ടെക് ഭീമനായ ഫെയിസ്ബുക്ക് യുകെയിലെ ജീവനക്കാര്‍ക്ക് നല്‍കുന്ന ശരാശരി ശമ്പളത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. 1290 പേരാണ് യുകെയില്‍ ഫെയിസ്ബുക്കില്‍ ജോലി ചെയ്യുന്നത്. ഇവരുടെ ശമ്പളയിനത്തിലും ഷെയറുകള്‍ ഉള്‍പ്പെടെയുള്ള തുകയുമായി 300 മില്യന്‍ പൗണ്ടാണ് കമ്പനി പ്രതിവര്‍ഷം മുടക്കുന്നത്. ശരാശരി 230,000 പൗണ്ട് വീതം ഓരോ ജീവനക്കാര്‍ക്കും പ്രതിവര്‍ഷ ശമ്പളമായി ലഭിക്കുന്നു. ഓരോ വര്‍ഷവും 1.2 ബില്യന്‍ പൗണ്ടോളം ടേണ്‍ ഓവര്‍ ലഭിക്കുന്ന കമ്പനി കോര്‍പറേഷന്‍ ടാക്‌സ് ഇനത്തില്‍ അടക്കുന്നത് 15 മില്യന്‍ പൗണ്ട് മാത്രമാണെന്നും കണക്കുകള്‍ പറയുന്നു.

2017 അവസാനത്തോടെയാണ് 960 പേരില്‍ നിന്ന് യുകെയിലെ ഫെയിസ്ബുക്ക് ജീവനക്കാരുടെ എണ്ണം 1290 ആയി ഉയര്‍ന്നത്. ഇവരില്‍ 712 പേര്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലും ബാക്കിയുള്ളവര്‍ സെയില്‍സ്, സപ്പോര്‍ട്ടിംഗ്, മാര്‍ക്കറ്റിംഗ് വിഭാഗങ്ങളിലുമാണ് നിയമിതരായത്. ഈ വര്‍ഷം അവസാനത്തോടെ ജീവക്കാരുടെ എണ്ണം 2300 ആയി ഉയര്‍ത്തുമെന്നാണ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ രണ്ടാമത്തെ ഓഫീസ് തുറന്നപ്പോള്‍ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് ഫെയിസ്ബുക്കിനെ അഭിനന്ദിച്ചിരുന്നു. എന്നാല്‍ കമ്പനിക്ക് ഒരു ഡിജിറ്റല്‍ സര്‍വീസ് ടാക്‌സ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ടെന്ന് ടോറി കോണ്‍ഫറന്‍സില്‍ ചാന്‍സലര്‍ പറഞ്ഞു.

അടുത്തിടെ വരുത്തിയ മാറ്റങ്ങളിലൂടെ കമ്പനി യുകെയിലെ ഉപയോക്താക്കളില്‍ നിന്ന് വന്‍ ലാഭമാണ് ഉണ്ടാക്കുന്നത്. യുകെയിലെ ലാഭം 58.4 മില്യന്‍ പൗണ്ടില്‍ നിന്ന് 62.8 മില്യനായി ഉയര്‍ന്നു. കോര്‍പറേഷന്‍ ടാക്‌സ് ബില്ല് 5.1 മില്യനില്‍ നിന്നാണ് 15.8 മില്യനായി ഉയര്‍ന്നിട്ടുള്ളത്. അതായത് ജീവനക്കാരുടെ ശരാശരി ശമ്പളം 2016ല്‍ 215,000 പൗണ്ട് ആയിരുന്നെങ്കില്‍ 2018ല്‍ അത് 228,000 ആയി വര്‍ദ്ധിച്ചിട്ടുണ്ട്.