അദ്ധ്യായം 34
സദാചാരത്തിന്റെ മറുപുറം

ആ കാഴ്ച്ച കണ്ടവര്‍ ഞെട്ടിത്തരിച്ചു നിന്നു. പ്രാര്‍ത്ഥനകള്‍ നടക്കുന്ന സമയമെല്ലാം കടകള്‍ അടച്ചിടും. തുറന്നാല്‍ പിന്നീടൊരിക്കലും ആ കട തുറക്കില്ല. കേരളത്തിലെ സദാചാര ഗുണ്ടകളുടെ പണിയല്ല മുത്തപ്പന്മാര്‍ നടത്തുന്നത്, മറിച്ച് മത സദാചാര ന്യായങ്ങളാണ്. പ്രാര്‍ത്ഥനാ സമയത്ത് ആരെങ്കിലും കട തുറക്കുന്നുണ്ടോ, സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നുണ്ടോ, സ്ത്രീകള്‍ തല മൂടിയിട്ടുണ്ടോ ഇങ്ങനെ പല വിഷയങ്ങളുടെ മേലാളന്മാരാണ്. ഇവരില്‍ ധാരാളം മതപണ്ഡിതന്മാരുമുണ്ട്. വിദേശ സ്ത്രീകള്‍ ഏതു മതക്കാരാണെങ്കിലും ശിരസ്സു മൂടി വേണം വെളിയിലിറങ്ങി നടക്കാന്‍. മുഖം പ്രദര്‍ശിപ്പിക്കാനുള്ളതല്ല എന്നാണ് ആ മതം പഠിപ്പിക്കുന്നത്. അതാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

മദാമ്മമാര്‍ വളരെ രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. ഒരു സ്ത്രീ കെട്ടിവച്ചിരുന്ന മുടി ചിതറിയിട്ടിട്ട് പറഞ്ഞു, ഇയാള്‍ക്ക് ചെയ്യാവുന്നതങ്ങ് ചെയ്യ്, ജയിലിലടയ്ക്ക് അതു കണ്ടിട്ടേ ഞങ്ങള്‍ പോകുന്നുള്ളൂ. ആ ശബ്ദത്തിന്റെ കനം പോലെ അഴിഞ്ഞുലഞ്ഞ മുടിയും കാറ്റിലാടി. മുത്തപ്പാക്ക് സംസാരിക്കാനുള്ള ശക്തി തന്നെ നഷ്ടപ്പെട്ടിരുന്നു. ആ മുഖത്ത് കണ്ടത് ഭയമായിരിന്നു. ഇവര്‍ ശ്രമിച്ചാല്‍ സ്ത്രീപീഡനത്തിന് തന്നെ ജയിലിലാക്കാന്‍ സാധിക്കും. ആത്മ സംയമനത്തോടെ അയാള്‍ മുന്നോട്ടു പോയി. ”ഞങ്ങളുടെ സ്വകാര്യത, സ്വാതന്ത്ര്യം ചോദ്യം ചെയ്യാന്‍ നിനക്കെന്തവകാശം? ഞങ്ങള്‍ തുണിയില്ലാതെയാണോ നടക്കുന്നത്. ആ സ്ത്രീയുടെ കണ്ണുകള്‍ ജ്വലിച്ചു നിന്നു.” അയാള്‍ മടങ്ങിപ്പോയിട്ടും മദാമ്മക്ക് കോപം അടക്കാനായില്ല.
എല്ലാം സഹിച്ച് ശ്വാസം മുട്ടി നിന്ന മുത്തപ്പയോട് എനിക്ക് സഹതാപം തോന്നിയില്ല. ഒരു ഏഷ്യക്കാരി ഇതുപോലെ തല്ലാന്‍ ധൈര്യപ്പെടില്ല. ഇവിടെ ജീവിക്കുന്ന സ്ത്രീയായാലും പുരുഷനായാലും ഇവരുടെ നിയമപ്രകാരം ജീവിക്കാന്‍ ബാധ്യസ്ഥരാണ്. ദരിദ്ര രാജ്യത്തുനിന്നുവന്നവര്‍ ഓരോരോ വിശ്വാസങ്ങളും ആചാരങ്ങളും മുറുകെ പിടിച്ചു ജീവിക്കുമ്പോള്‍ സമ്പന്ന രാജ്യത്തു നിന്നുവന്നവര്‍ക്ക് അവരുടെ ശിരസ്സ് നഗ്നമാക്കി നടക്കാനാണ് താല്പര്യം. അത്തരക്കാരെ ആജ്ഞകൊണ്ട് അനുസരിപ്പിക്കാന്‍ കഴിയില്ല. അതിനെ നീതി നിഷേധമായിട്ടോ നിന്ദയായിട്ടോ കണ്ടിട്ട് കാര്യമില്ല. മദാമ്മയുടെ മുഖം കണ്ടപ്പോള്‍ ഒരു അടി കൊടുത്തതിന്റെ സന്തോഷം ആസ്വദിക്കുന്നുണ്ട് എന്നു തോന്നി. ഈ മെലിഞ്ഞ സ്ത്രീ ഇത്ര ധൈര്യശാലിയോ. എല്ലാം വിശ്വാസങ്ങളും എല്ലാവരും വിഴുങ്ങുവാന്‍ ഒരുക്കമല്ലെന്ന് ചുരുക്കം.
ചില സൗദി ടാക്‌സി ഡ്രൈവര്‍മാര്‍ വിദേശികളുടെ മുഖത്ത് തുപ്പുന്നതും പിടിച്ച് തള്ളുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. സ്വന്തം ആത്മാഭിമാനത്തിന് മുറിവേറ്റുകൊണ്ട് ധാരാളം പ്രവാസികള്‍ ഇവിടെ കഴിയുന്നുണ്ട്. നമ്മളെ ദരിദ്രരായി ഇങ്ങോട്ടു കയറ്റിയയച്ച സമ്പന്നര്‍ ആത്മസംതൃപ്തിയോടെ സുഖലോലുപരായി ജനാധിപത്യത്തെ ചൂഷണം ചെയ്ത് ജീവിക്കുന്നു. അല്‍ക്കോബറില്‍ നടന്ന സംഭവം എന്റെ സുഹൃത്തുക്കളായ ബ്രിട്ടീഷ്, അമേരിക്കക്കാരുമായി പങ്കുവച്ചു. അവര്‍ തമാശയായി തന്ന മറുപടി ഭര്‍ത്താക്കന്മാര്‍ തോന്ന്യാസം കാണിച്ചാല്‍ തല്ലാന്‍ മടിയില്ലാത്തവര്‍ മുത്തപ്പയെ അടിച്ചത് വലിയ കാര്യമായി തങ്ങള്‍ക്കു തോന്നുന്നില്ല എന്നാണ്. അവരുടെ കയ്യുടെ ചൂട് എത്രയോ തങ്ങള്‍ ഏറ്റുവാങ്ങിയിരിക്കുന്നു. വീടിനുള്ളില്‍ അവളെ ഉപദ്രവിച്ചതായി പോലീസിനെ അറിയിച്ചാല്‍ പോലീസ് ഞങ്ങളെ പൊക്കും. ജയിലില്‍ നിന്ന് മോചിപ്പിക്കുന്നതും അവള്‍ തന്നെ. കുറ്റം പറയരുതല്ലോ, ”ഞങ്ങളെ നന്നാക്കിയെടുക്കുന്നതില്‍ ഭാര്യമാര്‍ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.” അതെനിക്ക് പുതിയ അറിവായിരുന്നു. ഇന്ത്യയില്‍ പീഡനമനുഭവിക്കുന്ന പാവം സ്ത്രീകളും മനസ്സിലേക്ക് കടന്നു വന്നു.

കുട്ടികളെ ഇന്ത്യന്‍ സ്‌കൂളില്‍ വിട്ടതു മുതല്‍ ആ സ്‌കൂളിലെ പലവിധ ചൂഷണങ്ങളും അഴിമതികളും മനസ്സിലാക്കാന്‍ കഴിഞ്ഞു. അതിന്റെ വെളിച്ചത്തില്‍ ഞാനൊരു സംഗീത നാടകമെഴുതി. ”കടലിനക്കരെ എംബസി സ്‌കൂള്‍.” ഇന്ത്യയിലാണ് ചൂഷണങ്ങള്‍ കൂടുതലായി കണ്ടിട്ടുള്ളത്. വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഈ കമ്മീഷന്‍ കച്ചവടം നടത്തി ലാഭമുണ്ടാക്കുന്നവര്‍ ധാരാളമുണ്ട്. പലവിധ പേരുകള്‍ പറഞ്ഞ് കുട്ടികളില്‍ നിന്ന് പണം ഈടാക്കുന്നു. ഞാനടക്കം പലരും നിര്‍ധനരായ കുട്ടികള്‍ക്ക് ഫീസില്‍ ഇളവു നല്‍കണമെന്ന് പറഞ്ഞിട്ടും മാനേജ്‌മെന്റ് തയ്യാറായില്ല. സ്‌കൂള്‍ വൈസ്പ്രിന്‍സിപ്പല്‍ എം.സി സെബാസ്റ്റ്യന്‍ എനിക്കൊപ്പമുണ്ടെങ്കിലും ഭൂരിപക്ഷത്തിന്റെ മുന്നില്‍ മുട്ടുമടക്കാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. ഇതുമായി ബന്ധപ്പെട്ട് ‘ഗള്‍ഫ് മനോരമ’യില്‍ ഞാന്‍ ഒരു ലേഖനമെഴുതിയിരുന്നു. സൗദിയുടെ ജന്മദിനമായ സെപ്തംബര്‍ ഇരുപത്തി മൂന്ന് പല വര്‍ഷങ്ങളിലും ഗള്‍ഫ് മനോരമയില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ഒരിക്കല്‍ ജോസ് പനച്ചിപ്പുറത്തിന്റെ ഒരു കത്തു വന്നു. അതില്‍ അദ്ദേഹമെഴുതി.യത് ”ഈ ദിനം ഞാനും മറന്നിരുന്നു, തക്ക സമയത്ത് ലേഖനമയച്ചു തന്നതില്‍ നന്ദി അറിയിക്കുന്നു.” ആ കത്ത് ഇപ്പോഴും എന്റെ കൈയ്യിലുണ്ട്.

കടലിനക്കരെ എംബസി സ്‌കൂളിന് അവതാരിക എഴുതിയത് തോപ്പില്‍ ഭാസിയാണ്. അദ്ദേഹത്തെ ജന്മനാട്ടില്‍ കിട്ടുക വളരെ അപൂര്‍വ്വമാണ്. ഞാന്‍ മുന്‍കൂട്ടി കത്തെഴുതി കാണുന്ന ദിവസം അറിയിച്ചിരുന്നു. ഗള്‍ഫില്‍ നിന്നുള്ള ആദ്യ നാടകമെന്ന പ്രത്യേകതയും ഇതിനുണ്ട്. നാട്ടില്‍ അവധിക്കു പോയ സമയത്ത് അദ്ദേഹത്തെ കണ്ട് അവതാരിക എഴുതി വാങ്ങിയെങ്കിലും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം അതെടുക്കുന്നതിന് അസംതൃപ്തി പ്രകടിപ്പിച്ചു. അതിന്റെ കാരണം നാടകം വായിക്കുന്നവരുടെ എണ്ണം കുറഞ്ഞു എന്നാണ്.

1990 ഓഗസ്റ്റ് രണ്ട് ഇറാഖ് യുദ്ധം പൊട്ടിപുറപ്പെട്ടു. ഗള്‍ഫിലാകെ ആശങ്ക പരന്നു. കുവൈറ്റികള്‍ സൗദിയിലേക്കും ഖത്തറിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പാലായനം ചെയ്തു. കുവൈറ്റ് ഭരണാധികാരി ജാഫര്‍ അല്‍ അഹമ്മദ് അല്‍സബയും പരിവാരങ്ങളും സൗദിയില്‍ അഭയം പ്രാപിച്ചു. മലയാളികള്‍ അയല്‍രാജ്യങ്ങളിലേക്കും ഇന്ത്യയിലേക്കും രക്ഷപ്പെട്ടു തുടങ്ങി. ഡല്‍ഹിയിലെ എന്റെ സുഹൃത്തുക്കള്‍ ഉസ്മാന്റെയും, രാജേന്ദ്രന്റെയും മക്കള്‍ അവരുടെ കാറുമായി കബ്ജി വഴി എന്റെയടുക്കലെത്തി. അവര്‍ക്കായി ഞാനൊരു കെട്ടിടം വാടക്കയ്‌ക്കെടുത്തു. അവര്‍ എന്റെ വീട്ടിലും ഹോട്ടലിലുമായി ഭക്ഷണം കഴിച്ചു. ഈസ്‌റ്റേണ്‍ പ്രൊവിന്‍സിലുണ്ടായിരുന്ന പല സംഘടനകളും മുസ്ലീം കൂട്ടായ്മകളും വന്നുകൊണ്ടിരുന്ന മലയാളികളെ സ്വീകരിച്ച് അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തു.
ഞാനെടുത്ത കെട്ടിടത്തില്‍ ഒരു ഹിന്ദിക്കാരനേയും രണ്ടു തമിഴരെയും പാര്‍പ്പിച്ചു. എല്ലാവരും ഭയന്നത് ഇറാഖില്‍ നിന്ന് തൊടുത്തു വിടുന്ന സ്‌കഡ് മിസൈലുകളെയാണ്. അമേരിക്ക, ബ്രിട്ടണ്‍ കൂട്ടുകെട്ടാണ് ഈ യുദ്ധത്തില്‍ എല്ലാവര്‍ക്കും ആശ്വാസമായത്. അവരുടെ പേട്രിയറ്റ് മിസൈലുകള്‍ ഇറാഖില്‍ നിന്ന് വരുന്ന മിസൈലുകളെ ആകാശത്ത് വെച്ച് തന്നെ നശിപ്പിക്കുന്നുണ്ടായിരുന്നെങ്കിലും പല സ്‌കഡ് മിസൈലുകളും സൗദിയിലും ഇസ്രയേലിലും വീണ് ധാരാളം പേര്‍ മരിക്കുകയും ധാരാളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദഹറാനില്‍ അമേരിക്കന്‍ പട്ടാളക്കാരാണ് മരിച്ചത്. അതിന്റെ നാലിരട്ടിയിലധികം പേര്‍ക്ക് പരുക്കുകളുണ്ടായി. ഞാനവിടെ കാണാന്‍ പോയിരുന്നു. സൈറണ്‍ മുഴങ്ങുമ്പോഴൊക്കെ ജനങ്ങള്‍ക്ക് പേടിയാണ്. ശബ്ദം കേട്ട് ഞങ്ങള്‍ ഓഫീസില്‍ നിന്ന് പുറത്തിറങ്ങാറില്ല. ഗ്ലാസ്സിലൂടെ ആകാശത്തേക്ക് നോക്കും. ഭീമാകാരങ്ങളായ മിസൈലുകള്‍ ഞങ്ങളുടെ തലക്കു മുകളിലൂടെ പോകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. യിസ്രയേലില്‍ പതിച്ച മിസൈലില്‍ മരിച്ചത് എഴുപത്തിനാല് പേരാണ്. 230 ലധികം പേര്‍ക്ക് പരുക്കേറ്റു അതോടെ എല്ലാവര്‍ക്കും വീണ്ടും ഭയമായി. യിസ്രയേല്‍ കൂടി ഇടപെട്ടാല്‍ ഇറാഖിനു മാത്രമല്ല സൗദിയിലുള്ളവര്‍ക്കും അയല്‍രാജ്യങ്ങള്‍ക്കും അതാപത്താണ്. ഒരു മൂന്നാം ലോകമഹായുദ്ധമുണ്ടാകും. അമേരിക്കയുടെ കഠിന ശ്രമഫലമായി അവര്‍ യുദ്ധത്തില്‍ നിന്ന് പിന്മാറി. മൊത്തം 88 മിസൈല്‍ അയച്ചതില്‍ 47 എണ്ണം സൗദിയിലേക്കാണ് വന്നത്. സദാം ഹുസ്സൈന്‍ സൗദിയിലേക്കു വിഷ വാതകം കയറ്റി വിടുമോ എന്നാണ് എല്ലാവരും ഭയപ്പെട്ടത്. അതൊക്കെ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു. സൗദിയിലെ ഫഹദ് രാജാവിന്റെ ഉത്തരവനുസരിച്ച് എല്ലാവര്‍ക്കും ഗ്യാസ് മാസ്‌ക് വിതരണം ചെയ്തു. ഞങ്ങളും അത് ഫയര്‍ സ്റ്റേഷനില്‍ പോയി വാങ്ങി. സൈറണ്‍ മുഴങ്ങുമ്പോഴൊക്കെ ഞങ്ങളും കുട്ടികളും അത് മുഖത്ത് ഫിറ്റു ചെയ്യും. സിമ്മി കുഞ്ഞായിരുന്നതിനാല്‍ തൊട്ടിലു പോലുള്ള ഒന്നാണ് കിട്ടിയത്. എല്ലാ വീട്ടുകാരെപ്പോലെ ഞങ്ങളും വീടിന്റെ വാതിലും എ സി മുറികളും ജനാലകളും പ്ലാസ്റ്റിക്കു കൊണ്ട് അടയ്ക്കും. വിഷ വാതകം അകത്തു കയറാതിരിക്കാനാണ് ഈ മുന്‍കരുതല്‍ എടുക്കുന്നത്.

കുവൈറ്റിലുണ്ടായിരുന്നവരാണ് ഏറ്റവും കൂടുതല്‍ യാതനകള്‍ അനുഭവിച്ചത്. ജനുവരിയില്‍ ഇറാഖി സേന സൗദിയുടെ ബോര്‍ഡര്‍ ടൗണായ കബ്ജി പിടിച്ചടക്കിയതോടെ എല്ലാവരിലും ഭീതി ഏറി. ഇതു വരെ ഭയന്നിരുന്നത് മിസൈലുകളെയായിരുന്നു. രണ്ടു ദിവസത്തെ രക്തച്ചൊരിച്ചിലിനിടയില്‍ ഇറാഖി പട്ടാളത്തെ സഖ്യസേന തുരത്തി. സൗദിയില്‍ കടന്നവരാരും അതു പോലെ തിരിച്ചുപോയില്ല. 300 റിലധികം ഇറാഖി പട്ടാളക്കാരാണ് കൊല്ലപ്പെട്ടത്. 400ല്‍ അധികം പട്ടാളക്കാരെ തടവുകാരാക്കുകയും ചെയ്തു. സഖ്യസേനയുടെ പട്ടാളക്കാരും കൊല്ലപ്പെട്ടു. മരണ സംഖ്യ ഇറാഖില്‍ കൂടിക്കൊണ്ടിരുന്നു.
മനുഷ്യത്വം നഷ്ടപ്പെട്ടു പോയ ഭരണാധിപന്മാര്‍ ഒരു രാജ്യത്തുണ്ടായാല്‍ ആ രാജ്യത്തെ നശിപ്പിക്കും. സമാധാന കാംക്ഷികളായ ഭരണാധികാരികളുണ്ടെങ്കില്‍ അതു തന്നെയാണ് ആ രാജ്യത്തിന്റെ സുരക്ഷിതത്വം. ആപത്ത് വരുന്നു എന്ന അറിയിപ്പുമായി സൈറണ്‍ മുഴങ്ങുമ്പോള്‍ മനസ്സിലുണ്ടാകുന്ന നെടുവീര്‍പ്പുകള്‍ കുറച്ചൊന്നുമല്ല. പുറത്ത് നിന്നിട്ട് എത്രയോ പ്രാവശ്യം അകത്തേക്ക് ഓടിക്കയറേണ്ടി വന്നു. ഉറക്കമില്ലാത്ത രാത്രികള്‍, കുട്ടികളെ നോക്കുമ്പോഴുള്ള ഉത്കണ്ഠ, വിങ്ങല്‍, നിര്‍വികാരത തീവ്രയുദ്ധം നടക്കുന്ന രണഭൂമിയിലേതു പോലെയാണ് മനസ്സിനുള്ളിലെ യുദ്ധം. ഒരു മനുഷ്യന്‍ ജന്മമെടുക്കുന്നത് രക്തത്തില്‍ കുളിച്ചു മരിക്കാനാണോ, ഓപ്പറേഷന്‍ ഡസേര്‍ട്ട് ഫീല്‍ഡെന്നും സ്‌റ്റോവെന്നുമൊക്കെ പേരിട്ടിരുന്ന യുദ്ധം 1991 ജനുവരി 17 നു അവസാനിക്കുമ്പോഴാണ് മരണഭീതിയകന്നത്.

യുദ്ധങ്ങളും സംഘര്‍ഷങ്ങളുമില്ലാത്ത ഒരു ലോകത്തെ വാര്‍ത്തെടുക്കുവാന്‍ സമാധാനത്തിന്റെ ദൂതുമായി ഓരോ രാജ്യങ്ങളും മുന്നോട്ടു വരട്ടെ. യുദ്ധം കഴിഞ്ഞയുടനെ സുഹൃത്തുക്കളുടെ മക്കളും മറ്റുള്ളവരും കുവൈറ്റിലേക്ക് പോകാന്‍ തയ്യാറെടുത്തു. അതില്‍ ഒരു തമിഴന്‍ മദ്രാസിലേക്ക് പോകാനായി കാത്തിരുന്നു. അവരെ ഞങ്ങള്‍ കുവൈറ്റിന്റെ അതിര്‍ത്തിയായ കഫ്ജി വരെ അനുഗമിച്ചു. ഇറാഖി പട്ടാളം അക്രമിച്ച കഫ്ജി എനിക്കും കാണണമെന്ന് ആഗ്രഹമുള്ളതു കൊണ്ടാണ് കാറില്‍ യാത്ര ചെയ്തത്. ദമാമില്‍ നിന്നു രണ്ടര മണിക്കൂര്‍ യാത്ര ചെയ്താണ് അവിടെ എത്തിയത്. യുദ്ധത്തില്‍ ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്ന ഭിത്തികള്‍, കേടായ ടാങ്കറുകള്‍, ഒക്കെ അവിടെ കണ്ടു. അതിനടുത്തു തന്നെ അറേബ്യന്‍ ഓയില്‍ കമ്പനിയും ചെറിയൊരു ആശുപത്രിയുമൊക്കെ കണ്ടു മടങ്ങി. അങ്ങോട്ടുപോയതും വന്നതും ജുബൈയില്‍ വഴിയാണ്. യാത്രയില്‍ പല ഭാഗത്തും ഈന്തപ്പനകളും ഒട്ടകങ്ങളും ധാരാളമായി കണ്ടു.

നീണ്ട മാസങ്ങളായി ഭയമായിരുന്നു മനസ്സില്‍ ഇപ്പോള്‍ ആഹ്ലാദത്തിരകാളാണുള്ളത്. എന്റെ മനസ്സില്‍ ഉറങ്ങിക്കിടന്നിരുന്ന കാവ്യ സങ്കല്‍പ്പങ്ങള്‍ ഉണര്‍ന്നു. അത് എത്രമാത്രം ഹൃദയഹാരിയാകുമെന്ന് എനിക്കറിയില്ല. ആദ്യം എഴുതിയത് യുദ്ധക്കൊതിയന്മാരുടെ മണ്ണിലെ നിസ്സഹായരായ മനുഷ്യരെപ്പറ്റിയാണ്. പ്രാര്‍ത്ഥിക്കുന്നവനെ നിരാശനും അസ്വസ്തനുമാക്കിയത് എന്താണ്. യുദ്ധം എന്താണ് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കുന്നത്. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ കൊല്ലുന്നത് അല്ലാഹുവില്‍ വിശ്വാസമില്ലാത്തതു കൊണ്ടല്ലേ. തിന്മയെ തടയാന്‍ ഭൂതങ്ങളെ പുറത്താക്കാന്‍ ആയുധം വേണം പക്ഷേ ആത്മാവില്ലാത്ത യുദ്ധങ്ങള്‍ ആവശ്യമുണ്ടോ. ദുരന്തങ്ങള്‍ നേരിടുന്ന യുദ്ധ ഭൂമിയില്‍ ദൈവത്തെ കാണാന്‍ കഴിയുന്നുണ്ടോ. മരണത്തെ മുഖാമുഖം കണ്ട അനുഭവങ്ങള്‍ ലേഖനത്തിലെഴുതി ഗള്‍ഫ് മനോരമയ്ക്കും, കൗമുദിക്കും കൊടുത്തു.

അറാംകോ ജോലിക്കാരുടെ താമസസ്ഥലമായ ദഹ്‌റാനിലെ ക്വാര്‍ട്ടറില്‍ ഞങ്ങള്‍ ഒരു ഈസ്റ്റര്‍ സദ്യയില്‍ പങ്കെടുത്തു. അമേരിക്കന്‍, ബ്രിട്ടീഷകാരുടെ കുടുംബങ്ങളാണ് അവിടെ കൂടുതലായി താമസിക്കുന്നത്. അതൊരു കോളനി പോലെ തോന്നി. അതിനുളളില്‍ സ്ത്രീകള്‍ കാറോടിക്കും. സൗദി റോഡുകളില്‍ സ്ത്രീകള്‍ക്ക് കാറോടിക്കാന്‍ അവകാശമില്ലായിരുന്നു. അന്നത്തേ സദ്യയില്‍ സായിപ്പും മദാമ്മയും വീഞ്ഞും മദ്യവും കഴിക്കുന്നുണ്ട്. ഞാനും ഒരു ഗ്ലാസ് കുടിച്ചു. ഓമനയ്ക്ക് അതിന്റെ മണം പോലും ഇഷ്ടമല്ല. കുട്ടികള്‍ക്ക് ജൂസും കേക്കുമൊക്കെ കിട്ടി. സായിപ്പ് ഒറ്റയ്ക്കു താമസിക്കുന്ന കോംമ്പൗണ്ടുകളിലും ഞാന്‍ മദ്യം കണ്ടിട്ടുണ്ട്. ഇത് വരുന്നത് ബഹ്‌റിനില്‍ നിന്നാണ്. സൗദി- ബഹ്‌റിന്‍ കടല്‍ പാലത്തിലൂടെയാണ് കടത്തുന്നത്. സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കും സൗദി പോലീസ്.