അദ്ധ്യായം- 3
സ്‌കൂളിലെ നോട്ടപ്പുള്ളി

പാലൂത്തറ യു പി സ്‌കൂളിലാണ് അഞ്ചാം ക്ലാസ്സില്‍ ചേര്‍ന്നത്. ചാരുംമൂടിന്റെ പടിഞ്ഞാറുഭാഗത്ത് താമരക്കുളം പഞ്ചായത്തിലാണ് ഈ സ്ഥലം, ഇതിനടുത്തായി പറയംകുളം കാള ചന്തപോലെ ആടുമാടുകളെ വില്ക്കുകയും വാങ്ങുകയും ചെയ്യുന്ന സ്ഥലമാണ് പാലൂത്തറ ചന്ത. അഞ്ചാംക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ് സ്‌കൂള്‍ കോമ്പൗണ്ടില്‍ കുട്ടിയും കോലും വാസുവിനൊപ്പം കളിച്ചത്. കളിച്ചുകൊണ്ടിരിക്കെ കോലുകൊണ്ടടിച്ച കുട്ടി അടുത്തുനിന്ന വാസുവിന്റെ കണ്ണിന് മുകളില്‍ കൊണ്ട്. നെറ്റിയില്‍ നിന്ന് രക്തം പൊടിച്ചു. മറ്റു കുട്ടികള്‍ ടീച്ചറോട് പറഞ്ഞുകൊടുത്തു. അവര്‍ ഓടിയെത്തി മുറിയില്‍ കൊണ്ടുപോയി തുണികൊണ്ട് രക്തം ഒപ്പിയെടുത്തു. അദ്ധ്യാപകര്‍, പലരും സ്‌കൂളില്‍ വന്നിരുന്നത് സൈക്കിളിലാണ്. ഹെഡ്മാസ്റ്റര്‍ രവീന്ദ്രന്‍ നായര്‍ക്ക് മാത്രമേ ചെറിയൊരു സ്‌കൂട്ടര്‍ ഉണ്ടായിരുന്നുള്ളൂ. രക്തം വരുന്നത്കണ്ട് മാസ്റ്ററുടെ സ്‌കൂട്ടറില്‍ സെന്റ് തോമസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രവീന്ദ്രന്‍സാറിനെ കുട്ടികള്‍ക്ക് ഭയമാണ്. അടിവീരനെന്നാണ് കുട്ടികള്‍ വിളിച്ചുകൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ മുറിയില്‍ നീളമുള്ള മൂന്ന് ചൂരല്‍ വടികള്‍ ഒരു മൂലയ്ക്ക് കുത്തി നിര്‍ത്തിയിരിക്കും. ആശുപത്രിയില്‍ നിന്ന് വരുന്നതിന് മുമ്പേ സ്‌കൂളില്‍ നിന്ന് രക്ഷപ്പെടാന്‍ തീരുമാനിച്ചു. തെക്കുഭാഗത്തുള്ള പാടത്തേക്ക് നടന്നു.

പാലൂത്തറ സ്‌കൂള്‍ സ്ഥലത്തേ ജന്മിയായ കൊച്ചുപിള്ളയുടേതാണ്. കാരൂര്‍കാരുമായി നല്ല ബന്ധമാണുള്ളത്. പൂര്‍വ്വികര്‍ കീരിക്കാട്ടുകാരാണെങ്കിലും കാരൂര്‍ക്കാരുമായി ഒന്നിച്ച് ഉപ്പു കച്ചവടം നടത്തിയിട്ടുണ്ട്. അവര്‍ക്ക് ധാരാളം വസ്തുക്കളും പാടശേഖരങ്ങളുമുണ്ട്. ഈ പാടത്ത് ധാരാളമായി പാടങ്ങള്‍ കാരൂര്‍ക്കാര്‍ക്കുമുണ്ടായിരുന്നു. അതൊക്കെ കേസു നടത്താനായി വിറ്റു. സ്‌കൂളിന്റെ തെക്കുഭാഗത്ത് കരിമ്പിന്‍തോട്ടമുണ്ട്. പാലക്കക്കാരും ചുനക്കര മുസ്ലീങ്ങളുമായി പാടത്ത് തര്‍ക്കങ്ങളും വഴക്കുമുണ്ടായിരുന്നു. കാരൂര്‍ കൊച്ചുകുഞ്ഞ് പാലയ്ക്കകാര്‍ക്ക് ഒപ്പം ചേര്‍ന്ന് മുസ്ലീങ്ങളെ എതിര്‍ത്തു. അതിനായി മരുമകന്‍ കളരിയാശാനെയും കറ്റാനം മാമ്പു- കുളങ്ങരയില്‍ നിന്ന് ഇറക്കിയിട്ടുണ്ട്. റിട്ടയേര്‍ഡ് പോലീസ് ഇന്‍സ്‌പെക്ടര്‍ തങ്കച്ചന്റെ അച്ഛനാണ് കളരിയാശാന്‍. കൊച്ചുകുഞ്ഞ് എതിര്‍ഭാഗത്തുള്ളതുകൊണ്ട് പലപ്പോഴും അവര്‍ വഴക്കില്‍ നിന്ന് ഒഴിവായി പോകുമായിരുന്നു. എല്ലാം സഹിച്ചും ക്ഷമിച്ചും മുന്നോട്ടുപോയ ഉസ്മാനും കൂട്ടരും ഒടുവില്‍ ഏറ്റുമുട്ടാന്‍ തന്നെ തീരുമാനിച്ചു. ഒരു ദിവസം പാടവരമ്പത്ത് അടി നടന്നു. മറ്റുള്ളവര്‍ക്ക് നേതൃത്വം കൊടുത്ത ഉസ്മാനെ ചെളിയും വെള്ളവും ചേര്‍ന്ന് കരിമ്പാറപോലെ കിടന്ന വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു. അവിടേക്ക് ചെല്ലാന്‍ മറ്റുള്ളവര്‍ക്ക് ഭയമായിരുന്നു.

രൗദ്രഭാവം പൂണ്ടു കിടക്കുന്ന ആ കയത്തില്‍ ധാരാളം മൃഗങ്ങള്‍ ചത്തൊടുങ്ങിയിട്ടുണ്ട്. കൊന്നൊടുക്കുന്ന ആടുമാടുകളുടെ രക്തം പുരണ്ട അവശിഷ്ടങ്ങളും അതിലാണ് ഇടുന്നത്. ആ കയത്തിന്റെ പ്രത്യേകത അതില്‍ വീണാല്‍ രക്ഷപ്പെടാന്‍ സാധ്യമല്ല. കൊച്ചുകുഞ്ഞ് ആ കയത്തിന്റെ മുന്നില്‍ നിന്നതിന്റെ ഉദ്ദേശ്യം മറ്റുള്ളവര്‍ക്ക് ബോധ്യമായത് അപ്പോഴാണ്. കയത്തില്‍ വീണ ഉസ്മാന്‍ ഭയന്നുവിറച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചു. കൂടെ വന്നവര്‍ക്ക് അങ്ങോട്ടു വരാന്‍ ഭയമായിരുന്നു. ഉസ്മാനെ ഒരു തെങ്ങോല ഇട്ടുകൊടുത്ത് അതില്‍ പിടിച്ചു കയറ്റിയാണ് രക്ഷപെടുത്തിയത്. കറുത്ത ചേറുകൊണ്ട് ദേഹം പൊതിഞ്ഞിരുന്ന ഉസ്മാനോട് പറഞ്ഞു ”നീ മൃഗങ്ങളുടെ ചോര മാത്രമേ കണ്ടിട്ടുള്ളൂ. ഞാന്‍ മനുഷ്യന്റെ ചോര കണ്ടു വളര്‍ന്നവനാണ്. ഇവിടെ കയ്യൂക്കുമായി വന്നേക്കരുത്” ആ കയത്തിന് മുന്നില്‍ നിന്നപ്പോള്‍ നാട്ടുകാര്‍ പറഞ്ഞറിഞ്ഞ കാര്യം ഓര്‍ത്തു.

ഇനിയും എങ്ങോട്ടു പോകും?. വീട്ടില്‍ ചെന്നാല്‍ ചോദ്യം വരും. സ്‌കൂളില്‍ ചെന്നാല്‍ അടി ഉറപ്പാണ്. ഞാന്‍ അറിഞ്ഞുകൊണ്ട് ചെയ്തതല്ല. പാടത്ത് ഇളംകാറ്റ് വീശിക്കൊണ്ടിരുന്നു. പാടത്തിന്റെ പലഭാഗങ്ങളിലും ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. മനസ്സിന് വല്ലാത്ത വിഷമം തോന്നി. ഭയവും ഭീതിയും ഉള്ളിലൊതുക്കി വടക്കു വശത്തുള്ള പാടവരമ്പിലൂടെ നടന്ന് പാലയ്ക്കലെ കരിമ്പില്‍ തോട്ടത്തില്‍ കയറി ഒളിച്ചു. കണ്ണ് എല്ലായിടത്തും പരതി. ആരെങ്കിലും തേടി വരുമോ എന്ന ഭയമായിരുന്നു. കരിമ്പിന്‍ തോട്ടത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നത് ആര്‍ക്കും കണ്ടുപിടിക്കാന്‍ സാധ്യമല്ല. മണിക്കൂറുകള്‍ കടന്നുപോയി. ഉച്ചയായപ്പോള്‍ നല്ല വിശപ്പ് അനുഭവപ്പെട്ടു. കരിമ്പിന്‍ കമ്പുകള്‍ ഒടിച്ചുതിന്ന് വിശപ്പകറ്റി. തെങ്ങിന്‍ ചുവട്ടിലിരുന്ന് മയങ്ങിപ്പോയി. വീട്ടിലേക്ക് മടങ്ങിപ്പോകുന്ന കുട്ടികളുടെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. എഴുന്നേറ്റ് കുളക്കരയിലൂടെ നടന്നു. ഈ കുളത്തില്‍ പലവട്ടം നീന്തി കുളിച്ചിട്ടുണ്ട്.

വീട്ടിലെത്തി എന്നത്തേയുംപോലെ ജോലികളിലേര്‍പ്പെട്ടു. ജോലികള്‍ക്കിടയിലും വാസുവിന്റെ ഓര്‍മ്മ കടന്നുവന്നു. അവന്റെ കണ്ണിനെന്തെങ്കിലും കുഴപ്പമുണ്ടോ? അവന് സ്‌കൂളില്‍ പോകാന്‍ പറ്റുമോ?. കാളകള്‍ക്കു പുളിയരി കൊടുക്കുന്നതില്‍ മാധവന്‍ ചേട്ടനും എന്നെ സഹായിച്ചു. വലിയ ചരിവത്തിലുള്ള കാടി ഒറ്റയ്ക്ക് എടുക്കാന്‍ പറ്റുന്നില്ല. ഞങ്ങള്‍ രണ്ടുപേരും രണ്ടറ്റം പിടിച്ചാണ് ഓരോ കാളയുടെ മുന്നില്‍ എത്തിക്കുന്നത്. കിഴക്കേ തൊഴുത്തിനടുത്തുള്ള മുറിയിലാണ് മാധവന്‍ ചേട്ടന്‍ ഉറങ്ങുന്നത്. മാധവന്‍ ചേട്ടന്റെ അച്ഛന്‍ രാമന്‍കുട്ടിയും വല്യച്ഛന്റെ കാലത്ത് കാളവണ്ടി ഓടിച്ചിരുന്നു. ചെറുപ്പത്തില്‍ അച്ഛനൊപ്പം ഇവിടെ വന്നിട്ടുണ്ടെന്ന് മാധവന്‍ ചേട്ടന്‍ പറഞ്ഞിട്ടുണ്ട്. ആ ബന്ധം തുടരുന്നതു കാരണം കിഴക്കേക്കരയിലുള്ള നമ്പൂതിരി മേലാളന്മാര്‍ രാമന് പാട്ടത്തിന് കൊടുത്ത വസ്തുവിലെ ചെറിയ കുടിലില്‍ നിന്ന് തല്ലുകൊടുത്ത് ഇറക്കിവിട്ടു. മാത്രവുമല്ല അവര്‍ വളര്‍ത്തിയ കൃഷിയെല്ലാം നശിപ്പിച്ചു.
വര്‍ഷങ്ങളായി തറവാടിനുവേണ്ടി എല്ലുമുറിയെ പണിയെടുത്ത പാട്ടഭൂമി മനയ്ക്കുള്ള പണം അടച്ച് തീര്‍ത്തിരുന്നു. അതൊന്നും അവിടുത്തെ വലിയ തിരുമേനി ചെവിക്കൊണ്ടില്ല.

അഭയം തേടിയെത്തിയത് കൊച്ചുകുഞ്ഞിന്റെ അടുത്താണ്. അപ്പനെപ്പോലെ കാരൂര്‍ ചട്ടമ്പിയെന്ന് പേരെടുത്ത കാരൂര്‍ മത്തായിയെയാണ് ആ കാര്യം ഏല്പിച്ചത്. രാമനൊപ്പം തിരുമേനിയുടെ മനയ്ക്കലെത്തിയ മത്തായി രാമനെ തല്ലിയവരെ ആ മുറ്റത്തിട്ട് തല്ലി. ഇനിയും രാമനെ തൊട്ടാല്‍ നിന്നെയെല്ലാം വെട്ടി നുറുക്കുമെന്ന് വെല്ലുവിളിച്ചിട്ട് രാമനെ ഇറക്കി വിട്ട കുടിലില്‍ താമസമാക്കി. ആ അനുഭവമാണ് അവരെ ഈ കുടുംബവുമായി ബന്ധിപ്പിച്ചത്. കാരൂര്‍ കൊച്ചുകുഞ്ഞിന് പത്തോളം കേസുകള്‍ കോടതിയിലുണ്ടായിരുന്നുവെങ്കില്‍ മകന്‍ മത്തായിക്ക് മുപ്പതോളം കേസുകളുണ്ടായിരുന്നു. ഓരോ വസ്തുക്കളും വില്ക്കുന്ന പണം കൊണ്ടു വക്കീലന്മാര്‍ തടിച്ചുവീര്‍ത്തു.

അന്ന് രാത്രിയില്‍ ചാരുംമൂട്ടില്‍ നിന്നെത്തിയ അച്ഛന്‍ വടക്കേ അടുപ്പിനടുത്ത് ചമ്രം പടഞ്ഞിരുന്ന എന്നെ അകത്തേക്ക് വിളിച്ചു. വരാന്തയില്‍ കരുതിയിട്ടുള്ള ഒരു മുഴുത്ത വടിയെടുത്തിട്ട് ചോദിച്ചു ”എന്നാടാ പോത്തേ ഇന്ന് സ്‌കൂളില്‍ നടന്നേ?” ഞാന്‍ ഭയന്നു വിറച്ചു. അച്ഛന്റെ കാതില്‍ എത്തുമെന്ന് കരുതിയതല്ല. ധരിച്ചിരുന്ന വെള്ളമുണ്ടും വെളുത്ത കൂര്‍ത്തപോലും മാറാതെയുള്ള ചോദ്യമാണ്. വീട്ടിലുള്ളവര്‍ എന്തെന്നറിയാതെ കൗതുകത്തോടെ നോക്കി. ഉച്ചത്തിലുള്ള അച്ഛന്റെ ചോദ്യമുയര്‍ന്നു. വാസുവിന്റെ അച്ഛന്‍ എന്നോട് എല്ലാം പറഞ്ഞു. നിന്റെ തൊലി ഞാനിവിടെ ഉരിച്ചു വയ്ക്കും. നീ അറിഞ്ഞുകൊണ്ടല്ലേടാ അത് ചെയ്തത്? സത്യം പറഞ്ഞോ. ഇല്ല ഞാനറിഞ്ഞുകൊണ്ടല്ല.
