കാരൂർ സോമൻ

വീടിനടുത്തുള്ള മരങ്ങളിൽ പക്ഷികൾ മംഗളഗീതം ആലപിച്ചിരിക്കെയാണ് അരുൺ നാരായണൻ പശുവിനെ കറക്കാൻ തൊഴുത്തിലെത്തിയത് . പശുവിന്റെ അകിട്ടിനു നല്ലതുപോലെ വെള്ളമൊഴിച്ചു കഴുകി പാൽ കറന്നുകൊണ്ടിരിക്കെ പശുക്കുട്ടി പുറത്തേക്കോടി , കോളജ് കുമാരി ശാലിനി മുറ്റത്തെ ചെറിയ ഉദ്യാനത്തിൽ ശോഭയാർജ്ജിച്ച് നിന്ന പൂക്കളിൽ വിടർന്ന മിഴികളോടെ നോക്കി നിന്നപ്പോഴാണ് പശുക്കിടാവ് ഓടുന്നത് കണ്ടത് , അവൾ പിറകേയോടി. വീട്ടിലേക്ക് വന്ന ദീപു അഭിലാഷ് പാഞ്ഞു വന്ന പശുക്കിടാവിനെ പിടിച്ചു നിർത്തി അവളെയേൽപ്പിച്ചു . അവളുടെ കണ്ണുകൾ പ്രകാശമാനമായി . കൃതാർഥതയോടെ പുഞ്ചിരിച്ചു . അരുൺ ആ പുഞ്ചിരി മടക്കിക്കൊടുത്തു.

അവിവാഹിതനായ ദീപു ചാരുംമൂട് ബാങ്കിലെ ഉദ്യോഗസ്ഥനാണ് . അടുത്ത വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നു . ദീപു ചായക്കടയിൽ നിന്നുള്ള ചായകുടി അവസാനിപ്പിക്കാൻ തീരുമാനിച്ചു . അതിന്റെ കാരണം പാലിൽ മായം , ചായപ്പൊടിയിൽ മായം . സമൂഹത്തിലെ അനീതി , അഴിമതിപോലെ ഭക്ഷണത്തിലും മാത്രം , ദീപു സന്തോഷചിത്തനായി പറഞ്ഞു .

” എനിക്ക് അച്ഛനെയൊന്ന് കാണണം ‘ , അവർ അവിടേക്ക് ചെല്ലുമ്പോൾ അരുൺ പാലുമായി പുറത്തേക്ക് വന്നു . മകളെ ഒരു പുരുഷനാപ്പം കണ്ടത് അത്ര രസിച്ചില്ല . അമർഷമടക്കി ചോദിച്ചു . ”

നിന്റെ അമ്മയെവിടെ ?

– അടുക്കളയിൽ ‘

” ങ്ഹാ . ഇതിന് തള്ളേടെ അടുത്ത് വിട്” അവൾ അനുസരിച്ചു . മടങ്ങിയെത്തി പാലും വാങ്ങി അകത്തേക്ക് പോയി .

എന്താ നിങ്ങള് വന്നേ?

‘ ഒരു ലിറ്റർ പാല് വേണമായിരിന്നു ‘ സൗമ്യനായി അറിയിച്ചു . പെട്ടെന്ന് വിസമ്മതിച്ചെന്നു മാത്രമല്ല മുഖഭാവവും മാറി . അയൽക്കാരോടുള്ള വെറുപ്പ് പുറത്തു ചാടി .

എനിക്ക് അയൽക്കാരുമായി ബന്ധം കൂടാൻ ഇഷ്ടമില്ല . പരദൂഷണക്കാരായ കുറെ അയൽക്കാർ . എന്നോട് സ്‌നേഹം കാണിക്കും മറ്റുള്ളവരോട് പറയും ഞാനൊരു നാറിയാണെന്ന് ‘.

ദീപു ചിന്തയിലാണ്ടു . അയൽക്കാരുടെ സാമൂഹ്യശാസ്ത്രം വൈകാരികമായി എന്നോട് എന്തിന് പറയണം എന്നോടും വെറുപ്പുണ്ട് .

വീടിന്റെ ജനാലയിലൂടെ ശാലിനി അവരുടെ സംസാരം ശ്രദ്ധിച്ചു . നിസ്സാര കാര്യങ്ങളെ അച്ഛൻ ഗൗരവമായി എന്താണ് കാണുന്നത് ? ഈ തലയില്ലാത്ത സോഷ്യൽ മീഡിയയിൽ എന്തെല്ലാം ആൾക്കാർ എഴുതുന്നു . മനുഷ്യരുടെ വായ് മൂടിക്കെട്ടാൻ പറ്റുമോ ? ദീപു ആശങ്കയോടെ നോക്കി , ഇദ്ദേഹത്തിന് വല്ല മാനസിക പ്രശ്നവുമുണ്ടോ ? സ്നേഹപൂർവ്വം അറിയിച്ചു .

” ഞാനിവിടെ രണ്ട് വർഷമായി താമസിക്കുന്നു . രാവിലെ ജോലിക്ക് പോയാൽ രാത്രി വൈകിയാണ് വരുന്നത് . ഒരു അയൽക്കാരനെന്ന നിലയ്ക്ക് എന്നിൽ നിന്ന് എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ടോ ?

അതൊരു മൂർച്ചയുള്ള ചോദ്യമാണ് . അരുൺ ആ കണ്ണിലേക്ക് തുറിച്ചു നോക്കി , എന്താണ് ഉത്തരം പറയുക . പൂക്കൾക്ക് മുകളിൽ വരണ്ട ശബ്ദത്തിൽ മൂളിപ്പറന്ന വണ്ടും തലയ്ക്ക് മുകളിലൂടെ പറന്നു പോയ തത്തയും പറഞ്ഞത് മറുപടി പറയണമെന്നാണ് . അരുണൻ പെട്ടന്നൊത്തരം കണ്ടെത്തി .

” അതിന് നിങ്ങളെ എനിക്ക് അറിയില്ലല്ലോ ‘ “

എന്റെ പേര് ദീപൂ . ഞാനും അയൽക്കാരനാണ് എന്നെ അറിയില്ല എന്നത് സത്യം . എന്നാൽ ചേട്ടനെ എനിക്കറിയാം , ഇങ്ങനെ സ്വയം ചെറുതായി ജീവിക്കണോ ? ഈ വീടിന് ചുറ്റും മതിൽ കെട്ടിപൊക്കിയതും അയൽക്കാരെ വെറുക്കാനാണോ ? ഈ ഉയർന്നു നിൽക്കുന്ന മതിലുപോലെ നമ്മുടെ മനസ്സും ഉയർന്ന നിലവാരമുള്ളതാകണം , സ്നേഹം വീടിനുള്ളിൽ മാത്രമല്ല വേണ്ടത് അയൽക്കാർക്കും കൊടുക്കാം . അത് ദേശത്തിനും ഗുണം ചെയ്യും . അറിവും വായനയുമുള്ള മനുഷ്യർ പരദൂഷണം പറയുന്നവരോ മറ്റുള്ളവർക്ക് ശവക്കുഴികളും ചിന്തകളും ഉണ്ടാക്കുന്നവരോ അല്ല . ചേട്ടൻ – ആ വിഡ്ഢികളുടെ പട്ടികയിൽ വരരുതെന്നാണ് എന്റെ അപേക്ഷ ‘

അദ്ഭുതത്തോടെ അരുൺ നോക്കി . ഇളം വെയിലിൽ നിന്നെ ദീപുവിന്റെ അകത്തേക്ക് ക്ഷണിച്ചിരുത്തി , മകളെ വിളിച്ചിട്ട് പറഞ്ഞു .

‘ മോളെ ദീപു സാറിന് ഒരു പായ കൊണ്ടുവാ ‘ , അരുൺ മറ്റൊരു വിശദീകരണത്തിനും പിന്നീട് മുതിർന്നില്ല .

വാക്കുകൾ ഉരകല്ലും ചൂടുമായി മിന്നി . മനസ്സിലെ ഭ്രമചിത്രങ്ങൾ , വ്യഥകൾ വായ് പിളർത്തുന്ന തീപ്പൊള്ളലായി . ഒരു തീക്കാറ്റുപോലെ നെടുവീർപ്പ് അരുണിനുണ്ടായി . ബന്ധങ്ങൾ ഹൃദയ സ്പർശിയാകണമെന്ന് ആ മനസ്സ് കണ്ടെടുത്തു .