ഓസ്ട്രേലിയ: സ്വകാര്യ തൊഴില്‍ പരിശീലന കേന്ദ്രങ്ങളുടെ ചതിക്കുഴിയില്‍പ്പെട്ട ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളാന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തട്ടിപ്പിനിരയായവര്‍ ഓംബുഡ്സ്മാനെ സമീപിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാരിന്റെ VET FEE-HELP പദ്ധതിയെ ചൂക്ഷണം ചെയ്ത് സ്വകാര്യ കോളേജുകള്‍ നടത്തിയ ചതിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളുടെ സ്റ്റുഡന്റ് ലോണാണ് സര്‍ക്കാര്‍ എഴുതിത്തള്ളുന്നത്.

തൊണ്ണൂറു മില്യണ്‍ ഡോളറിന്റെ വായ്പയാണ് സര്‍ക്കാര്‍ ഇതുവരെ എഴുതി തള്ളിയിരിക്കുന്നത്. നഷ്ടപരിഹാര തുക ഇനിയും ഉയരുമെന്നാണ് സൂചന. വഞ്ചിക്കപ്പെട്ട എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് സ്‌കില്‍സ് ആന്‍ഡ് വൊക്കേഷണല്‍ എജ്യൂക്കേഷന്‍ മന്ത്രി മെക്കെല ക്യാഷ് അറിയിച്ചു.

വൊക്കേഷണല്‍ എജ്യൂക്കേഷന്‍ ട്രെയിനിങ് (VET) കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ നേരത്തെ വിദ്യാഭ്യാസ വായ്പ (VET FEE-HELP) നല്‍കിയിരുന്നു. എന്നാല്‍ സ്വകാര്യ കോളേജുകള്‍ ഈ പദ്ധതിയെ ചൂഷണം ചെയ്യുന്നത് മനസ്സിലാക്കി 2017 ല്‍ പദ്ധതി നിര്‍ത്തലാക്കി.

പദ്ധതി പ്രകാരം കോഴ്‌സുകള്‍ ആരംഭിച്ച പല വിദ്യാര്‍ത്ഥികള്‍ക്കും പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. എന്നാല്‍ പഠനത്തിനായി സര്‍ക്കാര്‍ നല്‍കുന്ന VET FEE-HELP ലോണ്‍ കോളേജുകള്‍ നേടിയെടുക്കുകയും ചെയ്തു. ഇത് അടച്ചുതീര്‍ക്കേണ്ട ബാധ്യത വിദ്യാര്‍ത്ഥികളുടെ മേലായിരുന്നു.

പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പുള്ള പോലും കോളേജുകളുടെ സെയില്‍സ് ഏജന്റുമാര്‍ വാഗ്ദാനം നല്‍കി കബളിപ്പിക്കുകയായിരുന്നുവെന്ന് ന്യൂ സൗത്ത് വെയില്‍സ് ലീഗല്‍ എയ്ഡ് വിഭാഗത്തിലെ ജോ ഇവാന്‍സ് പറഞ്ഞു. ഇത്തരത്തില്‍ പഠനം പൂര്‍ത്തിയാക്കാനാവാത്ത അനേകം വിദ്യാര്‍ത്ഥികളാണ് കടക്കെണിയില്‍ പെട്ടിരിക്കുന്നത്.