ജോയല്‍ ചെറുപ്ലാക്കില്‍

അയര്‍ക്കുന്നം – മറ്റക്കരയും പരിസര പ്രദേശങ്ങളില്‍ നിന്നുമായി യു.കെ.യുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ 2-ാമത് സംഗമം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ശ്രീ.ജി.വേണുഗോപാല്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വൂള്‍വര്‍ഹാംപ്ടണിലെ യു.കെ.കെ.സി.എ ഹാളിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത് . അയര്‍ക്കുന്നം – മറ്റക്കര സംഗമത്തിനു വേണ്ടി ആദ്യ സംഗമത്തിന്റെ ജനറല്‍ കണ്‍വീനറായിരുന്ന ശ്രീ.സി.എ.ജോസഫ് രചിച്ച് യൂട്യുബിലൂടെ ശ്രദ്ധേയമായ തീംസോഗ് തന്റെ അനുഗ്രഹീതമായ വേറിട്ട സ്വരമാധുര്യത്താല്‍ ശ്രീ.ജി.വേണുഗോപാല്‍ സംഗമവേദിയില്‍ ആലപിച്ചപ്പോള്‍ മുഴുവന്‍ കുടുംബാംഗങ്ങളും വിസ്മയത്തോടും സന്തോഷം കൊണ്ടും മനം നിറഞ്ഞ് ഹര്‍ഷാരവത്തോടു കൂടിയാണ് സ്വീകരിച്ചത്.

യു.കെ. സന്ദര്‍ശിക്കുന്ന അവസരങ്ങളിലെല്ലാം യു.കെ. മലയാളികളില്‍ നിന്നും ലഭിച്ചിട്ടുള്ള സ്‌നേഹാദരങ്ങളും പ്രോത്സാഹനങ്ങളും ഒരിക്കലും മറക്കാന്‍ പറ്റാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. കലാ-സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി ആളുകള്‍ക്ക് ജന്മം നല്‍കിയ അയര്‍ക്കുന്നം – മറ്റക്കര പ്രദേശങ്ങളില്‍ നിന്നുള്ള കുടുംബാഗങ്ങളുടെ സംഗമത്തിന് സര്‍വവിധ ആശംസകള്‍ നേരുകയും കൂടുതല്‍ നല്ല പ്രവര്‍ത്തനങ്ങളുമയി മുന്നേറട്ടെയന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ആശംസിച്ചു. ചെങ്ങന്നൂര്‍ തെരെഞ്ഞെടുപ്പിന്റെ തിരക്കുകളിലായിരുന്നിട്ടും അയര്‍ക്കുന്നം – മറ്റക്കര പ്രദേശത്തിന്റെ ജനപ്രതിനിധികളായ ആരാധ്യനായ മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയും കോട്ടയത്തിന്റെ പ്രിയങ്കരനായ എം.പി. ശ്രീ.ജോസ്.കെ.മാണിയും തത്സമയം ടെലിഫോണിലൂടെ ആശംസകള്‍ നേര്‍ന്നത് സംഗമത്തിലെ കുടുംബാംഗങ്ങളെ മുഴുവന്‍ ആവേശഭരിതരാക്കി.

പിറന്ന നാടിന്റെ ഓര്‍മകളും, സൗഹൃദങ്ങളും, പൈകൃതവും മനസ്സില്‍ സൂക്ഷിക്കുന്ന അയര്‍ക്കുന്നം – മറ്റക്കരയും പരിസര പ്രദേശങ്ങളില്‍ നിന്നുമായി യു.കെ.യുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ കൂട്ടായ്മ കുടുതല്‍ പ്രവര്‍ത്തനങ്ങളുമായി മുന്നേറട്ടെയെന്ന് മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ആശംസിച്ചു. ആദ്യ സംഗമത്തില്‍ പങ്കെടുക്കുവാന്‍ ഭാരവാഹികള്‍ ക്ഷണിച്ചിരുന്നെങ്കിലും ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങള്‍കൊണ്ട് പങ്കെടുക്കാനാവാതിരുന്നതും അദ്ദേഹം തന്റെ ആശംസാ പ്രസംഗത്തിന്‍ അനുസ്മരിച്ചു. സംഗമത്തിന് സര്‍വ്വവിധ ഭാവുകങ്ങളും വിജയങ്ങളും ശ്രീ.ഉമ്മന്‍ ചാണ്ടി ആശംസിച്ചു.

