ഷിബു മാത്യൂ
സ്‌കിപ്റ്റണ്‍. യുറോപ്പിലെ പ്രമുഖ ക്ലബായ സ്പീക്കേഴ്‌സ് ക്ലബ് യുകെ തലത്തില്‍ സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിന്റെ പ്രാഥമിക മത്സരം യോര്‍ക്ഷയറില്‍ നടന്നു. ക്രേവന്‍ ഡിസ്ട്രിക് കൗണ്‍സിലില്‍ ക്രേവന്‍ സ്പീകേഴ്‌സ് ക്ലബ് നടത്തിയ പ്രസംഗ മത്സരില്‍ ഒന്നാമത് എത്തിയത് മലയാളിയായ അഭയ് നമ്പ്യാര്‍. പതിനാലു വയസ്സ് മുതല്‍ എഴുപത് വയസ്സ് വരെ പ്രായമുള്ള പാശ്ചാത്യരായ ഇംഗ്ലീഷുകാര്‍ മത്സരിക്കുന്ന പ്രസംഗ മത്സരത്തിലാണ് മലയാളിയായ ഈ ബാലന്റെ മുന്നേറ്റം. സ്പീക്കേഴ്‌സ് ക്ലബ് സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ഒരു ഏഷ്യന്‍ വംശജന്‍ പങ്കെടുക്കുന്നതും വിജയിക്കുന്നതും ഇതാദ്യമായാണ്. ‘സാങ്കേതീക വിദ്യ’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പ്രസംഗ മത്സരം നടന്നത്. പതിനാലു വയസ്സ് മുതല്‍ എഴുപത് വയസ്സുവരെ പ്രായമുള്ള ഇംഗ്ലീഷുകാര്‍ മത്സരത്തിനെത്തിയിരുന്നു. വികസിത രാജ്യത്തിന്റെ പ്രൗഡിയും സാങ്കേതീക വിദ്യയുടെ മുന്നേറ്റത്തിലുളള ബ്രിട്ടന്റെ പങ്കും നിറഞ്ഞു നിന്നതായിരുന്നു പാശ്ചാത്യ സമൂഹത്തിന്റെ പ്രസംഗം. പക്ഷേ, ഉയരങ്ങളിലേയ്ക്ക് കുതിക്കുന്ന ഒരു വികസ്വര രാജ്യത്തിന്റെ സങ്കല്പം. അതിന് ഊന്നല്‍ നല്‍കിയാണ് അഭയ് നമ്പ്യാര്‍ സംസാരിച്ചത്. പ്രായത്തിനേക്കാള്‍ കൂടുതല്‍ പക്വതയില്‍ ഒരു രാജ്യത്തിനു വേണ്ടി പാശ്ചാത്യരുടെ മുമ്പില്‍ സംസാരിച്ച് വിജയവുമുറപ്പിച്ചു. പാശ്ചാത്യരായ വിധികര്‍ത്താക്കളുടെ നേരിട്ടുള്ള പ്രശംസയ്ക്ക് പാത്രമായി. യോര്‍ക്ഷയറിലെ സ്‌കിപ്റ്റണിലുള്ള എര്‍മിസ്റ്റെഡ് ഗ്രാമര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭയ് നമ്പ്യാര്‍.

കേരളത്തില്‍ കണ്ണൂര്‍ സ്വദേശിയായ ജയരാജ് നമ്പ്യാരാരുടെയും രമ്യാ നമ്പ്യാരുടേയും എക മകനാണ് അഭയ് നമ്പ്യാര്‍. യു കെയില്‍ ടെസ്‌കോ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ IT മാനേജരാണ് ജയരാജ് നമ്പ്യാര്‍. എക്വാഫാക്‌സ് ലീഡ്‌സിന്റെ IT എനൈലിസ്റ്റായി ജോലി നോക്കുകയാണ് രമ്യാ നമ്പ്യാര്‍. യോര്‍ക്ഷയറിലെ സ്റ്റീറ്റണില്‍ സ്ഥിരതാമസമാണിവര്‍. മലയാളം യുകെ ന്യൂസ് ടീമിന്റെ ആശംസകള്‍.