അച്ഛന്റെ ദേഷ്യം ഇരട്ടിച്ചു. കള്ളം പറയുന്നോടാ എന്നട്ടഹസിച്ച് പുറത്തും കാലിലും നെഞ്ചിലും പൊതിരെ തല്ലി. ബഹളം കേട്ട് മാധവന്‍ ഓടിവന്ന് തടഞ്ഞു. ആ തക്കം നോക്കി ഞാനിറങ്ങിയോടി. പള്ളിമുറ്റത്തേക്കാണ് ഓടിയത്. ചിമ്മിനി വിളക്കെന്ന റാന്തലുമായി അച്ഛന്‍ പിറകെ വരുന്നുണ്ടോയെന്ന് പടിഞ്ഞാറോട്ട് നോക്കി. അടി കൊണ്ട ഭാഗങ്ങള്‍ തടിച്ചിരുന്നു. നല്ല നീറ്റല്‍. കിഴക്കോട്ടോടിയപ്പോള്‍ ഞാന്‍ പള്ളിമുറ്റത്ത് കാണുമെന്ന് അച്ഛനറിയാം. രക്ഷപ്പെടാനായി ശവക്കല്ലറയുടെ മറവില്‍ ചാരിയിരുന്നു. രക്തം കാലില്‍ നിന്ന് പൊടിയുന്നത് കൈവെള്ളയിലറിഞ്ഞു. നല്ല ദാഹവും വിശപ്പുമുണ്ട്. റോഡില്‍ കിടക്കുന്ന കാളവണ്ടിയില്‍പോലും പോയിക്കിടന്ന് ഉറങ്ങാന്‍ പറ്റില്ല.

ശവക്കോട്ടയുടെ പടിഞ്ഞാറുഭാഗത്ത് പള്ളിയുടെ അതിരില്‍ പറങ്കിമാവുണ്ട്. വവ്വാലുകള്‍ ചിറകിട്ടടിക്കുന്ന ശബ്ദം. എഴുന്നേറ്റ് പറങ്കിമാവിലേക്ക് കയറി. ഏതാനും കമ്പുകള്‍ കയറിയിറങ്ങിയപ്പോള്‍ ഒരെണ്ണം കിട്ടി. അതു തിന്നു. ഉച്ചയ്ക്കും ഭക്ഷണം കഴിച്ചതല്ല. വൈകിട്ട് വന്നപ്പോള്‍ അമ്മ ചായ തന്നിരുന്നു. കഴിക്കാനൊന്നും തന്നില്ല. ഒന്നും ചോദിച്ചു വാങ്ങി കഴിക്കാറില്ല. എന്തെങ്കിലും തന്നാല്‍ കഴിക്കും. എത്രയോ പ്രാവശ്യം വിശപ്പ് എന്നെ തളര്‍ത്തിയിട്ടുണ്ട്. അറിയാതെ മയങ്ങിപ്പോയി. നേരം പുലര്‍ന്നതോടെ തെല്ലൊരു ഭയത്തോടെ വീട്ടിലേക്ക് ചെന്നു ജോലികളില്‍ ഏര്‍പ്പെട്ടു.
വീട്ടില്‍ ചെല്ലുന്ന സമയം അച്ഛന്‍ ചായക്കടയില്‍ പോയിരുന്നു. അടുക്കള കതക് തുറന്നു കിടക്കുന്നത് കണ്ടിട്ട് അകത്തേക്ക് ചെന്നു. അമ്മ ദയനീയമായി മുഖത്തേക്ക് നോക്കി എടാ നീ ജനിച്ചത് തല്ലുകൊണ്ട് ചാകാനാണോ? എന്തിനാടാ പിള്ളേരെ ഉപദ്രവിച്ചെ? സ്‌കൂളില്‍ നടന്ന കാര്യം ഞാന്‍ അമ്മയോട് വിസ്തരിച്ചു പറഞ്ഞു. അമ്മ കട്ടന്‍ കാപ്പി ഒഴിച്ചുതന്നു. നീ ആ കോടാലിയെടുത്ത് ആ പറങ്കിമാവ് വിറകാക്ക്. തൊഴുത്തിന്റെ അടുത്തുചെന്ന് കോടാലിയെടുത്തു. അവിടെയാണ് പണിയായുധങ്ങളെല്ലാം സൂക്ഷിക്കുന്നത്. കടയില്‍ നിന്ന് വന്ന അച്ഛന്‍ കണ്ടത് മകന്‍ മരം വിറകാക്കുന്ന കാഴ്ചയാണ്. വിശ്വസിക്കാനാകാതെ നോക്കി കുറെ നേരം നിന്നു. അടുക്കളയില്‍ ചെന്നിട്ട് അമ്മയോടു പറഞ്ഞു. അവന് ഈ വീട്ടില്‍ നിന്ന് പച്ചവെള്ളം കൊടുത്തുപോകരുത്. അമ്മ അവന്റെ നിരപരാധിത്വം പറഞ്ഞിട്ടും അത് കേള്‍ക്കാന്‍ തയ്യാറായില്ല. അച്ഛന്‍ ദേഷ്യത്തില്‍ പറഞ്ഞു. നിന്റെ മോന്‍ കാരണം ഇന്നലെ എന്റെ കയ്യില്‍ നിന്ന് പോയത് മൂന്നണയാ അറിയാമോ? ആശുപത്രി ചിലവുകള്‍ക്ക് ആയിട്ട്. മൂന്നണ നഷ്ടപ്പെട്ടതിന്റെ ദേഷ്യമാണെന്ന് അപ്പോഴാണ് അമ്മയ്ക്കും മനസ്സിലായത്. തൊടുന്നതിനും പിടിക്കുന്നതിനും ചെറുക്കനെ പട്ടിണിക്കിട്ട് കൊല്ലുന്നത് ശരിയല്ലെന്ന് പറഞ്ഞിട്ട് അമ്മ മടങ്ങിപ്പോയി.

അച്ഛന്റെ ശബ്ദം കേട്ട് ഓടിയൊളിച്ചു. മാടാനപ്പൊയ്കയ്ക്കാണ് ഓടിയത്. കുറച്ചുനേരം അവിടെ ചിലവഴിക്കും പിന്നെ തിരിച്ച് വീട്ടിലേക്ക് ചെന്നു. തൊഴുത്ത് വൃത്തിയാക്കി കുളിക്കാനായി പോയി. മാധവന്‍ ചേട്ടനും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വീട്ടിലെയും കടയിലെയും പണി മുഴുവന്‍ ചെയ്യണം എന്നിട്ട് അതിനെ തല്ലിക്കൊല്ലുന്നത് എത്രനാളാ ഇങ്ങനെ കാണുന്നത്. മാധവന്‍ചേട്ടന്‍ ദുഃഖമടക്കി. എടാ സോമാ, നീ അടി വാങ്ങുന്ന കാര്യമൊന്നും ചെയ്യരുത്. അച്ഛന്റെ സ്വഭാവം അറിയാമല്ലോ. എല്ലാം മൂളിക്കേട്ടിട്ട് വെള്ളം കോരി വയ്ക്കാനായി പോയി. പിന്നീട് സ്‌കൂളില്‍ പോകാന്‍ തയ്യാറായി വന്നു. അച്ഛന്‍ പറമ്പത്ത് പണിക്കാരുമായി പോകാനൊരുങ്ങുന്നു. അവര്‍ക്കൊപ്പം പോകുമോ? അറിയില്ല. അച്ഛന്റെ കണ്ണില്‍പ്പെടാതെ ജനാലയിലൂടെ നോക്കി. പൊന്നമ്മയും കുഞ്ഞുമോനും ആവി പറക്കുന്ന പുട്ടും പഴവും കഴിക്കുന്നുണ്ട്. അകത്തേക്ക് ചെന്നാല്‍ അച്ഛന്‍ കാണും. പച്ച വെള്ളം കൊടുത്തുപോകരുതെന്ന് അമ്മയോട് അച്ഛന്‍ പറഞ്ഞു കാണും. വീട്ടിലെ വെറുക്കപ്പെട്ടവന്‍.

വയറ് വിശപ്പറിയിക്കുന്നുണ്ട്. അമ്മയെ പ്രതീക്ഷയോടെ നോക്കി. അച്ഛന്‍ വീട്ടിലുള്ളപ്പോള്‍ അത് നടക്കില്ല. നീ ഇങ്ങ് അകത്തേക്ക് വാ, അകത്തേ മുറിയില്‍ വിളിച്ചിരുത്തി ഭര്‍ത്താവിനെ നോക്കിയിട്ട് പുട്ടും കറിയും തന്നു. വേഗം തിന്നിട്ട് പൊക്കോ. അമ്മയുടെ മുഖത്ത് ഭയമുണ്ട്. തിന്നുകൊണ്ടിരിക്കെ അച്ഛന്‍ മുന്നിലെത്തി. ”എന്താടി എന്റെ വാക്കിന് യാതൊരു വിലയുമില്ലേ. നീയാണോ ഈ കുടുംബം പോറ്റുന്നത് അതോ ഞാനോ. പാത്രം താഴെ വച്ചിട്ട് ഞാനോടി. അത് അമ്മയുടെ മനസ്സിനെ ചൂടു പിടിപ്പിച്ചു. അവന്‍ സ്‌കൂളിലേക്ക് വിശന്ന് പോണോ. പറഞ്ഞുതീരുംമുമ്പേ അമ്മയുടെ കരണത്ത് അടി വീണു. തെറ്റ് ചെയ്താല്‍ ആരായാലും ശിക്ഷ കിട്ടും. ഞാന്‍ പറയുന്നതിനപ്പുറം ഒന്നും ചെയ്യുന്നത് എനിക്കിഷ്ടമില്ലെന്ന് അറിഞ്ഞുകൂടെ. അകത്തേ മുറിയില്‍ കഴിച്ചുകൊണ്ടിരുന്ന മക്കള്‍ തലയുയര്‍ത്തി നോക്കി. അമ്മ മിഴിച്ചുനോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. എന്തോ ഒക്ക പറഞ്ഞുകൊണ്ട് മുറിയില്‍ നിന്നിറങ്ങിപ്പോയി. ഞാന്‍ സ്‌കൂളിലേക്ക് യാത്രയായി.

അമ്മയ്ക്ക് ഞാന്‍ മൂലം എത്രയോ തവണ അടി കിട്ടിയിട്ടുണ്ട്. കണ്ണുകള്‍ നനഞ്ഞു. അവന്‍ ഒരു തീരുമാനമെടുത്തു. ഇല്ലമ്മേ, ഇനി മേലില്‍ അമ്മ എനിക്കായി അടി വാങ്ങില്ല. കുട്ടികള്‍ വഴിയിലൂടെ പോകുന്നു. എനിക്ക് മുന്നില്‍ അമ്മിണിയും നടക്കുന്നുണ്ടായിരുന്നു. അവളെ കണ്ടപ്പോള്‍ എന്റെ മനസിലെ വിഷമം മാറി. അമ്മിണി സുന്ദരിയും പഠിക്കാന്‍ മിടുക്കിയുമാണ്. വീട്ടിലെ റോസാപ്പൂവ് ഞാനവള്‍ക്ക് പറിച്ച് കൊടുക്കാറുണ്ട്. എന്നെപ്പോലെ പൂവുകളോട് അവള്‍ക്കും വലിയ ഇഷ്ടമാണ്. ഞങ്ങള്‍ ഒന്നിച്ചാണ് ഒന്നില്‍ ചേര്‍ന്നത്. രണ്ടു വര്‍ഷം തോറ്റതുകൊണ്ട് ഞാനിപ്പോഴും അഞ്ചില്‍ തന്നെ കിടക്കുകയാണ്. അവളിപ്പോള്‍ ഏഴിലാണ്. അവളെ തൊട്ടു തൊട്ടില്ലാന്ന മട്ടില്‍ ഞാന്‍ നടന്നു. അവള്‍ സ്‌കൂളിലെ കാര്യം ചോദിച്ചു. അപ്പോഴാണ് അത് സ്‌കൂളിലെല്ലാം പാട്ടായെന്ന വിവരം അറിഞ്ഞത്. വേദനിക്കുന്ന എന്റെ മനസ്സിന് അമ്മിണി ഒരാശ്വാസമായിരുന്നു. അവള്‍ പറഞ്ഞു, ഞാനൊരു കാര്യം പറഞ്ഞാല്‍ എന്നോട് വഴക്കിന് വരുമോ? ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു. എന്താ അമ്മിണി? ഇയാള്‍ക്ക് ചാണകത്തിന്റെ മണം ഉണ്ട് സോപ്പിട്ട് കുളിച്ചാല്‍ മതി മാറും. നിരാശയോടെ നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല. തുണി കഴുകുന്ന ബാര്‍ സോപ്പിട്ട് നാളെ മുതല്‍ കുളിക്കണമെന്ന് മനസ് പറഞ്ഞു.

