ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റലാന്റ് ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ മുഖ്യഇടനിലക്കാരന്‍ ക്രിസ്റ്റിന്‍ മൈക്കിള്‍ ജെയിംസിനെ വിട്ട് നല്‍കാന്‍ ദുബായ് കോടതി ഉത്തരവിട്ടു. കഴിഞ്ഞവര്‍ഷമാണ് യുഎഇ മൈക്കിളിനെ അറസ്റ്റ് ചെയ്തത്. വിവിഐപി ഹെലികോപ്ടര്‍ ഇടപാടില്‍ കൈക്കൂലി ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതാണ് ഇയാള്‍ ചെയ്തകുറ്റം.

ഇയാളെ വിട്ടുകിട്ടുന്നതിനായുള്ള നടപടികള്‍ നടന്നുവരുന്നതിനിടെയാണ് കേസില്‍ മുന്നേറ്റമുണ്ടായത്. യുപിഎ ഭരണകാലത്തെ ഏറ്റവും വലിയ അഴിമതി ആരോപണങ്ങളില്‍ ഒന്നായ അഗസ്റ്റാ വെസ്റ്റലാന്റ് ഇടപാടില്‍ മുന്നേറ്റമുണ്ടായാല്‍ കേന്ദ്ര സര്‍ക്കാരിന് വന്‍ മുന്നേറ്റമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

രാഷ്ട്രപതിയും പ്രധാനമന്ത്രിയും മറ്റുമന്ത്രിമാരും ഉപയോഗിക്കുന്നതിന് 12 അത്യാധുനീക ശേഷിയുള്ള ഹെലികോപ്ടറുകള്‍ വാങ്ങുന്നതിന് 2007ല്‍ ഒപ്പിട്ട കരാറാണ് അഗസ്റ്റാ വെസ്റ്റലാന്റ് ഇടപാട്. 3,727 കോടി രൂപയുടെ കരാറാണിത്. കരാര്‍ ലഭിക്കുന്നതിന് വേണ്ടി 375 കോടി രൂപ ഇന്ത്യന്‍ അധികൃതര്‍ക്ക് നല്‍കിയെന്ന കേസില്‍ കമ്പനിയധികൃതരെ ഇറ്റാലിയന്‍ കോടതി ശിക്ഷിച്ചിരുന്നു.

പിന്നാലെ, മുന്‍ വ്യോമസേന മേധാവി എസ്.പി. ത്യാഗി 300 കോടി കൈക്കൂലി വാങ്ങിയതായി സിബിഐ കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് 72കാരനായ ത്യാഗിയെ 2016ല്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

മൈക്കിളിനെ വിട്ടുകിട്ടിയാല്‍ അത് മുന്‍ സര്‍ക്കാരിന്റെ കാലത്തുള്ള അഴിമതി കഥകളെ പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ബിജെപി സര്‍ക്കാര്‍ കരുതുന്നത്.