മുട്ടയിടാനെത്തുന്ന പച്ച കടലാമകളുടെ ഡ്രോണ്‍ വീഡിയോകള്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് സയന്‍സ് വിഭാഗം പുറത്ത് വിട്ടു. ഓസ്‌ട്രേലിയയിലെ റെയ്ന്‍ ദ്വീപിലെ കരയിലേക്ക് മുട്ടയിടാനായി എത്തുന്ന 64,000 ത്തോളം പച്ച കടലാമകളുടെ ചിത്രമാണ് ഗ്രേറ്റ് ബാരിയര്‍ റീഫ് ഫൗണ്ടേഷന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

ഗ്രേറ്റ് ബാരിയര്‍ റീഫിലെ ദ്വീപിലേക്കു മുട്ടയിടാനെത്തുന്ന കടലാമകളാണ് ദൃശ്യങ്ങളിലുള്ളത്. ആദ്യമായാണ് കടലാമകളുടെ ഇത്ര വലിയ ഒരു കൂട്ടത്തിന്റെ ദൃശ്യം പകര്‍ത്താന്‍ സാധിക്കുന്നത്. കടലാമകള്‍ക്ക് മുട്ടയിടാന്‍ അനുയോജ്യമായ വിധത്തില്‍ റെയ്ന്‍ ദ്വീപിനെ മാറ്റിയെടുക്കുന്നതിനായി ആരംഭിച്ച റെയ്ന്‍ ഐലന്‍ഡ് റിക്കവറി പ്രോജക്ടിന്റെ ഭാഗമായാണ് പച്ച കടലാമകളുടെ ആകാശദൃശ്യം പകര്‍ത്തിയത്.

മുട്ടയിടാന്‍ സുരക്ഷിതമായ സൗകര്യങ്ങള്‍ ഇല്ലാത്തതും മത്സ്യബന്ധന ഉപകരണങ്ങളില്‍ പെട്ട് അപകടത്തിലാവുന്നതും മൂലം പച്ചകടലാമകള്‍ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. 64000 എന്ന കണക്ക് ഒരു ഏകദേശ കണക്കു മാത്രമാണന്നും ഗവേഷകര്‍ പറയുന്നു. മുന്‍പ് ബോട്ടില്‍ യാത്ര ചെയ്ത് സമുദ്രത്തില്‍ വച്ചുതന്നെ അടയാളം നല്‍കിയതും അല്ലാത്തവയുമായ കടലാമകളുടെ എണ്ണം എടുക്കുന്നതിന് ഗവേഷകര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അത് ഉദ്ദേശിച്ച ഫലം കാണാത്തതിനെ തുടര്‍ന്നാണ് ഡ്രോണ്‍ ഉപയോഗിച്ച് ചിത്രം പകര്‍ത്താന്‍ തീരുമാനിച്ചത്.

പച്ച കടലാമകളുടെ എണ്ണം സംബന്ധിച്ച വിലയിരുത്തലുകള്‍ തെറ്റാണെന്നാണ് ചിത്രം തെളിയിക്കുന്നതെന്ന് മുതിര്‍ന്ന ഗവേഷകനായ ഡോക്ടര്‍ ആന്‍ഡ്രൂ ഡെന്‍സ്റ്റന്‍ പറയുന്നു. സാധാരണയായി ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് പച്ച കടലാമകളെ കൂടുതലായി കാണാറുള്ളത്. വാസസ്ഥലങ്ങളില്‍ നിന്നും ഏറെ ദൂരം സഞ്ചരിച്ചാണ് അവ മുട്ടയിടാന്‍ കരയിലേക്കെത്തുന്നത്.