യു.കെയിലെ അയര്‍ക്കുന്നം – മറ്റക്കര ആദ്യസംഗമത്തിന് തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിക്കുവാന്‍ തനിക്ക് ലഭിച്ച അവസരം ഒരു ഭാഗ്യമായി കരുതെന്നുവെന്നും ഈ സംഗമത്തിലെ കുടുംബാഗങ്ങള്‍ നല്‍കിയ സ്‌നേഹം മറക്കുവാന്‍ സാധിക്കുകയില്ലായെന്നും കോട്ടയത്തിന്റെ എം.പി. ശ്രീ. ജോസ്.കെ.മാണി തന്റെ ആശംസാ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. സംഗമത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുടുംബാഗങ്ങളോടൊപ്പം തന്റെ മനസ്സിന്റെ സാന്നിധ്യം ഉണ്ടെന്നും വരും കാലങ്ങളിലും ഈ സംഗമം കുടുതല്‍ കരുത്തോടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഇടയാകട്ടെയെന്നും ശ്രീ.ജോസ് കെ.മാണി എം പി ആശംസിച്ചു. ജോജി ജോസഫ്, ഫ്‌ളോറെന്‍സ് ഫെലിക്‌സ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗായക സംഘത്തിന്റെ പ്രാര്‍ത്ഥന ഗാനാലാപത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.

സംഗമം പ്രസിഡന്റ് ശ്രീ.ജോസഫ് വര്‍ക്കി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സെക്രട്ടറി ജോണിക്കുട്ടി സഖറിയാസ് സ്വാഗതം ആശംസിച്ചു. യുക്മ ജനറല്‍ സെക്രട്ടറിയും സംഗമത്തിലെ കുടുംബാഗവുമായ ശ്രീ. റോജിമോന്‍ വര്‍ഗീസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ. സി.എ.ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജോയിന്റ് സെക്രട്ടറി ശ്രീ. ജോമോന്‍ ജേക്കബ് മുഖ്യാഥിതിയായി എത്തിയ  ശ്രീ. ജി.വേണുഗോപാലിനും വളരെ തിരക്കിനിടയിലും തത്സമയം ആശംസകള്‍ നേര്‍ന്ന മുന്‍ മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ ചാണ്ടി, ശ്രീ ജോസ്.കെ.മാണി എം പി എന്നിവര്‍ക്കും സംഗമത്തില്‍ പങ്കെടുത്ത മുഴുവന്‍ കുടുംബാഗങ്ങള്‍ക്കും നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരവും വിനോദപരവുമായ വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ട് സംഗമം സമ്പന്നമായി. ദമ്പതികളായ ബേബി എബ്രാഹാമിന്റെയും ആലീസ് ബേബിയുടെയും നേതൃത്വത്തില്‍ സംഗമത്തിലെ ദമ്പതികളെ പങ്കെടുപ്പിച്ചു നടത്തിയ വിനോദ – ഹാസ്യ പരിപാടി ഏവരുടെയും മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി.

വളര്‍ന്നു വരുന്ന ഗായിക സിനി മാത്യുവിനോടൊപ്പം പിതാവും ഗായകനുമായ ഷാജിമോന്‍ മാത്യുവും ചേര്‍ന്ന് ആലപിച്ച ഗാനം ഏറെ ഹൃദ്യമായിരുന്നു. മോളി ടോമി, മേഴ്‌സി ബിജു, അജയ് ബോബി, ജെസ്വിന്‍ ജോസഫ്, അലന്‍ റോയ്, സാനിയ ഫെലിക്‌സ്, സ്‌നേഹ ഫെലിക്‌സ് എന്നിവരുടെ ഗാനങ്ങളും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. നയനാനന്ദകരമായ നൃത്തങ്ങള്‍ അവതരിപ്പിച്ച തുഷാര സതീശനും ദേവികാ വേലായുധനും കാണികളെ വിസ്മയഭരിതരാക്കി. കുരുന്നു കലാകാരി ജെന്നിഫര്‍ ജയിംസ് ‘ജിമിക്കി കമ്മല്‍’ എന്ന ഗാനത്തിന് നൃത്തച്ചുവടുകളുമായി അപ്രതീക്ഷിതമായി വേദിയില്‍ എത്തിയപ്പോള്‍ സദസ്സ് ഒന്നടങ്കം താളാത്മകമായി നൃത്തം ചെയ്തു.

കുടുംബാഗങ്ങള്‍ പരസ്പരം പരിചയപ്പെട്ടും സൗഹൃദങ്ങള്‍ പങ്കുവെച്ചും വര്‍ണ്ണശബളമായ കലാപരിപാടികള്‍ ആസ്വദിച്ചും സംഗമത്തെ കൂടുതല്‍ ധന്യമാക്കി. മികച്ച അവതരണ ശൈലിയില്‍ തുടക്കം മുതല്‍ അവസാനം വരെ മുഴുവന്‍ പരിപാടിയുടെയും ആംഗറിങ്ങ് നടത്തിയ റാണി ജോജിയുടെ പ്രകടനം പ്രശംസനീയമായിരുന്നു. 3-ാമത് സംഗമം 2019 ജൂണ്‍ 29, 30 തീയതികളിലായി നടത്തുവാനും തീരുമാനിച്ചു. ദേശീയഗാനാലാപനത്തോടെ സംഗമം സമംഗളം പര്യവസാനിച്ചു.

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക