അറ്റ്‌ലാന്റിക് സമുദ്രജല പ്രവാഹം ദുര്‍ബലമാകുന്നു; കാലാവസ്ഥയെ സാരമായി ബാധിക്കും; ഗള്‍ഫ് സമുദ്ര പ്രവാഹത്തിന് നേരിടുന്ന തടസങ്ങള്‍ എന്തുവില കൊടുത്തും തടയണമെന്ന് ശാസ്ത്രജ്ഞര്‍

അറ്റ്‌ലാന്റിക് സമുദ്രജല പ്രവാഹം ദുര്‍ബലമാകുന്നു; കാലാവസ്ഥയെ സാരമായി ബാധിക്കും; ഗള്‍ഫ് സമുദ്ര പ്രവാഹത്തിന് നേരിടുന്ന തടസങ്ങള്‍ എന്തുവില കൊടുത്തും തടയണമെന്ന് ശാസ്ത്രജ്ഞര്‍
April 17 04:52 2018 Print This Article

ഗള്‍ഫ് സ്ട്രീം എന്നറിയപ്പെടുന്ന സമുദ്ര പ്രവാഹത്തിനുണ്ടാകുന്ന തടസങ്ങള്‍ എന്തുവില കൊടുത്തും തടയണമെന്ന് ശാസ്ത്രജ്ഞര്‍. ആഗോള കാലാവസ്ഥയെ സ്വാധീനിക്കുന്ന ഈ പ്രവാഹം എക്കാലത്തെയും ദുര്‍ബലമായ അവസ്ഥയിലാണെന്ന് ഈയാഴ്ച വെളിപ്പെടുത്തലുണ്ടായിരുന്നു. വന്‍ സമുദ്രജല പ്രവാഹങ്ങളിലൊന്നായ ഇതിന് തടസമുണ്ടായ ഘട്ടങ്ങളിലൊക്കെ അതിന്റെ സ്വാധീനം കാലാവസ്ഥയില്‍ പ്രകടമായിരുന്നു. ഈസ്റ്റേണ്‍ യൂറോപ്പില്‍ അതിശൈത്യവും അമേരിക്കയുടെ കിഴക്കന്‍ തീരത്ത് അതിവേഗത്തില്‍ സമുദ്രനിരപ്പ് ഉയരുകയും ആഫ്രിക്കയില്‍ വരള്‍ച്ചയുണ്ടാകുകയുമൊക്കെ ഇതിന്റെ ഫലമായുണ്ടായിട്ടുണ്ട്.

ആഗോളതാപനം ഈ പ്രവാഹത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഈ പ്രവാഹത്തിന്റെ ഭാവിയെത്തന്നെ ബാധിക്കുന്ന വിധത്തിലാണ് കാലാവസ്ഥാ മാറ്റമെന്നും പുതിയ പഠനം വ്യക്തമാക്കുന്നു. അറ്റ്‌ലാന്റിക്കിലെ ഉഷ്ണജലത്തെ ഉത്തരധ്രുവം വരെ എത്തിക്കുകയും അവിടെ വെച്ച് തണുക്കുന്ന പ്രവാഹം ദക്ഷിണദിശയിലേക്ക് തിരിച്ചു സഞ്ചരിക്കുകയുമാണ് ചെയ്യുന്നത്. ഉത്തരാര്‍ദ്ധഗോളത്തിന്റെയും അന്തരീക്ഷത്തിന്റെയും കാലാവസ്ഥ നിര്‍ണ്ണയിച്ചുകൊണ്ടിരുന്നത് ഈ പ്രവാഹമായിരുന്നു. അറ്റ്‌ലാന്റിക് മെറിഡിയണല്‍ ഓവര്‍ടേണിംഗ് സര്‍ക്കുലേഷന്‍ അഥവാ അമോക് എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രവാഹത്തിന് 1950ന് ശേഷം 15 ശതമാനത്തോളം ശക്തി കുറഞ്ഞിട്ടുണ്ട്.

ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുരുകുന്നതും കടല്‍ ജലത്തിന്റെ ഊഷ്മാവ് വര്‍ദ്ധിക്കുന്നതും ജലത്തിന്റെ സാന്ദ്രതയില്‍ കുറവുണ്ടാക്കുന്നത് ഈ പ്രവാഹത്തെ ബാധിക്കുന്നുണ്ട്. ഈ പ്രതിഭാസങ്ങളും ആഗോള താപനവും മൂലം സമുദ്രജല പ്രവാഹത്തില്‍ കാര്യമായ കുറവുണ്ടാക്കിയിട്ടുണ്ട്. ലോകത്തെ എല്ലാ നദികളുടെയും പ്രവാഹം ഒറ്റയടിക്ക് നിര്‍ത്തിയാലുണ്ടാകാവുന്ന ആഘാതമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. 1600 വര്‍ഷങ്ങള്‍ക്കിടെ ഇങ്ങനെയൊരു അവസ്ഥയുണ്ടായിട്ടില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രവാഹത്തിന്റെ വേഗത വീണ്ടും കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഗവേഷകര്‍ പറയുന്നു. 450 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വേഗതയിലാണ് ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുരുകുന്നതെന്ന് മറ്റൊരു പഠനവും വ്യക്തമാക്കുന്നു. മനുഷ്യ ഇടപെടല്‍ കൊണ്ടുണ്ടായ കാലാവസ്ഥാ ദുരന്തമാണ് ഇത്. അമോകിനെ ബാധിക്കുന്നതിലൂടെ ആഗോള കാലാവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍ക്ക് ഇത് കാരണമാകും.

അമോകിന്റെ ശക്തി കുറയുന്നത് വെസ്‌റ്റേണ്‍ യൂറോപ്പിലേക്കുള്ള ഉഷ്ണജലപ്രവാഹം കുറയ്ക്കുകയും ശൈത്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഡേ ആഫ്റ്റര്‍ ടുമോറോ എന്ന ചിത്രത്തിന് സമാനമായ കാലാവസ്ഥയായിരിക്കും ഇതുമൂലം ഉണ്ടാകുക. സമുദ്രാന്തര ആവാസ വ്യവസ്ഥയും വ്യാപകമായി തകരും. സമ്മര്‍ ഹീറ്റ് വേവുകള്‍ വര്‍ദ്ധിക്കാനും പ്രവാഹത്തിന്റെ ശക്തി കുറയുന്നത് കാരണമാകും. ഉത്തര ദിശയില്‍ നിന്നുള്ള പ്രവാഹം തണുക്കാന്‍ സമയമെടുക്കുന്നതാണ് ഇതിന് കാരണം. ഉപരിതലത്തിലെ തണുത്ത ജലം അന്തരീക്ഷത്തിലെ ചൂട് വായുവിനെ യൂറോപ്പില്‍ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിക്കുകയും 2015ല്‍ സംജാതമായ അതേ കാലാവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യുമെന്നും ഗവേഷണം വ്യക്തമാക്കുന്നു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles