അദ്ധ്യായം – 28
കേരളത്തിലെ അനുഭവങ്ങള്‍

നാടകകൃത്തും സിനിമ ഗാനരചയിതാവുമായ വിജയന്‍ അല്പസമയം എന്റെ വിശേഷങ്ങള്‍ തിരക്കിയിട്ട് ഏതാനും പുസ്തകങ്ങള്‍ തന്നു. എന്നിട്ട് ഞാന്‍ ഏല്‍പിച്ച നാടകത്തിലേക്ക് കണ്ണോടിച്ചു. ഞാന്‍ പുസ്തകങ്ങള്‍ ഓരോന്നായി നോക്കി. അതില്‍ എന്റെ അടുത്തു വള്ളികുന്നം പഞ്ചായത്തിലെ തോപ്പില്‍ ഭാസിയുടെ ”പുതിയ ആകാശം പുതിയ ഭൂമി”യുമുണ്ടായിരുന്നു. എന്റെ മൂത്ത പെങ്ങള്‍ സലോമിയെ അതിനടുത്താണ് വിവാഹം കഴിപ്പിച്ചിരിക്കുന്നത്. അളിയന്‍ ജോര്‍ജില്‍ നിന്ന് ഞാനറിഞ്ഞത് തോപ്പില്‍ ഭാസി വളരെ അപൂര്‍വ്വമായിട്ടേ കുടുംബത്ത് വരാറുളള എന്നാണ്. അതിനാലാണ് ശ്രീമൂല നഗരം വിജയനെ കത്തിലൂടെ ബന്ധപ്പെട്ടത്. നാടകത്തെപ്പറ്റിയുളള ഒരു ചെറുവിവരണവും അതിന്റെ വ്യക്തതകള്‍ക്ക് വേണ്ടി ആദ്യത്തെ രംഗവും തപാല്‍ വഴി അയച്ചു കൊടുത്തിരുന്നു.

കടല്‍ക്കര എന്ന നാടകത്തില്‍ നടക്കുന്നതും നടക്കാനിരിക്കുന്നതും വ്യക്തമായി അദ്ദേഹം മനസ്സിലാക്കി കാണുമെന്നാണ് എന്റെ വിശ്വാസം. ഞങ്ങള്‍ രണ്ടും വായനയില്‍ മുഴുകിയിരിക്കുമ്പോഴാണ് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചത്. ഭക്ഷണം കഴിച്ചിട്ട് വീണ്ടും വായനയില്‍ മുഴുകി നാടകത്തില്‍ മറ്റ് മൂന്നു രംഗങ്ങളും അതിലെ ഗാനങ്ങളും വായിച്ചതിനു ശേഷം നാടകത്തെപ്പറ്റി എഴുതി. അവതാരികയിലെ ചില ഭാഗങ്ങള്‍ ഇങ്ങനെയാണ്. നാലുമണിപ്പൂ സുന്ദരിയാണ്. അല്‍പായുസ്സുകാരിയും ദുര്‍ബലയെങ്കിലും കൃത്യനിഷ്ഠ പാലിക്കുന്നതില്‍ അതിശക്തയാണ്. ഈ പ്രപഞ്ചസത്യം കണ്ടെത്തുന്ന കരുത്തനായ അന്വേഷകനാണ് കവി. കാണുന്നതെല്ലാം ഉള്‍ക്കൊളളണമെന്നില്ല, കുറിക്കുന്നതെല്ലാം കവിതയാകണമെന്നുമില്ല. ആയിരം ചിപ്പികള്‍ ചികഞ്ഞാലും അപൂര്‍വ്വമായിട്ടല്ലേ മുത്തു നേടാന്‍ കഴിയൂ. വൈവിധ്യമാര്‍ന്ന കടല്‍ക്കരയിലെ തീഷ്ണഭാവങ്ങള്‍ക്ക് നിറം പകര്‍ന്ന മത്സ്യത്തൊഴിലാളികളുടെ സംഘര്‍ഷാത്മകമായ ജീവിതം കാരൂര്‍ ഡാനി ഇവിടെ നാടകരൂപത്തിലാക്കിയിരിക്കുന്നു. എല്ലാ ആശിസ്സുകളും നാടകകൃത്തിന് അര്‍പ്പിക്കുന്നു. ഈ നാടകം പുറത്തിറങ്ങിയതിനു ശേഷമാണ് എന്റെ പേര് വിളിപ്പേരായ സോമനായത്. അദ്ദേഹവുമായി കുറച്ചു നേരം വീണ്ടും സംസാരിച്ചിരുന്നു. അതില്‍ പറഞ്ഞത് നാടകകൃത്ത് കഥാപാത്രങ്ങളെ സൃഷ്ടിച്ചു കൊടുക്കുമ്പോള്‍ അതിന്റെ പൂര്‍ണ്ണരൂപത്തിലും ഭാവത്തിലും അഭിനയിച്ചില്ലെങ്കില്‍ നാടകം പരാജയപ്പെടുമെന്നാണ്. നാടകകൃത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കഥാപാത്ര സൃഷ്ടി നടത്തുമ്പോള്‍ അതിലൊരു ആസ്വാദനതലമുണ്ടാകണം. ഈ നാടകത്തില്‍ എനിക്കേറെ ഇഷ്ടപ്പെട്ടത് പാവങ്ങളുടെ നൊമ്പരങ്ങള്‍ സത്യസന്ധമായി എത്തിക്കുന്നു എന്നുളളതാണ്. എഴുത്ത് മുടക്കാതെ തീവ്രമായി തുടരുക. അതിനിടയില്‍ ഞാന്‍ പറഞ്ഞു ”അങ്ങെഴുതിയ എന്റെ ഗ്രാമം എന്ന സിനിമയിലെ യേശുദാസ് പാടിയ ഗാനം എനിക്കേറെ ഇഷ്ടമുളളതാണ്.” ഗുരുദക്ഷിണ കൊടുത്തിട്ട് ഞാന്‍ അവിടെ നിന്ന് ഇറങ്ങി നടന്നു.

എറണാകുളത്ത് നിന്ന് ബസ്സില്‍ വന്നിറങ്ങിയത് കോട്ടയത്താണ്. അവിടെ നിന്നു ബേക്കര്‍ ജംഗ്ഷനിലുളള വിദ്യാര്‍ത്ഥി മിത്രം ഓഫിസിലെത്തി ഈ നാടകം കൈമാറി. അത് വായിച്ചിട്ട് അറിയിക്കാമെന്ന് പറഞ്ഞ് അതിന്റെ ആദ്യത്തെ പേജില്‍ ലുധിയാനയിലെ വിലാസം എഴുതിക്കൊടുത്തു. അവിടെ നിന്ന് ഏതാനും പുസ്തകങ്ങള്‍ വാങ്ങിയിട്ട് സാഹിത്യ സഹകരണ പ്രസ്ഥാനത്തിന്റെ വിതരണവിഭാഗമായ എന്‍.ബി. എസ്സിന്റെ പുസ്തകക്കട ചോദിച്ചറിഞ്ഞ് അവിടേക്കു പോയി. മലയാള മനോരമക്കടുത്തുളള പുസ്തക കടയില്‍ നിന്നു കൈ നിറയെ പുസ്തകങ്ങള്‍ വാങ്ങി. ഓമന നോവല്‍ വായനക്കാരിയായതിനാല്‍ അതില്‍ കൂടുതലും നോവലുകളായിരുന്നു. കായംകുളത്ത് ബസ്സ് സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ രാത്രിയായിരുന്നു. അവിടെ നിന്ന് പുനലൂരിലേക്കുളള അവസാനത്തേ ബസ്സില്‍ കയറി ചാരുംമൂട്ടിലിറങ്ങി വീട്ടിലേക്ക് നടന്നു. വീടിനു മുന്നിലെത്തിയപ്പോള്‍ വീട്ടിലെ നായ കുരച്ചു കൊണ്ടുവന്നിട്ട് വാലാട്ടി നിന്നു. തൂക്കി പിടിച്ചു വന്ന പുസ്തകങ്ങള്‍ കൈക്കു നല്ല വേദന തന്നു. അത് വരാന്തയിലെ മേശപ്പുറത്തു വച്ചപ്പോഴാണ് ഒരാശ്വസമായത്.

അച്ഛനും അമ്മയും ആ പൊതിയെ കണ്ടത് വീട്ടിലേക്ക് എന്തോ മേടിച്ചു കൊണ്ടു വന്നതായിട്ടാണ്. അടുക്കളയിലെ ജനാലയിലൂടെ പൊന്നമ്മ ഒളിഞ്ഞു നോക്കുന്നു. കൊണ്ടു വന്നത് എന്തെങ്കിലും മധുര പലഹാരങ്ങളാണോ എന്ന സംശയം. വീര്‍ത്തുന്തിയ പൊതി കണ്ടിട്ട് അമ്മ ചോദിച്ചു, എന്താട് ഇത്. അതിനുളളില്‍ എന്താണെന്നറിയാനുള്ള ആഗ്രഹമാണ്. ആ അന്വേഷണത്തില്‍ ഭാര്യവീട്ടില്‍ നിന്ന് എന്തെങ്കിലുമാണോ എന്നതും സംശയിക്കാം. എന്റെയുള്ളില്‍ ചിരിയൂറി. ഇതു കുറെ പുസ്തകങ്ങളാണ്.
അച്ഛന്‍ പറഞ്ഞത് പണ്ട് നീ കുഷ്ഠരോഗാശുപത്രിയില്‍ പോയി പുസ്തകമെടുത്തു കൊണ്ട് വരുന്നതിന് തല്ല് കിട്ടിയത് ഓര്‍മ്മയുണ്ടോ. ഞാന്‍ ആഹ്ലാദപൂര്‍വ്വം അതിനു മറുപടി കൊടുത്തു. ആ സുന്ദര നിമിഷങ്ങള്‍ എനിക്ക് മറക്കാന്‍ പറ്റുമോ. ഒരു നാടകത്തിന്റെ പേരിലാണല്ലോ എനിക്കിവിടുന്ന് പോകേണ്ടി വന്നത്. ഇപ്പോഴും നാടകം എഴുതുന്നുണ്ട്. അമ്മ ഇടപെട്ടു പറഞ്ഞത് നീ എഴുതണം ബുദ്ധിയുള്ളവരല്ലേ എഴുതുന്നത്. എല്ലാവര്‍ക്കും പറ്റുന്ന കാര്യമാണോ. അച്ഛന് എന്നെ തല്ലിയതില്‍ ഒരു കുറ്റബോധം തോന്നുന്നു. മനുഷ്യന്റെ സ്വഭാവം അങ്ങനെയാണ് പലതും തിരിച്ചറിയാന്‍ കാലങ്ങളെടുക്കും.

അടുത്ത ദിവസങ്ങളില്‍ തകഴി, തിരുനെല്ലൂര്‍ കരുണാകരന്‍, പാറപ്പുറത്ത്, കാക്കനാടന്‍, നൂറനാട് പോള്‍ തുടങ്ങിയവരെ കാണാന്‍ പോയിരുന്നു. എന്നെ കണ്ടയുടനെ തകഴിച്ചേട്ടന്റെ ശ്രദ്ധ തിരിഞ്ഞത് എവിടെ നീ എഴുതിയ നോവല്‍ എന്നായിരുന്നു. ഈ പ്രാവശ്യം ഒരു നാടകമാണ് എഴുതിക്കൊണ്ടു വന്നത്. അടുത്ത വരവില്‍ നോവല്‍ കൊണ്ടുവന്നു കാണിക്കാമെന്ന് ഉറപ്പു കൊടുത്തിട്ടാണ് ഉച്ചയ്ക്കുളള ഭക്ഷണം കഴിച്ചിട്ടിറങ്ങിയത്. മലയാള മനോരമയുടെ കേരള യുവ സാഹിത്യ സഖ്യ സിംബോസിയങ്ങളില്‍ കെ.പി.കേശവമേനോനെപ്പോലുള്ള പ്രതിഭാശാലികളായ എഴുത്തുകാരെ പരിചയപ്പെട്ടിരുന്നത് എന്റെ ഓരോ യാത്രയിലും ഓര്‍മ്മിക്കുമായിരുന്നു.

പ്രശസ്ത കവി തിരുനല്ലൂര്‍ കരുണാകരനൊപ്പം കാരൂര്‍ സോമന്‍

ഇപ്പോഴും എല്ലാവരില്‍ നിന്നും ലഭിച്ചത് സാഹിത്യത്തെ സൗന്ദര്യപൂര്‍ണമാക്കാന്‍ എങ്ങനെ കഴിയുമെന്നുളളതാണ്. ഇവരുടെ ഓരോ വാക്കുകളും സാഹിത്യം എന്തെന്നറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുരു ഉപദേശങ്ങളാണ്. എല്ലാവരും പറഞ്ഞു കൂടുതലായി വായിച്ചു വളരണം. അത് സര്‍ഗ്ഗാത്മക രചനകളുടെ ആവശ്യത്തിനു മാത്രമല്ല ജീവിത വിജയത്തിനും പ്രയോജനപ്പെടും. എല്ലാവരേയും കണ്ടു മടങ്ങുമ്പോള്‍ മനസ്സിന് ഉന്മേഷവും ആത്മവിശ്വാസവുമാണുണ്ടായത്. നാട്ടിലുണ്ടായിരുന്നെങ്കില്‍ ഇവരില്‍ നിന്നെല്ലാം അറിവും പ്രോത്സാഹനവും ലഭിക്കുമായിരുന്നു. ഒരു പകല്‍ മുഴുവനായി ലെപ്രസ്സി സാനിറ്റോറിയത്തിലെ എന്റെ സുഹൃത്തുക്കളായ റഹിം, രാമചന്ദ്രനു വേണ്ടിയായിരുന്നു. രണ്ടു പേരും കുടുംബത്തില്‍ പരാധീനതകള്‍ ഉള്ളവരായിരുന്നു. മിക്ക മാസങ്ങളിലും അവരുടെ സാമ്പത്തിക ക്ലേശമകറ്റാന്‍ ഞാനും താല്പര്യം കാണിച്ചിരുന്നു. ലുധിയാന തുണിക്കടയില്‍ നിന്ന് ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് തുണിയെടുത്ത കൂട്ടത്തില്‍ ഇവര്‍ക്കും ഓരോ ഉടുപ്പു വാങ്ങിയിരുന്നു. ചെറുപ്പത്തില്‍ അവര്‍ എന്നോടു കാട്ടിയിരുന്ന നിര്‍വ്യാജമായ സ്‌നേഹം എന്റെ ജീവിതത്തില്‍ നേട്ടങ്ങള്‍ മാത്രമേ നല്‍കിയിട്ടുള്ളു. ഞാനിവിടെ വന്ന് കുഷ്ഠരോഗികളുമായി ബന്ധപ്പെട്ടതിന് അച്ഛനില്‍ നിന്ന് അടി കിട്ടിയതും, ഭക്ഷണം തരാതിരുന്നതുമൊക്കെ അവര്‍ക്കൊപ്പമിരുന്നു ഭക്ഷണം കഴിച്ചപ്പോള്‍ ഓര്‍ത്തു.

എതിര്‍പ്പുകളെ നേരിടുമ്പോഴാണ് ഒരു വ്യക്തിയില്‍ ധൈര്യവും വിജയവും കണ്ടെത്തുന്നതെന്ന് അന്നു ഞാന്‍ പഠിച്ചപാഠമാണ്. അവര്‍ക്കൊപ്പം ലൈബ്രറി കാണാനും പുതിയ പുസ്തകങ്ങള്‍ മറിച്ചു നോക്കാനും കഴിഞ്ഞുവെന്നല്ലാതെ ഒന്നും കൂടെ കൊണ്ടുവന്നില്ല. അതിന്റെ പ്രധാന കാരണം. തിരക്കിനിടയില്‍ വായിക്കാന്‍ സമയമില്ല. നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം നേരില്‍ കണ്ട സന്തോഷം അലയടിച്ചു നിന്നു. എന്റെ മടക്ക യാത്രയില്‍ എനിക്കൊപ്പം ഗേറ്റു വരെ വന്നു. ചെയ്ത സഹായത്തിന് വീണ്ടും നന്ദി അറിയിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. റഹീമിന്റെ സഹോദരിയെ പഠിപ്പിക്കുന്നതിനോ, രാമചന്ദ്രന്‍ ചേട്ടന്റെ അമ്മയുടെ ചികിത്സക്കോ എന്നാല്‍ കഴിയുന്ന രീതിയില്‍ സഹായിക്കുന്നതില്‍ സന്തോഷമേയുള്ളു. എന്നെ അറിയിക്കുന്ന കാര്യത്തില്‍ പിശുക്കു കാണിക്കാതിരിക്കുക. ഈ സ്‌നേഹം അനുകമ്പ എന്നൊക്കെ പറയുന്നത് വിനോദത്തിനു വേണ്ടിയുളളതല്ല. അതു മറ്റുള്ളവരെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്. എനിക്ക് ഇതൊക്കെ വളരെ സന്തോഷം തരുന്ന കാര്യങ്ങളാണ്. പിന്നെ ജീവിതത്തില്‍ സുഖങ്ങള്‍ മാത്രം കണ്ടെത്തി അതിനെ താലോലിക്കുന്ന ഒരാളല്ല ഞാനെന്ന് നിങ്ങള്‍ക്കറിയാമല്ലോ. നമ്മള്‍ ഇന്നുവരെ സഹോദരങ്ങളെ പോലെയാണ് ജീവിച്ചത്. മരണം വരെ അങ്ങനെ തുടരുന്നതില്‍ നിങ്ങള്‍ക്ക് എതിര്‍പ്പുണ്ടോ. അവര്‍ കുതിര്‍ന്ന കണ്ണുകളോടെ എന്നെ നോക്കിയപ്പോള്‍ എന്റെ കണ്ണുകളും നിറഞ്ഞു. അവരെ സമാധാനിപ്പിച്ചു ഞാന്‍ മടങ്ങി.

അവിടെ നിന്ന് പടിഞ്ഞാറോട്ട് നടന്ന് തെക്കു ഭാഗത്തുള്ള വയലോരത്തു കൂടി എത്തിയത് ചെറപ്പത്തില്‍ നീന്തിത്തുടിച്ച കുളക്കരയിലാണ്. അല്പനേരം കുളത്തില്‍ നോക്കി നിന്നിട്ട് അതിനുത്തുള്ള വടക്കേ അറ്റത്തേ വീട്ടിലേക്ക് സുഹൃത്ത് രാമചന്ദ്രനെ കാണാന്‍ പോയി. അവന്റെ അമ്മയ്ക്ക് കടമറ്റത്തു കത്തനാരുടെ സേവയുളള ആളാണ്. ഒരു പൂജാമുറിയില്‍ പല ദൈവങ്ങളുടെ പടമുണ്ട്. ചെറുപ്പത്തില്‍ കണ്ടത് ധാരാളം പേര്‍ അവിടെ പല വിഷയങ്ങളറിയാന്‍ വന്നതാണ്. അന്നൊരു രാത്രിയില്‍ പൂജാമുറിയില്‍ കയറിയിരുന്ന് ഞാനെന്തോ തര്‍ക്കുത്തരം പറഞ്ഞതിന് അടുത്തുള്ള വലിയൊരു ചൂരല്‍ വടിയുമായി ഭദ്രകാളിയെ പോലെ എന്റെ നേരേ ചീറി വന്നതും ഞാനിറങ്ങി ജീവനും കൊണ്ട് ഓടിയതും ഓര്‍മ്മയിലുണ്ട്. അതിനു ശേഷം ഞാനവിടെ പോയിട്ടില്ല. അന്നത് അവന്റെ അമ്മയുടെ ദുരാത്മാവിന് മുറിവേല്‍പിച്ച് ഒരു കാര്യമായിരുന്നു. ഞാന്‍ ചോദിച്ചത് എന്റെയൊരു സംശയമായിരുന്നു. അമ്മേ ഇതൊക്കെ പിശാചിന്റെ സേവയല്ലേ, അതൊക്കെ തട്ടിപ്പാണെന്നാണ് ഓരോരുത്തര്‍ പറയുന്നത്. മെഴുകുതിരി കത്തിച്ചു കൊണ്ടു നിന്ന അമ്മ ഒരു വന്യമൃഗത്തിന്റെ ശൗര്യത്തോടെ എന്നെ നോക്കി. അഴിഞ്ഞുലഞ്ഞ മുടിയും കണ്ണുകളിലെ രോഷവും കണ്ടപ്പോള്‍ ഞാന്‍ പേടിച്ചു വിറച്ചു. എപ്പോഴും സ്‌നേഹത്തോടെ എന്നെ നോക്കിയിരുന്ന വ്യക്തി ഇപ്പോള്‍ പകയോടെ നിന്നെ നിര്‍മൂലനം ചെയ്യുമെന്ന ഭാവത്തില്‍ അവിടെ പൂജാമുറിയിലിരുന്ന വലിയൊരു ചൂരല്‍ എടുക്കുന്നതു കണ്ട ഞാനിറങ്ങിയോടി. അമ്മയും എന്റെ പിറകെയുണ്ടായിരുന്നു. രാമചന്ദ്രനും അവന്റെ അച്ഛനും ആശ്ചര്യത്തോടെ അതു കണ്ടു നിന്നു. ഭയമാര്‍ന്ന കണ്ണുകളോടെ കൂറേ ദൂരം ഓടിയിട്ട് അതിദ്രുതമിടിക്കുന്ന ഹൃദയത്തോടെ തിരിഞ്ഞു നോക്കി. അമ്മയെ കണ്ടില്ല. കഴിഞ്ഞു പോയ സംഭവമെങ്കിലും എന്റെ മാനസികാവസ്ഥ ഇന്നും മറക്കാനാകുന്നില്ല. അതിനു ശേഷം സ്‌കൂളില്‍ രാമചന്ദ്രന്‍ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ ഞാനത് വിസ്തരിച്ചു.

അവന്‍ നിമിഷങ്ങള്‍ നിസഹായനായി നോക്കിയിട്ട് പറഞ്ഞു അമ്മയ്ക്ക് ഇഷ്ടപ്പെടാത്തത് പറഞ്ഞാല്‍ അടിക്കും. എനിക്ക് ഒരു ദിവസം അടി കിട്ടി. രാമചന്ദ്രന്‍ പുരോഗമന വാദി മാത്രമല്ല ആത്മീയബോധമുള്ള വ്യക്തികൂടിയാണ്. അച്ഛനായാലും തെറ്റു പറഞ്ഞാല്‍ അവന്‍ അംഗീകരിക്കില്ല. മറ്റുള്ളവര്‍ പറയുന്നതും ചെയ്യുന്നതും ശിരസാ വഹിക്കാത്ത ആളായതു കൊണ്ടാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായത്. ഞനപ്പോള്‍ അവനോട് പറഞ്ഞത് ഈ കടമറ്റത്തു കത്തനാര് ഇത്ര ദേഷ്യക്കാരനായിരുന്നോ. അവന്റെ വീട്ടിലെത്തി രാമചന്ദ്രനേയും അമ്മയേയും മറ്റുളളവരേയും കണ്ട് സന്തോഷത്തോടെ മടങ്ങി. രാമചന്ദ്രന്‍ എനിക്കൊപ്പം കുളക്കരയിലേക്ക് വന്നു. വളരെ ആകാംക്ഷയോടെയാണ് എന്റെ വിശേഷങ്ങള്‍ അന്വേഷിച്ചത്. അന്നു രാത്രി എന്റെ സുഹൃത്തുക്കളായ കുഷ്ഠരോഗികളുമായുളള വേര്‍പെടുത്താനാകാത്ത സ്‌നേഹത്തെപ്പറ്റി ഒരു കവിതയെഴുതി. ജീവിതത്തിന്റെ അടി വേരുകളാണ് സ്‌നേഹം. ആ സ്‌നേഹത്തില്‍ വിരിയുന്നത് മധുര ഫലങ്ങളാണ്. അത് ഭക്ഷിക്കുന്നവര്‍ ആരോഗ്യമുള്ള മനസ്സുള്ളവരാണ്. അതിന്റെ ചൈതന്യം പവിത്ര സംഗീതമായി കാറ്റിലാടും ആ വെളിപ്പെടുത്തലുകളാണ് എന്റെ കുഷ്ഠരോഗിക്കൊരു കൂട്ടുകാരന്‍ എന്ന കവിതയില്‍ പ്രതിപാദിക്കുന്നത്. സ്‌നേഹം ചിരിച്ചു തള്ളി കളയാനുളള ഒരു വികാരമല്ലെന്ന് നീണ്ട വര്‍ഷങ്ങള്‍ പ്രണയത്തെ അനശ്വരമാക്കിയപ്പോള്‍ കണ്ടതാണ്. സ്‌നേഹവും പ്രണയവുമെല്ലാം ഒരു സമര്‍പ്പണമാണ്. ഈ മണ്ണില്‍ പുതുജീവന്‍ പ്രാപിക്കുന്നതെന്തും സ്‌നേഹത്തില്‍ നിന്നാണ്.

ഓരോ ജീവനും ഒരമ്മയുണ്ട്. ആ അമ്മ ചൊരിയുന്ന വാത്സല്യത്തില്‍ വളരുന്നതാണ് ഈ പ്രപഞ്ചം. അവിടെ ജീവിക്കുന്ന മനുഷ്യന് ഒരു ലക്ഷ്യബോധമുണ്ട് സമൂഹത്തോട് ഒരു കടപ്പാടുണ്ട്. എല്ലാം പ്രപഞ്ചം തന്നിരിക്കുന്ന സൗഭാഗ്യങ്ങളാണ്. അതിലെ സൗന്ദര്യാംശങ്ങള്‍ മനുഷ്യനെ അനുഗ്രഹ- അനുഭൂതിയിലേക്ക് നയിക്കുന്നവരാണ് സര്‍ഗ്ഗധനരായ എഴുത്തുകാര്‍. അവര്‍ ഈ പ്രപഞ്ചത്തെ ഗാഢമായി സ്‌നേഹിക്കുന്നവരും നിരീക്ഷിക്കുന്നവരുമാണ്. പിന്നീട് എന്റെ കാവ്യ മുകുരത്തില്‍ വിരിഞ്ഞു വന്ന കവിത പ്രകൃതി ദേവിയായ അമ്മയെപ്പറ്റിയായിരുന്നു. ഈ പ്രപഞ്ചത്തിലെ സമസ്ഥജീവജാലങ്ങളിലും അമ്മയുണ്ട്. എഴുതി കൊണ്ടിരുന്ന എന്റെ കണ്ണുകള്‍ ഉറക്കത്തിലാണ്ടത് പെട്ടെന്നായിരുന്നു. നേരം പുലര്‍ന്നത് ഞാനറിഞ്ഞില്ല. അമ്മയാണ് വിളിച്ചുണര്‍ത്തിയത്. നീ ഇന്നു പത്തനാപുരത്തിന് പോകുന്നില്ലേ. ആ വാക്കുകള്‍ മനസ്സിന് ഉന്മേഷം വര്‍ദ്ധിപ്പച്ചു.

ഇന്നു ചെല്ലാമെന്നാണ് ഓമനയോട് പറഞ്ഞിട്ടുളളത്. ഒരാഴ്ച്ച മാതാപിതാക്കള്‍ക്കൊപ്പം കഴിയുമെന്ന് മുമ്പെടുത്ത തീരുമാനമാണ്. കഴിഞ്ഞയാഴ്ച്ച പോയതാണ്. അടുത്ത ശനിയാഴ്ച്ച വരുമെന്ന് പറഞ്ഞിട്ടാണ് ഇറങ്ങിയത്. ഇനിയും എത്രയോ ബന്ധു വീടുകളില്‍ പോകാന്‍ കിടക്കുന്നു. രാവിലെ പത്തനാപുരത്തേക്കു തിരിച്ചു. പത്തനാപുരത്തിറങ്ങി അവിടുത്തെ ചന്തയില്‍ നിന്ന് വലിയൊരു നെയ്യ് മീനും കുറെ പഴങ്ങളുമായിട്ടാണ് ഭാര്യയുടെ വീട്ടിലെത്തിയത്. ഓമന എന്നെ കാത്തു നില്‍ക്കുകയായിരുന്നു. നെയ്യ് മീന്‍ കണ്ടപ്പോള്‍ അവള്‍ കളിയാക്കി ചോദിച്ചു, എന്റെ അമ്മയെ വളയ്ക്കാനാ ഈ വലിയ മീന്‍ വാങ്ങിയേ. ഞനൊന്നു പുഞ്ചിരിച്ചിട്ട് പറഞ്ഞു, ങാ മനസ്സിലായി എന്റെ അമ്മെ നീ വളച്ചെടുത്തത് എങ്ങനെയെന്ന് ചോദിച്ചതിന്റെ പ്രതികാരം. ഇവിടെ പൂര്‍ണമായി നിനക്ക് തെറ്റി. സ്വന്തം സുഖത്തിനായി ആരേയും വശീകരിച്ചു സ്വന്തമാക്കാന്‍ ഒരിക്കലും ഞാന്‍ ശ്രമിച്ചിട്ടില്ല. ഇത് തികച്ചും ഒരു മകന്‍ ചെയ്യുന്ന കാര്യമാണ്. എന്താ മരുമക്കള്‍ ഒന്നും വാങ്ങാന്‍ പാടില്ലേ. ഈ മരുമകനെ ഇതിലെങ്കിലും ഒന്നഭിനന്ദിച്ചു കൂടെ. അവളുടെ അഴകാര്‍ന്ന മിഴികളില്‍ ആഹ്ലാദവും പുഞ്ചിരിയും കണ്ടു.

അടുക്കളയില്‍ നെയ്യ് മീന്‍ കണ്ട അമ്മച്ചിക്ക് എന്റെ പ്രവൃത്തി ഏറെ ഇഷ്ടപ്പെട്ടു നന്ദിയും പറഞ്ഞു. അമ്മച്ചിക്ക് ഏറെ ഇഷ്ടമുളളതാണ് നെയ്യ്മീന്‍. ഞാന്‍ ഓമനയുടെ മിഴികളിലേക്കു നോക്കി പറഞ്ഞു, കണ്ടു പഠിക്കെടീ…. ഞാനകത്തേക്കു പോയി തുണി മാറി വന്നിട്ട് തീന്‍ മേശക്ക് മുന്നിലിരുന്നു. ഓമന വന്നിരുന്നിട്ട് പറഞ്ഞു, അപ്പച്ചന്‍ ചന്തയില്‍ പോകുന്ന ദിവസമേ മീന്‍ വാങ്ങാറുളളൂ. ഞാന്‍ ചോദിച്ചു, അച്ചന്‍ വരുമ്പോള്‍ ഒന്നും വാങ്ങി വരാറില്ലേ. അതിന് അടുക്കളയില്‍ നിന്ന് അമ്മച്ചി മറുപടി പറഞ്ഞു. അച്ചന്‍ വരുന്നത് കയ്യും വീശിയാ തിരിച്ചു പോകുമ്പോള്‍ കൈനിറച്ച് ഞങ്ങളാ കൊടുത്തു വിടുന്നേ. അന്നേരം കൈക്കു നല്ല ബലമാ. അതു കേട്ട് ഞങ്ങള്‍ ചിരിച്ചു. അമ്മച്ചി മനസ്സില്‍ ഒന്നും ഒളിപ്പിച്ചു വയ്ക്കുന്ന ആളല്ലെന്ന് എനിക്കു തോന്നി. അമ്മച്ചിയുടെ രണ്ട് ആണ്‍മക്കളായ കുഞ്ഞുമോനും ജോണും മുംബൈയിലും, ജോര്‍ജുകുട്ടിയും മകള്‍ അന്നമ്മയും ന്യൂയോര്‍ക്കിലും, തങ്കമ്മ റാഞ്ചിയിലും, കുഞ്ഞുമോള്‍ ബാഗ്ലൂരിലുമാണ്. ഇതില്‍ തങ്കമ്മയുടെ തനിനിറം മാത്രമാണ് പുറത്തു വന്നിട്ടുളളത്. അവരുടെ ഒരു സുഹൃത്തിന്റെ ബന്ധുവിനെ ഓമനയുമായി വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അത് പൂര്‍ണമായി ഓമന തള്ളിക്കളഞ്ഞതു കൊണ്ടാണ് വിനാശകരമായ കഥകള്‍ അവര്‍ എനിക്കെതിരെ മെനഞ്ഞുകൊണ്ടിരുന്നത്.

അടുത്ത ദിവസം ഞങ്ങള്‍ എന്റ വീട്ടിലേക് വന്നു. ഒരാഴ്ചയില്‍ കൂടുതല്‍ ബന്ധുമിത്രാതികളായ കടമ്പനാട് നെടിയവിള വല്യമ്മാവന്‍ ഉമ്മന്‍ മുതലാളി, കൊച്ചമ്മാവന്‍ ഡാനികുട്ടിയുടെ വീടുകളില്‍ പോയി. കൊച്ചമ്മാവന്‍ ബൈബിളിലും സാഹിത്യത്തിലും അഗാതമായ അറിവുള്ള ആളാണ്. ഞങ്ങള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടാറുണ്ട്. അദ്ദേഹത്തിന്റ മകന്‍ ജോയ് കുട്ടി സുവിശഷകനും കൊച്ചുമകന്‍ ജോണ്‍ നോസ് മാര്‍ത്തോമ്മ സഭയിലെ പുരോഹിതനുമാണ്. ഒരു ദിവസം ഓമനയുടെ മൂത്ത സഹോദരന്‍ റ്റി.എം. വര്‍ഗീസ് അച്ചന്റെ വീട്ടിലെത്തി. അദ്ദേഹത്തിന്റ ഭാര്യ ജോയ് കൊച്ചമ്മ കോട്ടയം മാര്‍ത്തോമ്മാ സ്‌കൂള്‍ റിട്ടയേര്‍ഡ് പ്രിന്‍സിപ്പളും മകള്‍ സുമോള്‍ അവിടുത്തെ അധ്യാപികയാണ്. ഭര്‍ത്താവ് സുനില്‍. അവര്‍ക്ക് രണ്ടു പെണ്മക്കള്‍. കല്ലട കൊച്ചമ്മയുടെ വീട്ടില്‍ പോയപ്പോഴാണ് ഓമന ആദ്യമായി വള്ളത്തില്‍ കയറിയത്. അതിന കൂട്ടു വന്നത് കൊട്ടാരക്കര കൊച്ചമ്മയുടെ മകന്‍ ശാമുവേലാണ്. കൊച്ചമ്മയുടെ മകന്‍ അവിടുത്തെ സഹകരണ സംഘത്തിന്റെ സെക്രട്ടറിയായ ജോര്‍ജ്ജ് ഞങ്ങള്‍ക്കായി പ്രത്യേകം ആറ്റുമീന്‍ വാങ്ങി ഭക്ഷണമൊരുക്കിയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റ മകന്‍ ഷിബുവാണ് സെക്രട്ടറി, ഭാര്യ ജിജി ഹൈസ്‌കൂള്‍ അധ്യാപികയാണ്. പുഴയുടെ ഇരു ഭാഗങ്ങളിലും തെങ്ങുകള്‍ പുഴയിലേക്ക് ചാഞ്ഞ് നില്‍ക്കുന്നു.

ഞങ്ങള്‍ ഒരു രാത്രി മാവേലിക്കരയില്‍ ഓമനയുടെ കൊച്ചമ്മയുടെ വീട്ടില്‍ താമസിച്ചു.
അടുത്ത ദിവസം രാവിലെ കുറത്തികാട് മുക്കിലേക്ക് ബസ്സിനായി ചെല്ലുമ്പോള്‍ അവിടെയാകെ പോലീസാണ്. ആരേയും അവിടേക്ക് കടത്തി വിടുന്നില്ല. ദൂരെ നിന്ന് എന്റെ മാമിയുടെ മകന്‍ തങ്കച്ചായന്‍, കളരിയാശാന്റെ മകന്‍, എന്റെയടുത്തു വന്നപ്പോഴാണ് കാര്യത്തിന്റെ ഗൗരവമറിയുന്നത്. അവിടുത്തെ ഒരു പാര്‍ട്ടി നേതാവ് റ്റൈറ്റസ് സാറിനെ ആരോ രാത്രിയില്‍ കൊലപ്പെടുത്തി. അതിനാല്‍ ബസ്സുകളൊന്നും കിട്ടില്ല. ഞങ്ങളെ കുറ്റാനം വരെ പോലീസ് ജീപ്പിലെത്തിച്ചു. അദ്ദേഹം മാവേലിക്കര എസ്. ഐ യാണെന്ന് എനിക്കറിയില്ലായിരുന്നു. ഇങ്ങനെ ധാരാളം വീടുകളില്‍ കയറിയിറങ്ങി. ഇവരില്‍ ചിലരൊക്കെ തെറ്റിധരിച്ചിരുന്നത് ഞാനൊരു നക്‌സലായി വനാന്തരങ്ങളില്‍ പാര്‍ക്കുന്നു എന്നായിരുന്നു. ഇവരുടെ വീടുകളില്‍ എന്റെ കത്ത് കിട്ടുമ്പോഴാണ് അസംതൃപ്തരായവര്‍ തൃപ്തരായത്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നാടകം, പോലീസ് തിരച്ചില്‍, ഒളിച്ചോട്ടം എല്ലാമറിഞ്ഞപ്പോള്‍ ഏതോ ഒളിത്താവളത്തില്‍ എന്നവര്‍ തെറ്റിധരിച്ചു. ജീവിതത്തില്‍ തിന്മകളും വഞ്ചനയും ദാരിദ്ര്യവും അരാജകത്വവും നിലനിര്‍ത്തുന്ന അധികാര വര്‍ഗ്ഗത്തെ ഉള്‍ക്കൊള്ളാന്‍ എനിക്ക് ഒട്ടും കഴിഞ്ഞിട്ടില്ല. ഞാന്‍ ജന്മദേശത്ത് ഇല്ലാത്തതിനാല്‍ വിലങ്ങുവയ്ക്കാനോ, വടിവച്ചു കൊല്ലാനോ ആര്‍ക്കും കഴിഞ്ഞില്ല. ദൈവം കരുതിക്കാണും ഇവന്‍ രക്തസാക്ഷിയായി സ്വര്‍ഗ്ഗ രാജ്യത്തില്‍ വരേണ്ട, ഈ നരകത്തില്‍ കിടക്കട്ടെയെന്ന്. സമൂഹത്തില്‍ സ്പര്‍ദ്ധ ആളി കത്തിക്കുന്നവര്‍, ആരാണ് അതു കണ്ടിട്ട് കാണാതിരിക്കുന്നവര്‍. ഞങ്ങളുടെ അവധിക്കാലം തീര്‍ന്നു. ഈ യാത്രയില്‍ എല്ലാവരുടേയും ഹൃദയം ഓമന കവര്‍ന്നെടുത്തു. മടക്കയാത്രയില്‍ ഞങ്ങക്കൊപ്പം പെങ്ങളുടെ മകള്‍ ജോളിയുമുണ്ടായിരുന്നു.