അയാള്‍ ഞാന്‍ തന്നെയോ?-ചെറുകഥ

അയാള്‍ ഞാന്‍ തന്നെയോ?-ചെറുകഥ
February 10 04:19 2019 Print This Article

രാജേഷ് ജോസഫ്

അയാള്‍ക്ക് എന്ത് എഴുതണം എവിടെ തുടങ്ങണം എന്ന് അറിയില്ലായിരുന്നു. മിക്കവാറും ചെറുപ്പക്കാരുടെ ഡയറി കുറിപ്പുകള്‍ ഇങ്ങനെ ആയിരിക്കും തുടങ്ങുക എന്ന് അയാള്‍ അനുമാനിച്ചു. ശരാശരി സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലായിരുന്നു അയാളുടെ ജനനം. എന്നും എല്ലാവരോടുമൊപ്പം ആകാന്‍ അയാള്‍ ശ്രദ്ധിച്ചിരുന്നു. സ്വകാര്യ സന്തോഷങ്ങളേക്കാള്‍ സാമൂഹ്യമായ സന്തോഷങ്ങളുടെ ഭാഗമാകാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നു. നാല് ചുവരുകളുടെ ബന്ധനത്തെക്കാള്‍ വിശ്വ വിഹായസില്‍ ചിത്ര ശലഭത്തെ പോലെ പാറി പറക്കാന്‍ അയാളുടെ മനസ്സ് കൊതിച്ചു, പഠിത്തത്തിനു ഏറെ പ്രധാന്യം കൊടുക്കുന്ന താന്‍ കുടുംബത്തില്‍ നിന്ന് കേള്‍ക്കേണ്ടി വരുന്ന അനുദിന ആക്രോശങ്ങളില്‍ നിന്ന് ഓടി അകലാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നു. ഗ്രാമ ഭംഗിയും, പൂക്കളും , പുഴയും, ഗ്രാമ വിശുദ്ധിയുമെല്ലാം അയാള്‍ എന്നും നെഞ്ചോട് ചേര്‍ത്ത് വെച്ചിരുന്നു, അവയുടെ ഓര്‍മകള്‍ എന്നും അയാളില്‍ സന്തോഷ അശ്രുക്കള്‍ സമ്മാനിച്ചു. താന്‍ പഠിച്ച ബിരുദവും, പുസ്തകങ്ങളും എല്ലാം അയാളിലെ ബാഹ്യ മനുഷ്യനെ അറിവിന്‍ സൗര വലയം സൃഷ്ട്ടിച്ചുവെങ്കിലും അയാളുടെ അന്തരാത്മാവ് ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുടെ പുറകെയുള്ള യാത്രയായിരുന്നു. മഴവെള്ളത്തിനായി കാത്തിരിക്കുന്ന വേഴാമ്പല്‍ പോലെ.

നന്മയെ പുണരുവാനും നല്ലതുമാത്രം ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും അയാള്‍ എന്നും ആഗ്രഹിച്ചിരുന്നു.നിര്‍ഭാഗ്യമെന്നു പറയട്ടെ അയാളുടെ സൗഹൃദങ്ങള്‍ ചതിയും വഞ്ചനയും മനസില്‍ സൂക്ഷിക്കുന്ന കള്ള പ്രവാചകന്മാരുടെ നിരയായിരുന്നു. ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയുന്ന ആധുനികതയുടെ പ്രവാചകന്മാര്‍. മനസ്സില്‍ ഒന്നും പുറത്തു മറ്റൊന്നും അഭിനയിക്കുന്നവരെ അയാള്‍ എന്നും വെറുത്തിരുന്നു. കാലപ്രവാഹത്തിന്‍ മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ ഒരു പക്ഷെ അയാള്‍ക്ക് കഴിയാത്തതായിരിക്കാം. മുഖം മൂടി അണിഞ്ഞ മനുഷ്യനാകാന്‍ അയാള്‍ക്ക് ഒരിക്കലും സാധിക്കില്ല.

ജീവിതവും മനുഷ്യ ബന്ധങ്ങളും അയാളുടെ പഠന വിഷയാമായിരുന്നു. കാലചക്രത്തില്‍ മനുഷ്യരുടെ മാറ്റങ്ങളെ സൂക്ഷ്മതയോടെ വീക്ഷിച്ച അയാള്‍ പലപ്പോഴും സാഹചര്യങ്ങള്‍ക്ക് അനുസരിച്ചു രൂപാന്തരീകരണം സംഭവിക്കുന്ന മനുഷ്യരുടെ സ്വഭാവ പ്രകടനങ്ങളില്‍ അസ്വസ്ഥനായിരുന്നു. മനുഷ്യര്‍ക്ക് ഇങ്ങനെ മാറാന്‍ സാധിക്കുവോ എന്ന ചോദ്യത്തിന് അയാള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും സമ്മര്‍ദങ്ങളുമായിരിക്കാം മനുഷ്യനെ വേലിയേറ്റ വേലിയിറക്ക സ്വഭാവത്തിലേക്ക് എത്തിക്കുന്നത് എന്ന ഉത്തരത്തിലേക്കു അനുമാനിക്കാന്‍ അയാള്‍ നിര്‍ബന്ധിതനായി. സംപ്രീതരല്ല നര ജന്മം അവര്‍ പ്രയാണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

വിദൂരസ്ഥമായ പലതും സമീപസ്ഥവും സമീപസ്ഥമായ പലതും വിദൂരസ്ഥമാക്കുന്ന ശാസ്ത്ര സാങ്കേതികവിദ്യയുടെ മായാ ലോകം അയാളില്‍ അത്ഭുതത്തിന്‍ വര്‍ണങ്ങള്‍ വിടര്‍ത്തി . തനിക്ക് നഷ്ടപെട്ട അവസരങ്ങളെ ഓര്‍ത്തു അയാള്‍ വ്യസനിക്കുമായിരുന്നു. എവിടെ തെറ്റുപറ്റി എന്ന് കണ്ടുപിടിക്കാനുള്ള ശ്രമം മരുഭൂമിയിലെ മരീചികപോലെ അയാളില്‍ അവശേഷിച്ചു. ഇനിയും ഒരിക്കലും തിരിച്ചു പിടിക്കാനാവാത്തവിധം കൈവിട്ടു പോയ സൗഹൃദങ്ങള്‍,സാഹചര്യങ്ങള്‍ അവസരങ്ങള്‍ എല്ലാം അയാളുടെ അന്തരാത്മാവിലെ നീറുന്ന ഓര്‍മ്മകള്‍ ആയിരുന്നു. ഗൃഹാതുരത്തിന്റെ ഓര്‍മകള്‍ക്ക് മരണമില്ല അവ എന്നും അലകടലായി തീരത്തെ പുല്‍കുന്നു എന്ന് അയാള്‍ വിശ്വസിച്ചു

ഓഫീസില്‍ പോകാന്‍ സമയമായി എന്ന് ഭാര്യ ഉറക്കെ വിളിച്ചു പറയുന്നതുകേട്ടാണ് അന്തരാത്മാവിലെ ആഴങ്ങളിലെ സ്വപ്ന സഞ്ചാരത്തില്‍ നിന്ന് അയാള്‍ ചാടി എഴുന്നേറ്റത്. വിഹായസിലേക്കു പറന്ന മനസിനെ പിടിച്ചുകെട്ടി മുഖം കഴുകാനായി പോയ അയാളുടെ മനസ്സ് മന്ത്രിച്ചു അയാള്‍ ആരാണ് അത് ഞാന്‍ തന്നെയോ.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles