അദ്ധ്യായം- 31
പേടിച്ചാല്‍ ഒളിക്കാനിടം കിട്ടില്ല

വിഷഹാരിയെ കണ്ട പാമ്പിനെ പോലെ രാജൂ എന്നെ നോക്കി നില്‌ക്കേ പരിഭ്രാന്തിയോടെ അയാളുടെ മറ്റൊരു ബന്ധുവും അവിടേക്കു വന്നു. ഞാന്‍ അഗര്‍വാളിനോടു പറഞ്ഞു, സാറ് ഇവിടിരിക്ക് ഞാന്‍ ഇവരുമായി ഒന്നു സംസാരിക്കട്ടെ. അവിടേക്കു വന്നവനും അഗര്‍വാളുമായി സംസാരിച്ചിരിക്കേ രാജുവിനേയും കൂട്ടി ഞാന്‍ പുത്തേക്ക് ഇറങ്ങിയിട്ടു പറഞ്ഞു, നിങ്ങള്‍ പേടിക്കേണ്ട. ഈ വിഷയം ഞാന്‍ കൈകാര്യം ചെയ്തുകൊള്ളാം. ആദ്യമായി ചെയ്യേണ്ടത് ദൂരെ നില്‍ക്കുന്ന ഓമനയെ ചൂണ്ടിയിട്ട് പറഞ്ഞു. ആ വ്യക്തി എന്റെ ബന്ധുവാണ്, അവരെ ഇന്റര്‍വ്യൂവിന് അകത്തേക്ക് കയറ്റണം. ഈ വലിയ ക്യൂവിലേക്ക് കയറാന്‍ ഞങ്ങള്‍ക്ക് പറ്റില്ല. അയാളുടെ മുഖത്തെ അങ്കലാപ്പ് അകന്ന് വിളറിയ മുഖം തെളിഞ്ഞു. എന്നോട് ആദരവു പ്രകടിപ്പിച്ചിട്ട് പറഞ്ഞു, ഒന്നു വെയ്റ്റ് ചെയ്യൂ, വേണ്ടത് ചെയ്യാം. ധൃതഗതിയില്‍ അകത്തേക്കു പോയി വിവിധ നിറത്തിലുള്ള കുറെ പേപ്പറുമായി പെട്ടെന്നു വന്നു. ഓമനയെ ഞാന്‍ അടുത്തേക്കു വിളിച്ചു. രാജു വിവിധനിറത്തിലുളള പേപ്പര്‍ കാണിച്ചിട്ട് ഇതൊന്നു പൂരിപ്പിച്ചു തരണം. ഓമനയത് പൂരിപ്പിച്ചു കൊടുത്തു. എല്ലാം ഒന്ന് കണ്ണോടിച്ചു നോക്കിയിട്ട് ഓമനയെ വിളിച്ചുകൊണ്ടയാള്‍ മറുവശത്തേക്കു നടന്നു.

ഞങ്ങള്‍ ക്ഷണിക്കപ്പെടാതെ വന്നവരാണ്. നീണ്ട ദിവസങ്ങളായി ഇവിടെ താമസിച്ച് അവരുടെ വ്യവസ്ഥിതികള്‍ അനുസരിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനാണ് എല്ലാവരും നേരം പുലര്‍ന്നയുടന്‍ ഇവിടെയെത്തി ക്യൂവില്‍ നില്‍ക്കുന്നത്. ആരും തൊഴില്‍ രഹിതരല്ലെങ്കിലും ഇന്നുള്ളതിനേക്കാള്‍ മെച്ചമായ ശമ്പളം കിട്ടാനാണവര്‍ എത്തിയിരിക്കുന്നത്. എല്ലാവരും ഏജന്‍സിയുടെ ഉറപ്പില്‍ നില്‍ക്കുന്നവരാണ്. അവര്‍ക്കല്പം മാനസിക വൈഷമ്യം ഉണ്ടാക്കുന്ന വിധത്തിലാണ് ഓമനയെ രാജു അകത്തേക്ക് കയറ്റി വിട്ടത്. വാതില്‍ക്കല്‍ നിന്നവര്‍ കരുതിയത് ഈ സ്ഥാപനത്തിന്റെ അടുത്ത ആരെങ്കിലുമായിരിക്കുമെന്നാണ്. അയാളോട് നിങ്ങള്‍ എന്താണ് കാട്ടുന്നതെന്ന് ചോദിക്കാനുള്ള ധൈര്യവുമില്ല. ഇന്റര്‍വ്യൂവില്‍ പാസ്സായാലും ഇവര്‍ ശ്രമിച്ചാലെ അക്കരക്ക് പോകാന്‍ കഴിയൂ.
രാജുവാകട്ടെ താണു നിന്നാല്‍ വാണു നില്‍ക്കാം എന്ന ഭാവത്തില്‍ എന്റെയടുക്കല്‍ വന്നിട്ട് ചോദിച്ചു. ഇനിയും എന്താണ് സാറിന് ചെയ്യേണ്ടത്. ഞങ്ങള്‍ മറുഭാഗത്തേക്കു നടന്നു. ഞാന്‍ രാജുവിനെ ധൈര്യപ്പെടുത്തി പറഞ്ഞു. അദ്ദേഹത്തോടു പറയുക സുഹൃത്ത് പുറത്തു കാത്തു നില്‍ക്കുന്നുണ്ടെന്ന്. പിന്നേ അദ്ദേഹത്തിന് ഉച്ചയ്ക്കുള്ള ഭക്ഷണത്തിന് ഇഷ്ടമുള്ളത് കൊടുക്കുക. ഇനിയും നമ്മള്‍ തമ്മില്‍ കാണേണ്ടി വരും. ഈ വിഷയം ഇത്തരത്തില്‍ ഒത്തു തീര്‍പ്പാക്കിയതിലുള്ള നന്ദി പറഞ്ഞിട്ട് രാജു അകത്തേക്ക് പോയി. അയാളുടെ പേടിച്ചരണ്ട കണ്ണുകളില്‍ ഇപ്പോഴുള്ളത് സന്തോഷമാണ്. എന്തെങ്കിലും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് അവര്‍ ഭയന്നിരുന്നു. അഗര്‍വാള്‍ പ്രസന്ന മുഖത്തോടെ പുറത്തേക്കു വന്നു. ആ ജീപ്പ് കണ്ണില്‍ നിന്നും മറയുന്നതു വരെ നോക്കനിന്നു. നിലമറിഞ്ഞ് വിത്തു വിതയ്ക്കണമെന്ന് പൂര്‍വ്വികര്‍ പറഞ്ഞത് എത്രയോ ശരിയെന്ന് ഈ അനുഭവം പഠിപ്പിക്കുന്നു. വെയില്‍ കനത്തു കൊണ്ടിരുന്നു.
ഞാനും ആകാംക്ഷയോടെ ഓമനയെ കാത്ത് ഒരു ഭാഗത്തേക്ക് മാറി നിന്നു. ഞാനും ഇപ്പോള്‍ ചെയ്തത് ഒരു ഏജന്റു പണിയായി തോന്നി. പല ഭര്‍ത്താക്കന്മാരും ഭാര്യമാര്‍ക്കൊപ്പം ഇന്റര്‍വ്യൂവിന് വന്നു പോകുന്നത് അറിഞ്ഞെങ്കിലും മറ്റൊരു രാജ്യത്തേക്ക് പോകാന്‍ മനസ്സില്ലായിരുന്നു. ഓമനക്കൊപ്പം ഞാന്‍ പോയില്ല. അവളുടെ ആഗ്രഹത്തെ ഞാനായി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചില്ല.

ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഓമന മടങ്ങി വന്നു. സൂര്യനെപ്പോലെ അവളുടെ മുഖവും തിളങ്ങിയതു കണ്ടു പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു, സെലക്ഷന്‍ കിട്ടി. ഞാന്‍ അഭിനന്ദിച്ചു കൊണ്ട് ചോദിച്ചു, അതിനുള്ളിലെ വിചാരണ എങ്ങനെയുണ്ടായിരുന്നു. ഞാന്‍ കൊടുത്ത മൊഴികളൊക്കെ സത്യമായതു കൊണ്ട് എനിക്കനുകൂലമായി വിധി പറഞ്ഞു. അവളും അതെ നാണയത്തില്‍ എനിക്ക് മറുപടി തന്നു. പിന്നീടുള്ള ദിനങ്ങള്‍ സൗദി അറേബ്യയിലേക്ക് പോകാനുള്ള ഒരുക്കങ്ങളായിരുന്നു. ആശുപത്രിയില്‍ നിന്ന് വാര്‍ഷിക അവധിയെടുത്തു. രാജുവിന്റെ ഏജന്‍സി ഇരുപതു മുതല്‍ ഇരുപത്തയ്യായിരം രൂപ വരെയാണ് ഓരോരുത്തരില്‍ നിന്നും ഈടാക്കിയത്. എന്നോടു പറഞ്ഞത് സാറു പതിനായിരം തന്നാല്‍ മതിയെന്നാണ്. ഞങ്ങള്‍ മാളവിക നഗറില്‍ വസ്തു വാങ്ങാന്‍ വച്ചിരുന്ന തുകയില്‍ നിന്നാണ് ഈ തുക കൊടുത്തത്. ടിക്കറ്റ് അവരാണ് തന്നത്. വീസ പാസ്‌പോര്‍ട്ടില്‍ അടിച്ചു കിട്ടിയ ആഴ്ചയില്‍ തന്നെ ഓമന സൗദി അറേബ്യയിലെക്ക് വിമാനം കയറി.

അനുകൂലമായ ഒരു വിധി അവള്‍ക്കുണ്ടായപ്പോള്‍ എന്നെ ഒരു തടവുകാരനാക്കിയിട്ടാണ് പോയത്. ദാമ്പത്യ ജീവിതമെന്ന് പ്രതികൂല സാഹചര്യങ്ങളെ ധൈര്യമായി നേരിടുന്നതു കൂടിയാണെന്ന അവളുടെ ഫോണിലൂടെയുള്ള മറുപടിയില്‍ ഞാന്‍ നിശബ്ദനായി. പരസ്പര സ്‌നേഹമുള്ള ഭാര്യാഭര്‍ത്താക്കന്മാര്‍ എത്ര ദൂരത്തയാലും വിജയകരമായ ജീവിതം നയിക്കുന്നവരെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു. ആ കൂട്ടത്തില്‍ ഒരു കാര്യം കൂടി അവള്‍ ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ എഴുതാന്‍ കുറച്ചു കൂടി സമയം ലഭിച്ചില്ലേ. ആ വാക്കുകള്‍ സമാധാനത്തോടെ കിടന്നുറങ്ങാനും പുതിയൊരു തീരുമാനമെടുക്കാനും എന്നെ പ്രേരിപ്പിച്ചു.
ഒരു മലയാളം മാസിക തുടങ്ങാനായിരുന്നു എന്റെ ആഗ്രഹം. ആ കാര്യം ജി.എസ്.പെരുന്ന, മാവേലിക്കര രാമചന്ദ്രന്‍ എന്നിവരുമായി പങ്കുവച്ചു. അവര്‍ എനിക്ക് പൂര്‍ണ്ണ പിന്തുണ നല്കി. അവരുടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ശിരസാവഹിച്ചു കൊണ്ട് മാസികയ്ക്ക് ആരംഭം കുറിച്ചു. ഉപദേശക സമിതിയിലുള്ളത് പണ്ഡിത കവി കെ.കെ.പണിക്കര്‍ക്കൊപ്പം ഇവര്‍ രണ്ടു പേരാണ്. മാസികയുടെ പേര് മലയാളം. എഡിറ്റര്‍ ഞാനും. ഈ മാസിക അച്ചടിച്ച് തരാമെന്ന് നൂറനാട് ശങ്കരത്തില്‍ പ്രസ്സുടമ റിട്ട. മിലിട്ടറി ഓഫിസര്‍ തോമസ് എന്നു വിളിക്കുന്ന ബോബിച്ചായന്‍ എനിക്കുറപ്പു തന്നു. ഞാന്‍ നൂറനാട് പോകുമ്പോഴൊക്കെ ബോബിച്ചായനെയും നൂറനാട് ജനത തിയേറ്റര്‍ ഉടമകളുടെ സഹോദരന്‍ പോളിനേയും കാണുമായിരുന്നു.
കൊല്ലത്തു ആശ്രമം ഭാസിയുടെ സങ്കീര്‍ത്തനം ബുക്‌സ്ന്റ് ഉദ്ഘടന ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. ഞാനും കാക്കനാടനും ഒന്നിച്ചാണ് പോയത്. കാക്കനാടന്‍ ചെന്നയുടനെ സദസ്സിലിരുന്ന സക്കറിയ, പെരുമ്പടം ശ്രീധരന്‍, റോസ് മേരി മറ്റൊരു സിനിമ സംവിധയകന്‍ മറ്റു പല പ്രമുഖരും എഴുന്നേറ്റു നിന്ന് കാക്കനാടനെ സ്വീകരിച്ചു. മുതിര്‍ന്ന ഒരേഴുത്തുകാരനോടുള്ള ആദരവ് അന്നാണ് ഞാന്‍ നേരില്‍ കണ്ടത്. അന്ന് മുത്തങ്ങ സംഭവം കത്തി നിന്ന സമയം. മത രാഷ്ട്രീയത്തെക്കാള്‍ മനുഷ്യനെ സ്‌നേഹിച്ച കാക്കനാടന്റെ വാക്കുകള്‍ ഇന്നും മനസ്സിലുണ്ട്. മുത്തങ്ങയിലെ മലയാളി മുത്തുകളെ വെടിവെച്ചുകൊന്നവരെ കഴുമരത്തിലേറ്റണം എന്ന് തുടങ്ങിയ വെടിയൊച്ചകള്‍ സദസ്സിനെ ഇളക്കി മറിച്ചിരിന്നു.

ഈഴവ സമുദായത്തില്‍ നിന്ന് മാറി ക്രിസ്ത്യാനിയായ പോള്‍ ദൈവരാജ്യത്തേപ്പറ്റി ധാരാളമായി എഴുതിയിട്ടുണ്ട്. മാസിക അച്ചടിച്ചത് അഞ്ഞൂറു കോപ്പികളാണ്. ആദ്യ ലക്കത്തില്‍ എഴുതിയത് പണ്ഡിത കവി തിരുനെല്ലൂര്‍ കരുണാകരന്‍, നൂറനാട് ഹനീഫ മുതലവരാണ്. അതിന്റെ കവര്‍ കേരളത്തിന്റെ വള്ളം കളി വരച്ചത് ജി.എസ്.ആയിരുന്നു. ആദ്യ ലക്കം എല്ലാവര്‍ക്കും ദാനമായിട്ടാണ് നല്‍കിയത്.
1986 ല്‍ ആണ് കേരളത്തില്‍ നിന്ന് ആദ്യമായി ഒരു രാഷ്ട്രീയക്കാരനെ പരിചയപ്പെടുന്നത് കോണ്‍ഗ്രസ്സിലെ ജി.കാര്‍ത്തികേയനെയാണ്. ഞാനും മാവേലിക്കര രാമചന്ദ്രനും മിക്ക ദിവസവും കേരള ഹൗസില്‍ പോയിരുന്നു. അവിടെ വച്ചാണ് കാര്‍ത്തികേയനെ രാമചന്ദ്രന്‍ എനിക്ക് പരിചയപ്പെടുത്തിയത്. യുവ നിരയിലുളള കാര്‍ത്തികേയന്‍ എന്തോ മീറ്റിംഗിന് വന്നിരിക്കുകയാണ്. ഞാന്‍ സംശയത്തോടെ നോക്കി. പക്ഷേ ഏതു രംഗത്തുള്ളവരായാലും വ്യക്തിപ്രഭാവമുള്ളവരെ ബഹുമാനിക്കുക തന്നെ വേണം.
ഓമനയുള്ളപ്പോള്‍ തന്നെ മിലിട്ടറിയില്‍ നിന്ന് വിരമിച്ച് ഇളയ അനുജന്‍ ബാബു ഡല്‍ഹിക്കു വരികയും അവന് ദുബായിലേക്ക് പോകാനുള്ള അവസരം ഒരുക്കുകയും ചെയ്തു. ഇതിനു മുമ്പു തന്നെ എന്റെ താഴെയുള്ള അനുജന്‍ കുഞ്ഞുമോന്‍ ഇറാക്കില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.

ഞാന്‍ മാളവിക നഗറില്‍ മുമ്പ് പറഞ്ഞുവെച്ചിരുന്ന വസ്തു വാങ്ങി വീടു പണി തുടങ്ങി. ഓമന ആദ്യത്തെ അവധിക്കു വരുന്നതിനു മുന്നേ അതിന്റെ പണി പൂര്‍ത്തീകരിച്ചു. ആദ്യത്തെ അവധിക്ക് ഞങ്ങള്‍ ഡല്‍ഹിയിലെ ലോട്ടസ് ടെമ്പിള്‍ കാണാന്‍ പോയി. വീടു പണി കാരണം രണ്ടു മാസം മാസിക പുറത്തിറങ്ങിയില്ല. നാട്ടില്‍ നിന്ന് ചിറ്റാറിലുള്ള ജോസിന്റെ ജേഷ്ടന്‍ അച്ചന്‍കുഞ്ഞ് ജോലിക്കു വേണ്ടി എത്തിയിരുന്നു. അവനും ജോലി വാങ്ങി കൊടുത്തിട്ടാണ് ഞങ്ങള്‍ കേരളത്തിലേക്ക് പോയത്. കേരളത്തിലെത്തി പഴയതു പോലെ എല്ലാവരേയും കണ്ടു. മാസികയുടെ പഴയ കോപ്പി കൊടുത്തു. തകഴിച്ചേട്ടനെ നോവല്‍ കാണിച്ചു. അദ്ദേഹം ഏതാനും അദ്ധ്യായം വായിച്ചിട്ട് ആദ്യ നോവലായ കണ്ണീര്‍ പൂക്കള്‍ക്ക് അവതാരിക എഴുതി തന്നിട്ട് പറഞ്ഞു, കോട്ടയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ കൊടുക്കാന്‍. ആ നോവല്‍ 1990 ല്‍ പുറത്തുവന്നു. അതവിടെ കൊടുത്തിട്ട് വിദ്യര്‍ത്ഥി മിത്രത്തില്‍ പോയി കടല്‍ക്കര എന്ന നാടകം വാങ്ങി. പത്തു കോപ്പികള്‍ അവര്‍ തന്നപ്പോഴണ് മനസ്സിലായത് എഴുതിയ ആളിന് അത്രയും കിട്ടുമെന്ന്. നാടകത്തിന്റെ കരാര്‍ മുമ്പു തന്നെ ഒപ്പിട്ട് അയച്ചിരുന്നു. നാടകത്തിന് പതിനഞ്ചു ശതമാനം റോയല്‍റ്റിയാണവര്‍ തന്നത്.
കോട്ടയത്ത വിദ്യാര്‍ത്ഥിമിത്രത്തില്‍ പോയപ്പോഴാണ് അവിടുത്തെ പബ്ലിക്കേഷന്‍ മാനേജര്‍ സനില്‍ പി.തോമസിനെ പരിചയപ്പെട്ടത്. പിന്നീടാണ് ഇദ്ദേഹം മനോരമയില്‍ ചേര്‍ന്നത്. മനോരാജ്യത്തിലെ കൈനകരി ഷാജിയെ എനിക്ക് പരിചയപ്പെടുത്തിയത് സനില്‍ പി. തോമസാണ്. അതിനു മുന്‍പ്തന്നെ മനോരാജ്യത്തിലും കുങ്കുമത്തിലും എന്റെ ലേഖനവും കഥയും വന്നിരുന്നു. 1985 ലാണ് ആദ്യ സംഗീത നാടകം കടല്‍ക്കര വിദ്യാര്‍ത്ഥിമിത്രം പുറത്തിറക്കുന്നത്.

മറ്റൊരു ദിവസം കോട്ടയത്ത് മനോരമയുടെ നേതൃത്വത്തില്‍ നടന്ന ഒരു സാഹിത്യ ശില്പശാലയില്‍ വച്ചാണ് പ്രൊഫ.എം.അച്യുതന്‍. സി.എന്‍. ജോസ്, ചെമ്മനം ചാക്കോ തുടങ്ങിയവരെ പരിചയപ്പെട്ടത്. എല്ലാവരേയും ആദരവോടെയാണ് കണ്ടത്. അവരില്‍ നിന്ന് പിറന്നു വീഴുന്ന ഓരോ സൃഷ്ടികളും മലയാള ഭാഷയ്ക്ക് വിലപ്പെട്ടതാണ്. ഏതൊരു സൃഷ്ടിയുടേയും മഹിമയും, മഹത്വവും ജീവിത യാഥാര്‍ത്ഥ്യങ്ങളാണ്. നല്ല കൃതികളിലെന്നും ജീവിതത്തിന്റെ അനുഭൂതി മാധുര്യം തുടിച്ചു നില്‍ക്കും ഏതെങ്കിലും മാസികയില്‍ കഥ വന്നത് കണ്ട് പൊങ്ങച്ചം നടിച്ച് നടക്കാതെ തുടരെ എഴുതണം, ഇഷ്ടപ്പെട്ടില്ലെങ്കില്‍ വലിച്ചു കീറി കളയണം. എഴുത്തു കാരന്റെ നിശബ്ദമായ മനസ്സിലൂടെയാണ് സര്‍ഗ്ഗ ചൈതന്യമുണ്ടാകുന്നത്. ഈ മണ്ണില്‍ മറ്റുളളവര്‍ കാണാത്തത് അവര്‍ കാണുന്നു. അതില്‍ വിരിയുന്ന സൗന്ദര്യ പൊലിമകള്‍ക്ക് ദിവ്യത്വമെന്നോ, ബുദ്ധിയെന്നോ പേരു കൊടുക്കാം. അതില്‍ ഒരു ചോദ്യമുയരുന്നത് സമൂഹത്തിന് എത്രമാത്രം നന്മകള്‍ പകരാന്‍ കഴിയുന്നുവെന്നാണ്.

ധാരാളം കഷ്ടങ്ങളും നഷ്ടങ്ങളും സഹിച്ചാണ് കാലയവനികക്കുള്ളില്‍ മറഞ്ഞ സാഹിത്യകാരന്മാരും കവികളും ഈ സമൂഹത്തിന് വേണ്ടി വ്യവഹാരം നടത്തിയത്. അല്ലാതെ സമ്പത്തിനോ അവാര്‍ഡിനോ വേണ്ടിയായിരുന്നില്ല. കോട്ടയത്ത് നിന്ന് അടൂരേക്ക് വന്ന ബസ്സിലിരുന്ന് ചിന്തിച്ചത് മാമ്മന്‍ മാപ്പിള ഹാളില്‍ ഉയര്‍ന്ന വാക്കുകളായിരുന്നു. അടൂരില്‍ നിന്ന് പത്തനാപുരത്തിറങ്ങി വീണ്ടും പടിഞ്ഞാറോട്ടു നടന്നു. അതിനു തെക്കു ഭാഗത്തുള്ള ഷാപ്പില്‍ കയറി തെങ്ങിന്‍ കള്ളും കപ്പയും മീനും വാങ്ങി കഴിച്ചു. നാട്ടില്‍ വരുമ്പേഴൊക്കെ തെങ്ങിന്‍ കള്ള് ഒറ്റയ്‌ക്കോ കൂട്ടുകാരുമൊത്തോ കുടിക്കാറുണ്ട്. ചാരായമോ മറ്റു മദ്യങ്ങളോ എനിക്ക് ഇഷ്ടമല്ല. ഒരിക്കല്‍ നൂറനാടുള്ള ഒരു കള്ളു ഷാപ്പില്‍ എന്റെ ഒരു സുഹൃത്തുമായി കയറി. കള്ളു ഷാപ്പില്‍ കയറുമ്പോഴൊക്കെ മറ്റാരും കാണാതെ ഒളിഞ്ഞും മറഞ്ഞുമിരുന്നാണ് കള്ള് മോന്തുന്നത്. അവിടേക്ക് എന്റെ രണ്ടു ബന്ധുക്കള്‍ കയറി വരുന്നതു കണ്ട് ഞാനൊന്നമ്പരന്നു. അവരില്‍ ഒരാള്‍ ശങ്കരത്തില്‍ ബേബിച്ചായന്റെ അനുജനായിരുന്നു. മറ്റാരും കാണാതെ ഞങ്ങള്‍ മറ്റൊരു വാതിലിലൂടെ പുറത്ത് ഇറങ്ങി.

മറ്റൊരിക്കല്‍ എന്റെ വല്ല്യച്ചന്‍ കരിമുളക്കലുള്ള കാരൂര്‍ മത്തായിയുടെ കൊച്ചു മകന്‍ തമ്പാന്‍ ഖത്തറില്‍ നിന്ന് വന്നപ്പോള്‍ ഞാന്‍ കാണാന്‍ ചെന്നു.എന്നോടു ചോദിച്ചു എന്തു വേണം കുടിക്കാന്‍ ഒരാള്‍ വീട്ടില്‍ ചെന്നാല്‍ എന്തു വേണമെന്ന് ചോദിക്കാറുണ്ട്. ഞാന്‍ പെട്ടെന്നു പറഞ്ഞു തെങ്ങിന്‍ കള്ള് കിട്ടിയാല്‍ നല്ലത്. അവന്‍ എന്നെയൊന്ന് സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു, എന്നാല്‍ ഇറങ്ങ് അതുതന്നെ കുടിച്ചിട്ട് കാര്യം. കാറിന്റെ താക്കോലെടുത്ത് പുറത്തേക്കിറങ്ങി. തമാശയ്ക്ക് ചോദിച്ചതാണെങ്കിലും അവനത്ര ഗൗരവമായി എടുക്കുമെന്ന് കരുതിയില്ല. നാട്ടുകാരുടെ ഇടയില്‍ പേരെടുത്ത ചട്ടമ്പി കാരൂര്‍ മത്തായിയുടെ കൊച്ചു മോനല്ലേ ആ വീര്യം കുറച്ചെങ്കിലും കാണാതിരിക്കുമോ എന്നെനിക്കു തോന്നി. അവനൊപ്പം പോയി കറ്റാനത്തിനടുത്തുള്ള ഒരു ഷാപ്പില്‍ കയറി കള്ളു കുടിക്കുന്നതിനിടയില്‍ അവന്‍ പറഞ്ഞു. ഇതിനകത്ത് എന്തുമാത്രം മാലിന്യം ചേര്‍ന്നിട്ടുള്ളതെന്ന് ദൈവത്തിനേ അറിയൂ. മുമ്പൊക്കെ ശുദ്ധമായ കള്ള് കിട്ടുമായിരുന്നു. എല്ലാം മാലിന്യവും അശുദ്ധിയും മാലിന്യമുക്തമാക്കാനല്ലേ നമുക്കൊരു ഭരണമുള്ളത്. എന്തായാലും ഈ മായവും മാലിന്യവും നമ്മെ കുടിപ്പിച്ച് മദ്യ മുതലാളിമാരും രാഷ്ട്രീയ മുതലാളിമാരും കോടികള്‍ സമ്പാദിക്കുന്നതായി ഞാന്‍ അഭിപ്രായപ്പെട്ടു. പത്തനാപുരം ഷാപ്പില്‍ നിന്നു കള്ളു കുടിച്ചിട്ട് കടയില്‍ നിന്ന് മധുരമുള്ള മിഠായി വായിലിട്ട് നുണഞ്ഞു കൊണ്ടാണ് ഓമനയുടെ വീട്ടിലേക്ക് പോയത്.

പണ്ടേ ഗുണ്ടയെന്ന് ദുഷ്‌പേരുള്ളതാണ്. കള്ളു കുടിയന്‍ എന്ന പേരുണ്ടാകാന്‍ പാടില്ല. മാത്രവുമല്ല അവര്‍ പ്രാര്‍ത്ഥനയും പാട്ടുമൊക്കെയുള്ള ദൈവത്തിന്റെ കുഞ്ഞാടുകളാണ്. ഭാഗ്യത്തിന് എന്റെ ഭാര്യക്കുപോലും മനസ്സിലായില്ല ഞാന്‍ കള്ളു കുടിച്ചിട്ടുണ്ടെന്ന്. എത്രയോ ഭാര്യമാരെ എന്നേപോലുള്ളവര്‍ ഒളിഞ്ഞും മറഞ്ഞും കബളിപ്പിക്കുന്നുണ്ട്. നാട്ടില്‍ വരുമ്പോഴൊക്കെ ഭാര്യയെ സ്വന്തം വീട്ടില്‍ ഒരാഴ്ച്ച വിടുന്നതിന്റെ പ്രധാന കാരണം എന്റെ യാത്രകളും സുഹൃത്തുക്കളെയും, ഗുരൂതുല്യരായ എഴുത്തുകാരെ കാണുന്നതിനാണ്. എന്റെ ഗുരുക്കന്മാരൊക്കെ എനിക്കെന്നും ഒരു പ്രചോദനമാണ്. പഠിക്കുന്ന കിട്ടികളായാലും പാഠപുസ്തകങ്ങളേക്കാള്‍ നിശ്ചയമായും ഗുരുക്കന്മാരേയും മുതിര്‍ന്നവരേയും ബഹുമാനിച്ചാല്‍ അവര്‍ വ്യക്തി പ്രഭാവമുള്ളവരായി മാറുക തന്നെ ചെയ്യും. ഞാനും ഓമനയും പുന്നല- ചാച്ചിപുന്നയിലുള്ള ബന്ധുമിത്രാദികളുടെ വീടുകള്‍ സന്ദര്‍ശിച്ച് അടുത്ത ദിവസം തന്നെ ചാരുംമൂട്ടിലേക്ക് വന്നു.

അന്ന് വീട്ടില്‍ ഇടയ്‌ക്കൊക്കെ ജോലിക്കു വരുന്ന എലിസബത്ത് മരത്തിന്റെ ചുവട്ടില്‍ കരിയില തൂത്തു കൊണ്ടിരിക്കെ എന്റെയടുക്കലേക്ക് വേഗത്തില്‍ വന്ന് വേദനയോടെ പറഞ്ഞു. അവരുടെ വീടിനടുത്ത് താമസിക്കുന്ന ഒരു കുബേരന്‍ കാറു പോകാന്‍ വഴി കൊടുക്കാത്തതിന്റെ പേരില്‍ വഴിയരികിലുള്ള മരച്ചീനികളെല്ലാം അത് കിളുത്തു വരുമ്പോള്‍ തന്നെ പറിച്ചെറിയും. കുറെ വര്‍ഷങ്ങളായി ഞങ്ങളിതു സഹിക്കുന്നു. പഞ്ചായത്തിലും പോലീസിലും പരാതിപ്പെട്ടു. അവരെല്ലാം ഇവരില്‍ നിന്ന് കാശു വാങ്ങിയിട്ട് തിരിഞ്ഞു നോക്കാറില്ല. ഞാന്‍ പറഞ്ഞു. അവരൊന്നും സഹായിക്കില്ലെങ്കില്‍ നിങ്ങളുടെ പാര്‍ട്ടിക്കാരോടു പറഞ്ഞു കൂടെ.അതിനു ലഭിച്ച ഉത്തരം പഞ്ചായത്തു പ്രസിഡന്റ് ഇവരുടെ ബന്ധുവാ കുഞ്ഞേ. ഒന്നു വന്നു നോക്ക് വേരു പിടിച്ച മരച്ചീനിയാണു പറച്ചെറിഞ്ഞത്. ഞങ്ങള്‍ പാവങ്ങളെ സഹായിക്കാന്‍ ആരിമില്ല. ഭര്‍ത്താവ് യേശുദാസും പിള്ളേരും പോലും പേടിച്ചാ നടക്കുന്നേ. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