ക്ലാസില്‍ എല്ലാവരും എത്തിയിട്ടില്ല. വാസുവിനെ കണ്ടു. അവന്റെ പുരികം മരുന്നുവച്ച് കെട്ടിയിരിക്കുന്നു. അവനോട് കുറ്റസമ്മതം നടത്തി. ”വാസു നിനക്ക് എന്നോട് പിണക്കമാണോ?” ഇല്ലന്നവന്‍ മറുപടി പറഞ്ഞു. അച്ഛന്‍ ഇന്നലെ എന്നെ ഒരുപാട് തല്ലി. നിന്റെ അച്ഛനോട് ആരു പറഞ്ഞു”
”നിന്റെ അച്ഛനാ അതു പറഞ്ഞത്. മൂന്നണ കൊടുത്തെന്ന് എന്റെ അമ്മ പറഞ്ഞു. ആശുപത്രിയില്‍ മൂന്നണ രവിസാര്‍ കൊടുത്തു. ഞാന്‍ ഇന്നലെ ക്ലാസില്‍ വന്നില്ല. എന്റെ അച്ഛനെ സാറു വിളിപ്പിച്ചു. മൂന്നണ കൊണ്ടുവരണമെന്ന് പറഞ്ഞു. ഞാനും സാറിനോട് പറഞ്ഞത് കളിച്ചപ്പം കൊണ്ടതാണെന്നാ. അപ്പോള്‍ സ്‌കൂള്‍ ബല്ലടിച്ചു. കുട്ടികള്‍ എല്ലാം കെട്ടിടത്തിന് മുന്നിലെ ഗ്രൗണ്ടില്‍ നിരനിരയായി നിന്നു. എല്ലാവരും എന്നെത്തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സ്‌കൂള്‍ പ്രാര്‍ത്ഥന ആരംഭിച്ചു. എന്റെ ഭയം മാറിയില്ല. ഹെഡ്മാസ്റ്റര്‍ വിളിപ്പിക്കുമോ? ഒന്നും സംഭവിച്ചില്ല.

ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ വീട്ടിലേക്ക് പോയില്ല. അച്ഛന്‍ കണ്ടാല്‍ തല്ലിക്കൊല്ലും. പാലയ്ക്കലെ കരിമ്പിന്‍ തോട്ടത്തില്‍ കയറി കരിമ്പൊടിച്ചു. അതു കഴിച്ചുകൊണ്ടിരിക്കെ വരമ്പിലൂടെ കൊച്ചുപിള്ള സാര്‍ വരുന്നതുകണ്ട് കിഴക്കോട്ടോടി. കല്ലേമുട്ടി സാറിന്റെ തെങ്ങിന്‍പുരയിടത്തിലൂടെ വയലിലേക്കോടി. പാടത്തിന്റെ തെക്കുഭാഗത്തായി പാലയ്ക്കലെ വലിയൊരു ചാലുണ്ട്. കുളത്തേക്കാള്‍ വലുത്. അതില്‍ നിറയെ മീനുകളുണ്ട്. പല അവധി ദിവസങ്ങളിലും മീന്‍ പിടിക്കാനായി അവിടെ പോയിട്ടുണ്ട്. ആ ചാലില്‍ ഇറങ്ങി വസ്ത്രങ്ങള്‍ അഴിച്ചുവച്ച് നീന്താന്‍ തുടങ്ങി. തണുത്ത കാറ്റുപോലെ വെള്ളത്തിനും നല്ല തണുപ്പ്. ഓളങ്ങള്‍ ഹൃദയത്തെ തഴുകുന്നതുപോലെ തോന്നി.