നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 185 റൺസിനു കീഴടക്കിയ ഓസ്ട്രേലിയ ആഷസ് പരമ്പര നിലനിർത്തി (2–1). 5 മത്സര പരമ്പരയിലെ അവസാന ടെസ്റ്റ് തോറ്റാലും ഓസീസിനു പരമ്പര നഷ്ടമാകില്ല. കഴിഞ്ഞ ആഷസ് പരമ്പര (2017–18) ഓസീസ് 4–0നു സ്വന്തമാക്കിയിരുന്നു.

രണ്ടാം ഇന്നിങ്സിൽ 383 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് അഞ്ചാം ദിനം 197 റൺസിനു പുറത്തായി. സ്കോർ– ഓസീസ്: 8 വിക്കറ്റിന് 497 ഡിക്ലയേഡ്, 6 വിക്കറ്റിന് 186 ഡിക്ല.; ഇംഗ്ലണ്ട്: 301, 197. രണ്ട് ഇന്നിങ്സിലും തിളങ്ങിയ സ്റ്റീവ് സ്മിത്താണ് (211, 82) മാൻ ഓഫ് ദ് മാച്ച്. 4 വിക്കറ്റെടുത്ത പാറ്റ് കമ്മിൻസാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ തകർത്തത്. അഞ്ചാം ദിനം അതിജീവിച്ച് സമനിലയുമായി രക്ഷപ്പെടാം എന്ന കണക്കുകൂട്ടലിൽ ഇറങ്ങിയ ഇംഗ്ലണ്ടിനെ മത്സരം അവസാനിക്കാൻ ഒരു മണിക്കൂർ ശേഷിക്കെ ഓസീസ് എറിഞ്ഞു വീഴ്ത്തുകയായിരുന്നു.

2 വിക്കറ്റിന് 18 റൺസ് എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ സെഷനിൽത്തന്നെ ജയ്സൻ റോയ് (31), ബെൻ സ്റ്റോക്സ് (1) എന്നിവരെ നഷ്ടമായി. അർധ ‍സെഞ്ചുറി നേടിയ ഓപ്പണർ ജോ ഡെൻലി (53)യെയും ജോണി ബെയർസ്റ്റോ (25)യെയും പുറത്താക്കി ഓസീസ് പിടിമുറുക്കിയപ്പോൾ ഇംഗ്ലണ്ട് 6 വിക്കറ്റിന് 138 റൺസ് എന്ന നിലയിലായി. പിന്നീട് 21 ഓവർ പിടിച്ചുനിന്ന ജോസ് ബട്‌ലർ– ക്രെയ്ഗ് ഓവർട്ടൻ സഖ്യം സമനില എത്തിപ്പിടിക്കും എന്നു തോന്നിപ്പിച്ചതാണ്. എന്നാൽ, ജോഷ് ഹെയ്സൽവുഡിന്റെ ഇൻ സ്വിങ്ങർ ലീവ് ചെയ്യാനുള്ള ബട്‌ലറുടെ തീരുമാനം പിഴച്ചു. ഓഫ് സ്റ്റംപിനു പുറത്തു പിച്ച് ചെയ്ത പന്ത്, ബട്‌ലറുടെ (111 പന്തിൽ 34) ഓഫ് സ്റ്റംപിളക്കി. ബട്‌ലർ വീണതോടെ ഇംഗ്ലണ്ടിന്റെ സമനില പ്രതീക്ഷയും അവസാനിച്ചു