ന്യൂസ് ഡെസ്ക്

പ്രമുഖ കാർ നിർമ്മാണക്കമ്പനിയായ ഔഡിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റൂപർട്ട് സ്റ്റാഡ്ലർ അറസ്റ്റിലായി. ജർമ്മൻ പോലീസാണ് സിഇഒയെ ഇന്നു രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. ഡീസൽഗേറ്റ് സ്കാൻഡലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. വോക്സ് വാഗണിലെ അന്തരീക്ഷ മലിനീകരണ നിയന്ത്രണ സംവിധാനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റൂപർട്ട് സ്റ്റാഡ്ലർ അറസ്റ്റിലായിരിക്കുന്നത്.

2015ൽ ആണ് ഡീസൽ എമിഷൻ  സ്കാൻഡൽ പുറം ലോകമറിയുന്നത്. യുഎസിലെ എമിഷൻ ടെസ്റ്റിനെ മറികടക്കുന്നതിനായി ഇല്ലീഗൽ സോഫ്റ്റ് വെയർ കാറിൽ സജ്ജീകരിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. യുകെയിലെ 1.2 മില്യണടക്കം 11 മില്യൺ കാറുകളിൽ ഈ സംവിധാനം നിയമപരമല്ലാതെ ഘടിപ്പിച്ചിരുന്നു. ഔഡി ഡിവിഷന്റെ മേധാവിയായ റൂപർട്ട് സ്റ്റാഡ്ലർ 1997 മുതൽ വോക്സ് വാഗന്റെ മാനേജിംഗ് ടീമിലുണ്ട്. വോക്സ് വാഗന് 30 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉണ്ടായത്.