മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മിശ്ര സംസ്‌കാര മാതൃക പരാജയമാണെന്ന് സിറ്റിസണ്‍ഷിപ്പ് മന്ത്രി അലന്‍ റ്റഡ്ജ്. കുടിയേറ്റക്കാരില്‍ 25 ശതമാനം ആളുകള്‍ക്കും ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യവും ലിബറലുമായ മൂല്യങ്ങള്‍ സംരക്ഷിക്കാനായി ഇംഗ്ലീഷ് ഭാഷാ പരീക്ഷ കൂടുതല്‍ കര്‍ക്കശമാക്കുമെന്നും റ്റഡ്ജ് സൂചന നല്‍കി. മിശ്ര സംസ്‌കാരം വിജയകരമായി പിന്തുടരാന്‍ കഴിയുന്നുണ്ടെങ്കിലും ഉദ്ഗ്രഥനത്തിന്റെ കാര്യത്തില്‍ ചില പരാജയങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് ടേണ്‍ബുള്‍ സര്‍ക്കാര്‍ വിലയിരുത്തുന്നത്. മിശ്രസംസ്‌കാരമെന്നത് ദൈവദത്തമല്ലെന്നും അതുകൊണ്ടുതന്നെ അതിന് ഒഴികഴിവുകള്‍ ഇല്ലെന്നും റ്റഡ്ജ് വ്യക്തമാക്കി.

മുന്‍കാലങ്ങളിലുണ്ടായിരുന്നകതുപോലെയുള്ള ഏകീകരണം ഇപ്പോള്‍ സാധ്യമാകുന്നില്ല എന്നതിന് തെളിവുകള്‍ ഏറെയുണ്ട്. പത്ത് വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ബാഹ്യഘടകങ്ങള്‍ ഇതിനെ ബാധിക്കുന്നുണ്ട്. തന്റെ സ്വന്തം നഗരമായ മെല്‍ബണില്‍ പോലും ആഫ്രിക്കന്‍, സുഡാനീസ് ഗ്യാംഗുകള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രേറ്റര്‍ ഡാന്‍ഡെനോംഗ് പ്രദേശത്ത് കുറ്റകൃത്യങ്ങളില്‍ കാര്യമായ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 2016ലെ സെന്‍സസ് അനുസരിച്ച് ഈ പ്രദേശത്തെ ജനസംഖ്യയില്‍ 64 ശതമാനവും വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ഈ പ്രദേശത്തെ വെറും 30 ശതമാനം ആളുകള്‍ മാത്രമാണ് വീട്ടില്‍ ഇംഗ്ലീഷ് സംസാരിക്കുന്നത്. 24 ശതമാനം കുടിയേറ്റക്കാര്‍ ഇംഗ്ലീഷ് സംസാരിക്കുന്നതേയില്ല. 2011ലെ സെന്‍സസില്‍ ഇത് 19 ശതമാനമായിരുന്നു. ദേശീയതലത്തില്‍ നോക്കിയാല്‍ ഇംഗ്ലീഷ് സംസാരഭാഷയായ ഓസ്‌ട്രേലിയക്കാരുടെ എണ്ണം 73 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2011ല്‍ ഇത് 77 ശതമാനമായിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ സിറ്റിസിണ്‍ഷിപ്പ് ആക്ടില്‍ ഭേദഗതികള്‍ വരുത്തണമെന്നും പുതുതായി രാജ്യത്തേക്ക് എത്തുന്ന കുടിയേറ്റക്കാര്‍ കൂടുതല്‍ കര്‍ക്കശമായ ഭാഷാ പരീക്ഷകള്‍ക്ക് വിധേയരാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു.