ന്യൂസ് ഡെസ്ക്

ഓസീ ഫ്ളൂ കില്ലർ വൈറസ് യുകെയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ അടിയന്തിര നടപടികളുമായി എൻ എച്ച് എസ് രംഗത്തെത്തി. നിരവധി ഡോക്ടർമാർ അവധി ക്യാൻസൽ ചെയ്ത് ഡ്യൂട്ടിയിൽ പ്രവേശിച്ചു. മിക്ക ഡോക്ടർമാരും നഴ്സുമാരും നിശ്ചിത ഡ്യൂട്ടി സമയം കഴിഞ്ഞും രോഗികൾക്കായി വാർഡുകളിൽ സമയം ചിലവഴിക്കുന്നുണ്ട്. അടിയന്തിരമല്ലാത്ത 55,000 ഓപ്പറേഷനുകൾ NHS ക്യാൻസൽ ചെയ്തു. പ്ളിമൗത്തിൽ 14 ഉം ഡോൺകാസ്റ്ററിൽ എട്ടും ഓസീ ഫ്ളൂ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡുറം 5, സട്ടൺ 2, ഡംഫ്രൈ 3 എന്നിങ്ങനെ മറ്റു സ്ഥലങ്ങളിലും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. നിയന്ത്രിക്കാനായില്ലെങ്കിൽ കഴിഞ്ഞ 50 വർഷങ്ങളിൽ യുകെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഫ്ളൂ ബാധയാണ് വരാൻ പോകുന്നതെന്ന് വിദഗ്ദർ മുന്നറിയിപ്പു നല്കിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ നിരവധി പേർ കഴിഞ്ഞ ശൈത്യകാലത്ത് ഓസീ ഫ്ളൂ മൂലം മരണമടഞ്ഞിരുന്നു.

എന്താണ് ഓസീ ഫ്ളൂ?

H3 N2 എന്ന ഒരു ശൈത്യകാല രോഗാണു മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഓസീ ഫ്ളൂ.  ഓസ്ട്രേലിയയിൽ കഴിഞ്ഞ ശൈത്യകാലത്ത് ഉണ്ടായ ഫ്ളൂവിന്റെ ഒരു വകഭേദമാണ് യുകെയിലും എത്തിയിരിക്കുന്നത്. ഈ വൈറസ് ബാധിച്ചവരിൽ കനത്ത ഫ്ളൂ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.

ഓസീ ഫ്ളൂവിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ചുമ, തൊണ്ടവേദന, തലവേദന, പനി, സന്ധികൾക്ക് വേദന, വിറയൽ, ശരീരവേദന, ഛർദ്ദിൽ, ഡയറിയ എന്നിവ ഓസീ ഫ്ളൂ ബാധിച്ചവരിൽ കണ്ടു വരുന്നു. ഫ്ളൂ കലശലായാൽ ന്യൂമോണിയ ആയി മാറാനും സാധ്യതയുണ്ട്. കുട്ടികളിൽ ചെവി വേദനയും കാണാറുണ്ട്.

ഓസീ ഫ്ളൂവിനെ പ്രതിരോധിക്കാൻ വാക്സിനേഷൻ ലഭ്യമാണോ?.

ഓസീ ഫ്ളൂവിനെ പ്രതിരോധിക്കാൻ യുകെയിൽ കഴിഞ്ഞ മാർച്ച് മാസത്തിൽ ഒരു വാക്സിൻ വികസിപ്പിച്ചിരുന്നു. ഇത് എത്രമാത്രം ഫലപ്രദമാണ് എന്ന് വിലയിരുത്താൻ കഴിഞ്ഞിട്ടില്ല. 65 വയസിൽ മുകളിൽ പ്രായമുള്ളവരും ഗർഭിണികളും ഈ ഫ്ളൂ വാക്സിനേഷൻ എടുക്കുന്നത് നല്ലതാണ്. കുട്ടികൾക്ക് സ്പ്രേ വാക്സിനും ലഭ്യമാണ്. വാക്സിനേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ജി.പി പ്രാക്ടീസുകളിലും ഫാർമസികളിലും ലഭ്യമാണ്. വാക്സിൻ എടുത്ത് 10 മുതൽ14 ദിവസങ്ങൾക്കുള്ളിൽ ശരീരത്തിന് പ്രതിരോധശേഷി ലഭിച്ചു തുടങ്ങും.

ഓസീ ഫ്ളൂവിനെ പ്രതിരോധിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും.

വ്യക്തി ശുചിത്വമാണ് ഏറ്റവും പ്രധാന പ്രതിരോധ മാർഗം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. തുമ്മുമ്പോൾ വായ് ടിഷ്യൂ ഉപയോഗിച്ച് കവർ ചെയ്യുക അതിനു ശേഷം ടിഷ്യൂ ഉടൻ ബിന്നിൽ നിക്ഷേപിക്കുക. ഫോൺ, കീബോർഡുകൾ, ഡോർ ഹാൻഡിലുകൾ എന്നിവ ഇടയ്ക്കിടെ വൃത്തിയാക്കുക.

ഫ്ളൂ ഉള്ളപ്പോൾ ജോലിക്ക് പോകാമോ?

ഫ്ളൂ ഉള്ളപ്പോൾ ജോലിക്ക് പോവാതിരിക്കുന്നതാണ് അഭികാമ്യമെന്ന് NHS ഗൈഡ് ലൈൻ പറയുന്നു. ഫ്ളൂ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ഇത് സഹായിക്കും.

ഫ്ളൂ വന്നാൽ എന്തു ചെയ്യണം.

ഓസീ ഫ്ളൂ ബാധിച്ചു കഴിഞ്ഞാൽ രോഗിക്ക് തളർച്ചയും ക്ഷീണവും അനുഭവപ്പെടും. ഈ അവസരത്തിൽ ബെഡ് റെസ്റ്റ് അനിവാര്യമാണ്. നല്ല ആരോഗ്യമുള്ളവർ നേരിയ ഫ്ളൂ ലക്ഷണങ്ങൾ മാത്രമേ ഉള്ളു എങ്കിൽ ഡോക്ടറെ കാണേണ്ട ആവശ്യമില്ല. അല്ലാത്തവർ ഡോക്ടറുടെ ഉപദേശം നിർബന്ധമായും തേടിയിരിക്കണം. ഫ്ളൂ ബാധിച്ചാൽ നല്ല വിശ്രമം ആവശ്യമാണ്. ധാരാളം വെള്ളം കുടിക്കണം. ഡീ ഹൈഡ്രേഷൻ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.  പനി നിയന്ത്രിക്കാൻ പാരസെറ്റമോളും ഐബുപ്രൊഫിനും ഉപയോഗിക്കാം. ഫ്ളൂവിൽ നിന്ന് മുക്തി പ്രാപിക്കാൻ ഒരാഴ്ച എങ്കിലും എടുക്കും.