ഞാനാശ്വസിപ്പിച്ചു. കരഞ്ഞിട്ടു കാര്യമില്ല. മലയെ നോക്കി നായ് കുരച്ചാല്‍ ഫലമുണ്ടാകില്ല. ഇന്ത്യയിലെല്ലാം ഇതുപോലുള്ള പാറക്കല്ലുകളും മലകളുമുണ്ട്. കോലെടുത്തവരൊക്കെ മാരാന്മാരാകുന്നതു പോലെ അധികാരമുള്ളവരൊക്കെ ആരാന്റെ കണ്ണേ നമ്മുടെ കുറ്റം കാണൂ എന്ന വിധത്തിലാണ്. ഞാന്‍ വീണ്ടും ചോദിച്ചു, പോലീസില്‍ എത്ര പ്രാവിശ്യം പരാതി കൊടുത്തു. മറുപടി കിട്ടിയത് രണ്ടു പ്രാവിശ്യം. ആരും തിരിഞ്ഞു നോക്കിയില്ല. ചാരുംമൂട്ടിലെ കത്തോലിക്ക പള്ളിയച്ചനോടു പറഞ്ഞോ. നിങ്ങള്‍ അവിടുത്തെ അംഗമല്ലേ. അവരൊന്നും തിരിഞ്ഞു നോക്കത്തില്ലെന്നുളള നിരാശ നിറഞ്ഞ മറുപടി കേട്ടപ്പോള്‍ തോന്നിയത്, ഇവരൊക്കെ മനുഷ്യന്റെ നീറുന്ന പ്രശ്‌നങ്ങളില്‍ എന്തുകൊണ്ട് ഇടപെടുന്നില്ലെന്നാണ്. ഇവര്‍ക്ക് ദാനമായി നല്‍കാന്‍ അന്ധവിശ്വസങ്ങളും ആത്മാവും മാത്രമേ ഉള്ളോ.
ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് പോലീസ്സില്‍ പോകാമെന്ന് ഞാന്‍ വാക്കുകൊടുത്തിട്ട് വീട്ടിലേക്കു കയറി. ഓമനയോട് ഈ വിഷയം പറഞ്ഞിട്ട് നൂറനാട് പോലീസ് സ്‌റ്റേഷനിലേക്ക് അവരുമായി പോയി. എന്നെ പരിചയപ്പെടുത്തിയിട്ട് ഇന്‍സ്‌പെക്ടറോട് കാര്യങ്ങള്‍ വിവരിച്ചു. ആ കൂട്ടത്തില്‍ ഞാനൊന്നു കൂട്ടിച്ചേര്‍ത്തു. പാവങ്ങളുടെ പരാതി എന്തു കൊണ്ട് അന്വേഷിക്കുന്നില്ല. ഉടനടി അയാള്‍ ഒരു പോലീസുകാരനെ വിളിച്ചിട്ട് ഇവരുടെ പരാതി എഴുതി വാങ്ങിച്ചിട്ട് ഇന്നു തന്നെ അന്വേഷിക്കണം എന്നു പറഞ്ഞു. ഉടനടി പോലീസുകാരന്‍ പറഞ്ഞു, സാറെ ജീപ്പെല്ലാം സമരസ്ഥലത്തു പോയിരിക്കുകയാണ്. ഞാനുടനെ പറഞ്ഞു ഞാന്‍ കാറു വിളിച്ചു തരാം. അങ്ങനെ ഒരു പോലീസുകാരനെ ഞങ്ങള്‍ക്കൊപ്പമയച്ചു. പോലീസുകാര്‍ എല്ലാം സമരസ്ഥലത്തു പോയിരിന്നു. ചാരുംമൂടിനു തെക്കുള്ള പുരുഷോത്തമന്‍ മദ്യവ്യാപാരിയുടെ വീടിനു വടക്ക്. ഞാനിറങ്ങുന്നതിനു മുമ്പ് എലിസബത്തിനോടു പറഞ്ഞു, ഇനിയും ഇതിനു പരിഹാരം കണ്ടില്ലെങ്കില്‍ എന്നോടു പറയണം. ഞാന്‍ കാറില്‍ നിന്നിറങ്ങി പടിഞ്ഞാറോട്ടു നടന്ന് വീട്ടിലെത്തി. ഏതാനം ദിവസം കഴിഞ്ഞതോടെ ആ പ്രശ്‌നത്തിന് പരിഹാരമായെന്ന് എലിസബത്ത് പറഞ്ഞു.