ഒക്ടോബർ 31 ന് ജോലിയിൽ നിന്നും രാജിവച്ചശേഷം കിടക്കാൻ സ്ഥലമോ കഴിക്കാൻ ഭക്ഷണമോയില്ലാതെ സന്തോഷ്കുമാർ വിഷാദാവസ്ഥയിലായിരുന്നു. എങ്ങനെയെങ്കിലും ജയിലിനുള്ളിലായാൽ തനിക്ക് ഭക്ഷണമെങ്കിലും സൗജന്യമായി കിട്ടുമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഈ കടുംകൈപ്രവർത്തിച്ചതെന്ന് പൊലീസ് പറയുന്നു. ഏതായാലും പ്ലാൻ വിജയം കണ്ടു. ഫോൺ മോഷ്ടിച്ച കേസിനും വ്യാജ ഭീഷണി സന്ദേശം നൽകിയതിനും ജയിലിൽ അടച്ചിട്ടുണ്ട്.